ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മാത്രം പിടിച്ച വോട്ട് മുന്നണിയാകെ ശ്രമിച്ചിട്ടും സമാഹരിക്കാൻ കഴിയാഞ്ഞ നാണക്കേടിൽ എൽഡിഎഫ്. കോൺഗ്രസിനു മാത്രം ലഭിച്ചത് 37.27% വോട്ടാണ്. എൽഡിഎഫിനു ലഭിച്ചത് അതിലും 2 ശതമാനം താഴെ: 35.15%. സിപിഎമ്മും കോൺഗ്രസും 16 സീറ്റുകളിൽ വീതം മത്സരിപ്പോഴാണ് ഈ അന്തരം. ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫ്– എൽഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ 10 ശതമാനത്തിലേറെ വ്യത്യാസമുണ്ട്. ആലത്തൂർ (16%) ,ചാലക്കുടി (13%), എറണാകുളം (17%), ഇടുക്കി (19%), കൊല്ലം (15%), കോട്ടയം (12%), തിരുവനന്തപുരം (16%).

രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ‍ 40 ശതമാനത്തോളം വോട്ടാണു കൂടുതൽ. ഈ അന്തരമാണു സിപിഎം നേതൃത്വത്തെ കുഴപ്പിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പു ചരിത്രമെടുത്താൽ മുന്നണികൾ തമ്മിൽ ചെറിയ വ്യത്യാസമായിരിക്കും ഉണ്ടാവുക. ഏറിയ പങ്കു സീറ്റുകൾ ഏതെങ്കിലും ഒരു മുന്നണി നേടുമ്പോഴും എതിർമുന്നണി തീർത്തും താഴ്ന്ന വോട്ടുവിഹിതത്തിലേക്കു പതിക്കാറില്ല. അതുകൊണ്ടു തന്നെ സീറ്റു കുറഞ്ഞാലും വോട്ടു ചൂണ്ടിക്കാട്ടി പരാജയത്തെ ന്യായീകരിക്കുന്ന രീതി സിപിഎം പിന്തുടരാറുമുണ്ട്.

തോൽക്കുന്ന ഘട്ടത്തിൽപ്പോലും കണക്കിലെ ഈ കളി ഉപയോഗിച്ച് ജയിച്ചതു യാഥാർഥത്തിൽ പാർട്ടിയാണെന്നു വരുത്തിത്തീർക്കുന്ന വൈദഗ്ധ്യം സിപിഎം കാഴ്ചവച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ അതിനൊന്നും കഴിയാത്ത പ്രതിസന്ധിയാണു നേതൃത്വത്തെ തുറിച്ചുനോക്കുന്നത്. സീറ്റും വോട്ടും ഒരു പോലെ ഒലിച്ചുപോയതിന്റെ നടുക്കം അവരെ വിട്ടൊഴിയുന്നുമില്ല. പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടുവെന്നു പെട്ടെന്നു തന്നെ നേതൃത്വം തിരിച്ചറിഞ്ഞതും ഈ വൻചോർച്ചകൊണ്ടാണ്.

ശബരിമലയിൽ ഇടതുപക്ഷത്തിനു കൈ പൊള്ളിയോ?, വിഡ‍ിയോ സ്റ്റോറി കാണാം...

പാരമ്പര്യ വോട്ടുകളിലെ ഒഴുക്കാണു ബംഗാളിൽ ആദ്യ അപായമണി മുഴക്കിയത് എന്നതും നേതൃത്വം മനസ്സിലാക്കുന്നു. ബിജെപിയുടെ വിജയം തടയാൻ കഴിഞ്ഞുവെന്നതു മാത്രമാണ് ആശ്വാസമായി ഇപ്പോൾ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. അതു വിശ്വാസികളുടെ പിന്തുണ യുഡിഎഫിലേക്കു വഴിമാറിപ്പോയതുകൊണ്ടാണെന്നും പാർട്ടിക്കു ബോധ്യമുണ്ട്. 18% വരെ വോട്ടു വിഹിതം ബിജെപിക്കു കിട്ടാനിടയുണ്ടെന്നു സിപിഎം കണക്കുകൂട്ടിയെങ്കിലും അതുണ്ടായില്ല.

ചില മണ്ഡലങ്ങളി‍ൽ എൽഡിഎഫിനു കിട്ടിയിരുന്ന വോട്ടുകൾ ബിജെപിക്കും പോയിട്ടുണ്ടെന്ന നിഗമനവുമുണ്ട്. ബിജെപി വോട്ടുമറിക്കൽ പോലെയുള്ള ആരോപണങ്ങളൊന്നും സിപിഎം ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 1–19 തോൽവിയിൽ അത്തരം ന്യായങ്ങൾ യുക്തിസഹമല്ലെന്നു നേതൃത്വം തിരിച്ചറിയുന്നു. കനത്ത തോൽവി ആ അർഥത്തിൽതന്നെ കാണുന്നുവെന്ന സൂചനയാണു പാർട്ടി നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com