ADVERTISEMENT

കണ്ണൂർ ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ട് ചോർന്നുപോയതിന്റെ കാരണങ്ങൾ തേടി സിപിഎം. അക്രമരാഷ്‌ട്രീയം ഇതിനു കാരണമായോ, ഇത്ര വലിയ തിരിച്ചടി മുൻകൂട്ടി അറിയാൻ കഴിയാതിരുന്നതെന്തു കൊണ്ട് എന്നീ കാര്യങ്ങൾ പരിശോധിക്കും. യാഥാർഥ്യബോധമില്ലാത്ത കണക്കുകളാണു കീഴ്ഘടകങ്ങൾ നൽകിയത്.

50 ശതമാനത്തിലേറെ വോട്ടർമാരുടെ പിന്തുണയുണ്ടായിരുന്ന കണ്ണൂർ ജില്ലയിൽ വോട്ട് വിഹിതം 6.79 % ഇടിഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലായി എൽഡിഎഫ് പ്രതിനിധീകരിക്കുന്ന ഉദുമ, തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് ഒന്നാമതായി. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ, ധർമടം മണ്ഡലങ്ങളിൽ അവർ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.

ബിജെപി– മോദി വിരുദ്ധ വികാരം സൃഷ്‌ടിക്കുന്നതിൽ എൽഡിഎഫ് പ്രചാരണം വിജയം കണ്ടെങ്കിലും അതു വോട്ടായില്ലെന്നാണു വിലയിരുത്തൽ. അതിനുമപ്പുറം പാർട്ടി ഗ്രാമങ്ങളിലെ കുത്തക വോട്ടുകളിൽ പോലും ചോർന്നു. ഇതിനു ശബരിമല കാരണമേയല്ല എന്ന നിലപാടാണു പാർട്ടിക്ക്. എന്നാൽ അക്രമരാഷ്‌ട്രീയ കാരണമായിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടി വരും.

ജനങ്ങൾക്കു ഹിതകരമല്ലാത്ത ഒരു കാര്യത്തിലും പ്രവർത്തകർ ഇടപെടാൻ പാടില്ലെന്നു സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അടിക്കടി ഓർമപ്പെടുത്തിയിരുന്നു. കേരളത്തിലെ 50 % ആളുകളുടെ പോലും പിന്തുണ ആർജിക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞിരുന്നു. കൂടുതൽ ജനങ്ങളെ ആകർഷിക്കാൻ കഴിയാതിരിക്കുന്നതിന് അക്രമങ്ങൾ കാരണമാകുന്നുണ്ടെന്ന പരോക്ഷ സൂചന കൂടിയായിരുന്നു അത്. ഫലം വരും മുൻപാണ് കോടിയേരി ഇതു പറഞ്ഞതെങ്കിലും ഇപ്പോൾ അതു കൂടുതൽ പ്രസക്‌തമാകുന്നു.

ഇടതുപക്ഷത്തിന് ഇതെന്തുപറ്റി, വിഡിയോ സ്റ്റോറി കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com