ADVERTISEMENT

ആലപ്പുഴ ∙ കെഎസ്‌‍യു നേതാവിന്റെ ചികിത്സയ്ക്കായി രാഷ്ട്രീയ വേർതിരിവു മറന്ന് എസ്എഫ്ഐ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന് കയ്യടിയുമായി നാട്. വൃക്കരോഗ ബാധിതനായ കെഎസ്‌യു നേതാവ് കായംകുളം പെരിങ്ങാല മഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ(22) ചികിത്സയ്ക്ക് രാഷ്ട്രീയ പക്ഷങ്ങളില്ലാതെയാണ് സഹായമെത്തുന്നത്. എംപിയെന്ന നിലയിലുള്ള തന്റെ അവസാന മാസത്തെ ശമ്പളം റാഫിയുടെ ചികിത്സയ്ക്കു നൽകുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹൈബി ഈഡൻ എംഎൽഎ, യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം തുടങ്ങിയവർ സഹായവാഗ്ദാനം നൽകി. റാഫിക്ക് സഹായമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയതായി എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ്‌ലാൽ പറഞ്ഞു. പ്രവർത്തകരിൽ നിന്നു പണം ശേഖരിക്കുന്നതിനൊപ്പം ബുക്ക് വിൽപന നടത്തി പണം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.

കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച തുകയുടെ ആദ്യഗഡു ഡിസിസി പ്രസിഡന്റ് എം.ലിജു റാഫിക്ക് കൈമാറി. കായംകുളം മണ്ഡലം യൂത്ത് കോൺഗ്രസ്–കെഎസ്‌യു ഫെയ്സ്ബുക്ക് കൂട്ടായ്മ 5 ലക്ഷം രൂപ വരെ സമാഹരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ തുക കൂടി സ്വരൂപിച്ച് റാഫിക്ക് കൈമാറുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് പറഞ്ഞു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് റാഫിക്കു രോഗം സ്ഥിരീകരിച്ചത്. എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. രോഗം കാഴ്ചയെ ബാധിക്കുന്നുണ്ട്.

സ്വന്തമായി വീടില്ലാത്തതിനാൽ ഉമ്മ റഹിയാനത്തിനൊപ്പം വാടകവീട്ടിലാണ് റാഫിയുടെ താമസം. സ്വന്തമായൊരു വീടും ജോലിയും റാഫിയുടെ സ്വപ്നമാണ്. ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 10540100300824. ഐഎഫ്എസ്‌സി: FDRL0001054. ഫോൺ: 90481 00377. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com