ADVERTISEMENT

തിരുവനന്തപുരം∙ പൊലീസുകാരുടെ തപാൽ ബാലറ്റ് വിവാദത്തിനു പിന്നാലെ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പൊലീസ് അസോസിയേഷൻ ശ്രമിക്കുന്നതായി ആരോപണം. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള സംഘത്തിൽ പുറത്തുള്ളവരെ നിയോഗിച്ചു പുതിയ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതായി പൊലീസുകാർ ആരോപിച്ചു.

നേരത്തെ കോൺഗ്രസ് അനുകൂല വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു സംഘം ഭരണസമിതി. എന്നാൽ പൊതുയോഗത്തിൽ അജണ്ട പാസായില്ല എന്നാരോപിച്ചു 2017 ഡിസംബറിൽ ഭരണസമിതി സർക്കാർ പിരിച്ചുവിട്ടു. ഇതിനെതിരെ സമിതി ഹൈക്കോടതിയെ സമീപിച്ചു. സംഘം വൈസ് പ്രസിഡന്റായിരുന്ന ആർ.ജി.ഹരിലാലിനെ കോടതി അധ്യക്ഷനാക്കി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചു. പിന്നീടു സംഘം സെക്രട്ടറിയുടെ കീഴിലായി 6 മാസം ഭരണം.

തുടർന്നു  തിരഞ്ഞെടുപ്പിനായി  ഹൈക്കോടതി ഉത്തരവു പ്രകാരം അസി.റജിസ്ട്രാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഇതിനിടെ കഴിഞ്ഞ ഭരണസമിതി വിതരണം ചെയ്ത തിരിച്ചറിയൽ കാർഡുകൾ റദ്ദാക്കാൻ സഹകരണ വകുപ്പു ജോയിന്റ് റജിസ്ട്രാർ ഉത്തരവിട്ടു. 2009ൽ വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ ഭരണസമിതി ബാർകോഡ് ഉള്ള കാർഡാണു വിതരണം ചെയ്തത്.

ഈ കാർഡുകൾ റദ്ദാക്കിയതിനെതിരെ മുൻ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജോയിന്റ് റജിസ്ട്രാറുടെ നടപടി ശരിവച്ചു. ഇതിനെതിരെ മുൻ ഭാരവാഹികൾ സുപ്രീം കോടതിയെ സമീപിച്ചു. ആ കേസ് പുരോഗമിക്കവേയാണ് ഇപ്പോൾ സിപിഎം അനുകൂല അസോസിയേഷൻ ഇടപെട്ടു പുതിയ തിരിച്ചറിയൽ കാർഡ് വിതരണത്തിനു നീക്കം തുടങ്ങിയത്. ജൂൺ 27നാണു തിരഞ്ഞെടുപ്പ്. സിപിഎം അനുകൂലികൾക്കു മാത്രമാണു പുതിയ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. ഇതിനായി അസോസിയേഷൻ നേതാക്കൾ നേരിട്ടു പൊലീസുകാരുടെ ഫോട്ടോ ശേഖരിച്ചു തുടങ്ങി. തിരിച്ചറിയൽ കാർഡുകൾ തയാറാക്കാൻ മുൻ അസോസിയേഷൻ നേതാവായ വിരമിച്ച എസ്ഐയെ  സംഘത്തിൽ നിയമിച്ചിട്ടുണ്ട്. ഇതറിഞ്ഞ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ.അജിത്തും മുൻ ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററെ സമീപിച്ചു നടപടി ചട്ടവിരുദ്ധമാണെന്ന് അറിയിച്ചു.

അതിനിടെ ഓഫിസിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയതോടെ ഇവർക്കെതിരെ മ്യൂസിയം പൊലീസ് കേസ് എടുത്തു. ഇവർ നൽകിയ പരാതിയിൽ കേസ് എടുത്തതുമില്ല. അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റ ശേഷം സംഘത്തിലെ 2 പേരെ പിരിച്ചു വിട്ടു തിരിച്ചറിയൽ കാർഡ് തയാറാക്കാൻ 2 പേരെ താൽകാലികമായി നിയമിച്ചതും ഇവർ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണു കേസ് എടുത്തതെന്നും പരാതി വ്യാജമാണെന്നും മുൻ നേതാക്കൾ പറഞ്ഞു. സംഘത്തിൽ നടന്ന കാര്യങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ ഇവർ സിറ്റി പൊലീസ് കമ്മിഷണറെ കാണിച്ചു ബോധ്യപ്പെടുത്തി. എന്നാൽ വിഷയത്തിൽ അസോസിയേഷൻ ഇടപ്പെട്ടതിനാൽ കമ്മിഷണർ ഇടപ്പെട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com