ADVERTISEMENT

ആലപ്പുഴ∙ റോഡരികിലെ അശ്രദ്ധയുടെ ഇരുമ്പു പൈപ്പ് കെടുത്തിക്കളഞ്ഞത് അഞ്ജുവിന്റെ ഒരു കണ്ണിന്റെ വെളിച്ചം. പടുത വലിച്ചുകെട്ടാൻ റോഡരികിലെ ബേക്കറിക്കു മുന്നിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന പൈപ്പ് ബസിൽ യാത്ര ചെയ്തിരുന്ന അഞ്ജുവിന്റെ കണ്ണിൽ തുളച്ചു കയറുകയായിരുന്നു. അഞ്ജു യാത്ര ചെയ്തിരുന്ന കെഎസ്‌ആർടിസി ബസ് മറ്റൊരു വാഹനം കടന്നുപോകാൻ വശത്തേക്ക് ഒതുക്കിയപ്പോഴായിരുന്നു അപകടം.

ബേക്കറിയിലേക്ക് വെയിൽ അടിക്കാതിരിക്കാൻ പടുത വലിച്ചു കെട്ടിയ 8 അടിയോളം നീളമുള്ള പൈപ്പിന്റെ അറ്റമാണ് കണ്ണിൽ തുളച്ചു കയറിയത്. അപകടം നടന്നിട്ട് 15 ദിവസമായി. കണ്ണിൽ രണ്ടു ശസ്ത്രക്രിയ കഴിഞ്ഞു. മുറിവു കരിഞ്ഞ ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി നോക്കാമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറയുന്ന‌ത്. ചെങ്ങന്നൂർ കുമ്പിൾനിൽക്കുന്നതിൽ ജോയിയുടെയും അമ്മിണിയുടെയും ഇളയ മകളായ അഞ്ജു(24) ചങ്ങനാശേരി അംബ ആയുർവേദ ആശുപത്രിയിലെ നഴ്സാണ്. ഈ മാസം ഏഴിന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരും വഴി എംസി റോഡിൽ ചെങ്ങന്നൂർ നഗരത്തിലായിരുന്നു അപകടം.

ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു തൊട്ടു മുൻപ് അപകടമുണ്ടായതു മാത്രം അഞ്ജുവിന് ഓർമയുണ്ട്. ഇടയ്ക്കു ബോധം വന്നപ്പോൾ അവൾ പറഞ്ഞു. ‘അമ്മയെ ഇപ്പോൾ എന്റെ മുഖം കാണിക്കരുത്. സഹിക്കാനാകില്ല, ഹൃദ്രോഗിയാണ്.’ കൂലിപ്പണിക്കാരനായ അച്ഛൻ കടം വാങ്ങിയാണ് ചികിത്സ നടത്തുന്നത്. ഓരോ വട്ടവും പരിശോധനയ്ക്കു പോകാനും മരുന്നുകൾക്കും നല്ല ചെലവുണ്ട്. ജോലിക്കു പോകാ‍ൻ കഴിയാത്തതിനാൽ ആ വരുമാനവുമില്ല. ഒരു ലക്ഷം രൂപയോളം ഇതുവരെ ചെലവായി.’

അഞ്ജു കൂടി പങ്കാളിയായ ജനാധിപത്യ പ്രക്രിയയുടെ ഫലം ഇന്നു വരുമ്പോൾ, അവളുടെ ഒരു വശത്ത് ഇരുട്ടാണ്. രാഷ്ട്രീയക്കാരോ അപകടത്തിനു കാരണമായവരോ ഉദ്യോഗസ്ഥരോ ഇന്നുവരെ കാണാൻപോലും വന്നിട്ടില്ല. ബേക്കറി ഉടമയ്ക്കും ബസ് ഡ്രൈവർക്കും എതിരെ ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തതല്ലാതെ മറ്റു നടപടികളൊന്നുമില്ല.

കഴിഞ്ഞ മാസം 3ന് ആയിരുന്നു അഞ്ജുവിന്റെ വിവാഹനിശ്ചയം. സെപ്റ്റംബറിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. പ്രതിശ്രുതവരൻ മുബൈയിൽ പുതിയ ജോലിക്കു പ്രവേശിച്ച സമയത്താണ് അഞ്ജുവിന് അപകടമുണ്ടായത്. അതുകൊണ്ട് നാട്ടിലെത്തി അഞ്ജുവിനെ കാണാനായിട്ടില്ല. ഫോണിൽ സംസാരിക്കും. ഇരുട്ടിലായ പകുതിക്കു വെളിച്ചമായി ഞാനുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്ക് അഞ്ജുവിനു ധൈര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com