ADVERTISEMENT

കണ്ണൂർ∙ വടകരയിൽ പാർട്ടി മുൻ ജില്ലാ സെക്രട്ടറിക്കെതിരെ മൽസരിച്ച വിമത സിപിഎം നേതാവിനു നേരെ തലശ്ശേരിയിലുണ്ടായതു പെരിയ മോഡൽ ആക്രമണം. പാർട്ടി വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരനെ അപായപ്പെടുത്തിയ രീതിയോടും സമാനതകളേറെ. തലശ്ശേരി മുൻ നഗരസഭാംഗവും സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താൻ തന്നെയായിരുന്നു ആക്രമണമെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ 18നു രാത്രി ഏഴരയോടെ നോമ്പു തുറന്നശേഷം ഗേൾസ് സ്കൂൾ റോഡ് വഴി, സുഹൃത്തും മുൻ എസ്എഫ്ഐ നേതാവുമായ സി.എച്ച്. നൗറിഫിനൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണു നസീർ ആക്രമിക്കപ്പെട്ടത്. സ്റ്റേഡിയം പള്ളിക്കു പിന്നിൽ ദിവസവും വൈകിട്ട് സുഹൃത്തുക്കളുമായി ഒത്തുചേരുകയും മീൻപിടിക്കുകയും ചെയ്യുന്നതു നസീറിന്റെ വിനോദമായിരുന്നു. അവിടെനിന്നു വീട്ടിലേക്കുള്ള റോഡിൽ നസീർ ഒറ്റയ്ക്കാകും യാത്ര. അല്ലെങ്കിൽ സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾ മാത്രം ഒപ്പമുണ്ടാകും. അതു കൃത്യമായി മനസ്സിലാക്കിയ അക്രമി സംഘം സ്റ്റേഡിയം പള്ളി മുതൽ നസീറിനെ പിന്തുടർന്നിരുന്നുവെന്നാണു പൊലീസ് കരുതുന്നത്. ന്യൂനപക്ഷ സമുദായം കൂടുതലുള്ള പ്രദേശത്തുവച്ചാണു വധിക്കാൻ ശ്രമം നടന്നത്. നോമ്പുതുറയുടെ സമയത്ത് എല്ലാവരും വീടുകളിലോ പള്ളികളിലോ ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആക്രമിക്കാൻ ആ സമയം തിരഞ്ഞെടുത്തതെന്നാണു നിഗമനം.

കൃത്യം നടത്തിയ രീതിയിലാണു പെരിയ ഇരട്ടക്കൊലപാതകവുമായുള്ള സമാനത. വൈകുന്നേരത്തെ യാത്ര നിരീക്ഷിക്കുക, തക്കം നോക്കി പിന്തുടരുക, വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഒപ്പം അധികം ആളുണ്ടാകില്ലെന്നു കണക്കുകൂട്ടുക, ബൈക്ക് ഇടിച്ചു വീഴ്ത്തുക, ഒപ്പമുള്ളയാളെയും ആക്രമിക്കുക എന്നിവയിലെല്ലാം പെരിയ മോഡലാണു പിന്തുടർന്നത്. പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാവ് ശരത് ലാൽ വീട്ടിലേക്കു മടങ്ങുന്ന സമയം നിരീക്ഷിച്ചായിരുന്നു ആക്രമണം. കൃപേഷ് ഓടിച്ച ബൈക്കിൽ പിന്നിലിരുന്ന ശരത് ലാലിനെ ആദ്യം ആക്രമിക്കാൻ ശ്രമിക്കുകയും പിന്നീട് ബൈക്ക് മറിച്ചിട്ട് ഇരുവരെയും ആക്രമിച്ചു കൊലപ്പെടുത്തുകയുമാണു ചെയ്തത്. തലശ്ശേരിയിൽ കൊലപാതകം നടന്നില്ല എന്നതു മാത്രമാണു വ്യത്യാസം. ഒഴിഞ്ഞുമാറിയതിനാലും ഓടി രക്ഷപ്പെട്ടതിനാലും നൗറിഫിനു കാര്യമായ പരുക്കുമേറ്റില്ല.

സിപിഎം വിമതനായ ടി.പി. ചന്ദ്രശേഖരനെതിരെ ഒഞ്ചിയത്തുണ്ടായിരുന്നതിനു സമാനമായ കൊലവിളിയും ഭീഷണിയും നസീറിനു നേർക്കുമുണ്ടായിരുന്നു. പാ‍ർട്ടിയിൽ വിമതസ്വരം ഉയർത്തുകയും പ്രാദേശികമായി സമാന ചിന്താഗതിക്കാരെ സംഘടിപ്പിക്കുകയും ചെയ്തതു മുതൽ പാർട്ടിയുടെ ചില പ്രാദേശിക നേതാക്കൾക്കു കണ്ണിലെ കരടായിരുന്നു നസീർ. വടകരയിൽ മത്സരത്തിനിറങ്ങിയതു പാർട്ടി പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു. പ്രചാരണത്തിനിടെ രണ്ടുവട്ടം നസീറിനെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. ഭീഷണി കോളുകൾ വരുന്നതായി നസീർ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. വിമതനായി പുറത്തുപോയി പുതിയ പാർട്ടിയുണ്ടാക്കി സിപിഎമ്മിനെ വെല്ലുവിളിച്ചപ്പോഴാണ് പാർട്ടിയിൽ ഒരു വിഭാഗം ടി.പി.ചന്ദ്രശേഖരനു വധശിക്ഷ വിധിച്ചത്. സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത് ആരെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. നസീറിന്റെയും നൗറിഫിന്റെയും മൊഴിയെടുത്തു എന്നതിനപ്പുറത്തേക്ക് അന്വേഷണം നീണ്ടിട്ടുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com