തിരുവനന്തപുരം ∙ അങ്ങനെ അവരും സർക്കാരിനെയും സിപിഎമ്മിനെയും പറ്റിച്ചു. ശബരിമല യുവതീപ്രവേശത്തിനായി രൂപംകൊണ്ട ‘നവോത്ഥാന കേരളം ശബരിമലയിലേയ്ക്ക്’ എന്ന കൂട്ടായ്മ ഇന്നലെ ഫെയ്സ്ബുക്കിൽ കുറിച്ചു: ‘‘ഞങ്ങളുടെ കൂട്ടായ്മയിൽ പലരും കോൺഗ്രസിന്റെ സീറ്റു വർധിപ്പിക്കാനാണു പ്രവർത്തിച്ചത്. തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതുപക്ഷത്തിനു നൽകിയിരുന്ന ആറായിരത്തോളം വോട്ടുകൾ ശശി തരൂരിനു വേണ്ടി സമാഹരിച്ചു. ബിജെപിക്കെതിരെ കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ നടത്തിയ ഞങ്ങളുടെ ശ്രമത്തിന്റെ ഫലം മാത്രമാണ് ഇൗ തിരഞ്ഞെടുപ്പു ഫലം’’.
കൂട്ടായ്മയുടെ നിലപാടു മാറ്റത്തിൽ പ്രതിഷേധിച്ച്, ശബരിമല യുവതീപ്രവേശത്തിനായി നിലകൊണ്ട നൂറുകണക്കിനു പേർ ഫെയ്സ്ബുക് പോസ്റ്റിനെതിരെ വിമർശനം ചൊരിയുകയാണ്. സുപ്രീംകോടതി വിധിക്കു പിന്നാലെയാണു ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന പ്രചാരണവുമായി ഇൗ കൂട്ടായ്മ രൂപപ്പെട്ടത്. 2 യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിന്റെ വിഡിയോ ആദ്യമായി പുറത്തുവിട്ടതും ഇൗ കൂട്ടായ്മയാണ്. വനിതാ മതിൽ സംഘടിപ്പിക്കാനും ശബരിമലയിലേക്കു പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ഒന്നിപ്പിക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ പ്രചാരണവും നടത്തി.
എന്നാൽ, ശബരിമല വിഷയത്തിൽ തിരിച്ചടി ഭയന്നു വോട്ടെടുപ്പിനു മുൻപ് സർക്കാരും എൽഡിഎഫും പിന്തുണ തേടി നെട്ടോട്ടമോടിയപ്പോൾ ഇൗ കൂട്ടായ്മ കോൺഗ്രസിനു വേണ്ടി വോട്ടു പിടിക്കുകയായിരുന്നെന്നാണു പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. സിപിഎമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ലെന്നും ശബരിമല വിഷയത്തിൽ ബിജെപിക്കെതിരായ നിലപാടുള്ളവർ സിപിഎമ്മിനല്ല മറിച്ച്, കോൺഗ്രസിനാണ് വോട്ടു ചെയ്തതെന്നും ഇവർ വ്യക്തമാക്കുന്നു.