ADVERTISEMENT

കോഴിക്കോട് ∙ ബിഹാറിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ പൊലീസുകാർക്കു മടക്കയാത്ര ദുരിതയാത്ര. ഇന്നലെ വൈകിട്ട് പട്നയിൽ നിന്നു തുടങ്ങിയ യാത്ര മറ്റൊരു ‘വാഗൺ ട്രാജഡി’ ആവുമെന്ന ഭയത്തിലാണ് പൊലീസുകാരും ബന്ധുക്കളും. പട്ന എറണാകുളം എക്സ്പ്രസിൽ 114 പേർക്ക് മാത്രം ഇരിക്കാവുന്ന ജനറൽ കംപാർട്മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച് കൊണ്ടുവരുന്നത്. 3 ദിവസത്തെ യാത്രയാണ് ഇവർക്കു മുന്നിലുള്ളത്.

ബിഹാറിൽ മാവോയിസ്റ്റ്, ബൂത്ത് പിടിത്ത സാധ്യതകളുള്ള ബൂത്തുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു വരുന്നവരാണ് പൊലീസുകാർ. കടുത്ത ചൂടിൽ തുടർച്ചയായ ജോലി കഴിഞ്ഞു ക്ഷീണിതരായി വരുന്ന പൊലീസുകാർക്ക് ഒന്നു കിടന്നുറങ്ങാൻ പോലും കഴിയില്ല. പൊലീസുകാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റ് നൽകാനുള്ള സൗമനസ്യം പോലും തിരഞ്ഞെടുപ്പ് കമ്മിഷനോ പട്ടാള നേതൃത്വമോ കാണിച്ചില്ലെന്ന് പൊലീസുകാർ പറയുന്നു. ജനറൽ കംപാർട്മെന്റായതിനാൽ ടിക്കറ്റെടുത്ത് സാധാരണ യാത്രക്കാരും ഇടിച്ചുകയറുന്നുണ്ട്. സിആർപിഎഫിനു കീഴിലാണ് കേരളത്തിൽ നിന്നുള്ള കെപി–1, കെപി 5 ബറ്റാലിയനുകളെ ബിഹാറിലേക്ക് കൊണ്ടുപോയത്. കോട്ടയത്തു നിന്നുള്ളവരാണ് കെപി–5 ബറ്റാലിയൻ‍. കെപി–1 ൽ എറണാകുളം കേന്ദ്രീകരിച്ചുള്ള പൊലീസ് സേനയാണ്.

ലക്ഷദ്വീപിലെ ഡ്യൂട്ടിക്കു ശേഷം കേരളത്തിലെ തിരഞ്ഞെടുപ്പ് ജോലികളും ചെയ്തവരാണ് വിശ്രമമില്ലാതെ ബിഹാറിലേക്ക് പോയത്. ഇവർ ഏപ്രിൽ 26 ന് തൃശൂരിൽ നിന്നാണ് യാത്ര തിരിച്ചത്. 4 ദിവസം പല സ്ഥലങ്ങളിലൂടെ കറങ്ങിയാണ് ഏപ്രിൽ 30ന് ബിഹാറിൽ ഇവരെ എത്തിച്ചത്. അന്നും ഇവർക്ക് ജനറൽ കംപാർട്മെന്റാണ് നൽകിയിരുന്നത്. തിരിച്ചുവരുമ്പോൾ ക്ഷീണിതരായിരിക്കുമെന്നും സ്ലീപ്പർ ക്ലാസെങ്കിലും ഒരുക്കണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും തിരഞ്ഞെടുപ്പ് കമ്മിഷനും സിആർപിഎഫും തള്ളിക്കളഞ്ഞതായി പൊലീസുകാർ പറയുന്നു. 25ന് രാവിലെയാണ് പൊലീസ് സംഘം നാട്ടിലെത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com