ADVERTISEMENT

പരിയാരം (കണ്ണൂർ) ∙ പിലാത്തറ യൂപി സ്കൂളിലെ കള്ളവോട്ടിനെതിരെ പരാതിപ്പെട്ട യുവതിയുടെയും യുഡിഎഫ് ബൂത്ത് ഏജന്‍റായി പ്രവർത്തിച്ച കോൺഗ്രസ് നേതാവിന്‍റെയും വീടുകൾക്കു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്നു പേരെ പൊലീസ് ചോദ്യം ചെയ്തു. രണ്ടു പേർ പൊലീസ് നിരീക്ഷണത്തിലാണ്. ബോംബുകൾ പ്രാദേശികമായി നിർമിച്ചവയല്ലെന്നും, ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണു പ്രാഥമിക നിഗമനം.

ഉൾപ്രദേശത്തെ റോഡിനു സമീപത്തെ വീടുകളായതിനാൽ അക്രമികളുടെ വാഹനങ്ങൾ തിരിച്ചറിയാൻ പാകത്തിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ല. എങ്കിലും ചില സൂചനകളുടെ അടിസ്ഥാനത്തിൽ, അക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്താൻ പൊലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്. ജില്ലയിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ തുടർച്ചയായി നടന്നിരുന്ന പ്രദേശങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അക്രമത്തിന് ഉപയോഗിക്കുന്ന തരം മാരകശക്തിയുള്ള ബോംബാണു പിലാത്തറയിലെ വീടുകൾക്കു നേരെ എറിഞ്ഞതെന്നു ബോംബ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. പിലാത്തറയിൽ നിർമിച്ചതല്ലെന്നാണു നിഗമനം. ജില്ലയിൽ ബോബ് നിർമിക്കുന്ന രണ്ടു പ്രധാന പ്രദേശങ്ങളിലും പൊലീസ് അന്വേഷിക്കുന്നുണ്ട്.

റീപോളിങ് നടന്ന ദിവസം പാതിരാത്രിയാണ് പിലാത്തറ സി.എം.നഗറിലെ കെ.ജെ.ഷാലറ്റ്, ബൂത്ത് ‍യുഡിഎഫ് എജന്‍റ് പുത്തൂരിലെ വി.വി.ടി.പത്മനാഭൻ എന്നിവരുടെ വീടുകൾക്കു നേരെ ബോംബേറുണ്ടായത്. സിപിഎം പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന പത്മനാഭന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചില പ്രാദേശിക സിപിഎം പ്രവർത്തകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. രണ്ടു വീടും ആക്രമിച്ചത് ഒരേ സംഘത്തിൽപ്പെട്ടവരാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മാസം മുൻപ് ശബരിമല വിഷയത്തിൽ ബിജെപി പ്രവർത്തകന്‍റെ പിലാത്തറയിലെ കടയ്ക്കു നേരെയും കടന്നപ്പള്ളിയിലെ വീടിനു നേരെയും ബോംബെറിഞ്ഞതും ഇതേ സംഘം തന്നെയെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com