ADVERTISEMENT

അതിവേഗം ലക്ഷ്യം നേടണമെന്ന തിടുക്കമില്ലാത്തയാളാണു വി. മുരളീധരനെന്ന് അടുപ്പമുള്ളവർ പറയും. ക്ഷമാപൂർവം കാത്തിരിക്കാൻ അദ്ദേഹം തയാറാണ്. അന്നുമിന്നും വി. മുരളീധരൻ സ്പ്രിന്ററായിരുന്നില്ല; ദീർഘദൂര ഓട്ടക്കാരനായിരുന്നു. കേരളത്തിലെ ബിജെപിയുടെ തലപ്പത്തെ മുൻകാല അത്‍ലിറ്റ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 10,000 മീറ്റർ ഓട്ടത്തിലും 24 കിലോമീറ്റർ നടത്തത്തിലും ചാംപ്യനായിരുന്നു പുലർച്ചെ 4ന് എഴുന്നേറ്റു പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന മുരളി. ഇന്നലെ അദ്ദേഹം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് 52 –ാമനായാണ്.

സ്പോർട്സ് കഴിഞ്ഞാൽ കമ്പം സംഘടനാപ്രവർത്തനത്തിൽ തന്നെ. കാഴ്ചയിൽ ഇന്നത്തെ മുരളിയല്ല അന്നത്തേത്. ഖദർ ഷർട്ടും മുണ്ടുമാണു വേഷം. താടി നീട്ടി വളർത്തിയിട്ടുണ്ടെന്നു മാത്രമല്ല, അതിന്റെ അറ്റത്ത് ഒരു കെട്ടുമുണ്ടാകും. തീർന്നില്ല, നഗ്നപാദനും.  ആർഎസ്എസ് പ്രചാരകനായി തുടരാൻ തന്നെ തീരുമാനിച്ചിരുന്നു അന്നു മുരളി. അധ്യാപികയായ ഡോ.കെ.എസ്. ജയശ്രീ വൈകിയാണു ഭാര്യയായി ജീവിതത്തിലേക്കു കടന്നുവരുന്നത്.

ഡൽഹിക്കാലം നൽകിയ കരുത്ത്

എബിവിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഡൽഹിയിലേക്കു രാഷ്ട്രീയ പ്രവർത്തനം പറിച്ചുനട്ടതാണു രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവ്. അന്നു വിദ്യാർഥി പരിഷത്തിൽ ഒപ്പവും താഴെയുമായി പ്രവർത്തിച്ചവരിലേറെയും ഇന്നു ബിജെപിയിലും ആർഎസ്എസിലും അതിശക്തരാണ്. ആർഎസ്എസിന്റെ സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും മുരളിയും ഒരേസമയത്ത് എബിവിപി നേതൃത്തിലുണ്ടായിരുന്നു. അക്കാലം മുതലുള്ള ദേശീയബന്ധങ്ങൾ മുരളിയെ സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലും ശക്തനാക്കി. ഇന്നലെ കേന്ദ്രമന്ത്രിപദത്തിലേക്കു മുരളിക്കു വഴിതുറന്നതും ആ ബന്ധങ്ങൾ തന്നെ. ദത്താത്രേയ ഹൊസബലെയ്ക്കു പുറമേ ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു, സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുടെ ഇടപെടൽ മുരളിക്കുവേണ്ടിയുണ്ടായി.

കേരളത്തിൽ നിന്നു  മുരളിയെ മാത്രമേ പരിഗണിക്കാവൂ എന്നു മുരളീധർ റാവുവും ബി.എൽ. സന്തോഷും കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ശക്തമായ സമ്മർദമാണു ചെലുത്തിയത്. സംസ്ഥാനത്തു നിന്നു കുമ്മനം രാജശേഖരൻ, അൽഫോൻസ് കണ്ണന്താനം, വി. മുരളീധരൻ, സുരേഷ് ഗോപി എന്നിവരുടെ പേരുകളാണു നരേന്ദ്ര മോദിയും അമിത്ഷായും പരിഗണിച്ചത്. ഗവർണർ പദവി വിട്ടൊഴിഞ്ഞു മത്സരത്തിനിറങ്ങിയ കുമ്മനത്തിനു തന്നെയായിരുന്നു ആദ്യഘട്ടത്തിൽ മുൻതൂക്കം. കേരളത്തിലെ ആർഎസ്എസ് നേതൃത്വവും കുമ്മനത്തിനു വേണ്ടി വാദിച്ചു. ഈ ഘട്ടത്തിലാണ് ഹൊസബലെയുടെയും മുരളീധർ റാവുവിന്റെയും ഇടപെടലുണ്ടായത്.

കേരളത്തിലെ മുരളി ഗ്രൂപ്പ്

2010 ൽ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള 5 വർഷം സംഘടനയെ സുശക്തമായി മുരളി കൊണ്ടുനടന്നതിന്റെ കൂടി ഫലമാണ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി കാഴ്ചവച്ച മികച്ച പ്രകടനമെന്ന് ആരാധകർ പറയും. സംസ്ഥാന അധ്യക്ഷപദത്തിൽ നിന്നു മാറിയശേഷം ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നേതൃത്വം കയ്യാളിവന്ന മുരളി, ഗ്രൂപ്പ് തർക്കങ്ങളിൽ പലപ്പോഴും വിവാദങ്ങളിൽപെട്ടു. എന്നാൽ, പാർട്ടിയിലും ആർഎസ്എസിലും അനുകൂലിക്കുന്നവർക്കിടയിലെ സ്വീകാര്യത കരുത്താക്കി അദ്ദേഹം നിലകൊണ്ടു. മുരളിപക്ഷം സംസ്ഥാനത്തു ദുർബലമാകുന്നുവെന്ന പ്രതീതി പരക്കുമ്പോഴാണ് രാജ്യസഭാംഗമായി തിരിച്ചടിച്ചത്.

വൈകാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയുടെ തിരഞ്ഞെടുപ്പു പ്രഭാരി പദവിയിലും നിയുക്തനായി. അതു കേരളത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്താനാണെന്നായി എതിരാളികളുടെ പ്രചാരണം. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ യോഗങ്ങളിൽ പ്രസംഗം പരിഭാഷപ്പെടുത്താനായി മുരളിയെത്തന്നെ ക്ഷണിച്ചു. തന്റെ പരിഭാഷാ ശൈലിയിൽ  പ്രധാനമന്ത്രിക്കു വിശ്വാസമുണ്ടെന്ന സന്തോഷം പങ്കുവയ്ക്കാറുണ്ടായിരുന്നു മുരളി. ഇപ്പോൾ മന്ത്രിസഭാംഗമെന്ന നിലയിലും മോദിയുടെ വിശ്വാസമാർജിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നു.

മുരളീധരൻ, സ്വിച്ച്ഡ് ഓൺ

ന്യൂഡൽഹി ∙ കേരളത്തിൽ നിന്ന് ഒരു എംപിയെപ്പോലും കിട്ടിയില്ലെങ്കിലും മന്ത്രിസഭയിൽ കേരളത്തിന് അർഹവും അനിവാര്യവുമായ പ്രാതിനിധ്യമായി വി. മുരളീധരൻ. മന്ത്രിയാകുമെന്ന സൂചനകൾ ലഭിച്ചതു മുതൽ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ അത് ഓണായി. പിന്നാലെ അമിത്ഷായുടെ വിളി വന്നു. ബിഷംബർദാസ് മാർഗിലെ സുവർണജയന്തി അപ്പാർട്മെന്റിലെ 401–ാം ഫ്ലാറ്റിൽ അതോടെ ആഹ്ലാദാരവമുയർന്നു. വൈകുന്നേരം 4.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിയുക്തമന്ത്രിമാർക്കായി ഒരുക്കുന്ന ചായ സൽക്കാരത്തിനെത്തണമെന്നായിരുന്നു അമിത് ഷായുടെ ക്ഷണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ഏതാനും നേതാക്കളും മുറിയിലുണ്ടായിരുന്നു.

മന്ത്രിയാകുമെന്ന വിവരമറിഞ്ഞതോടെ മാധ്യമങ്ങളും എത്തി. അപ്പോഴേയ്ക്ക് അഭിനന്ദനങ്ങളെത്തിത്തുടങ്ങി. വൈകുന്നേരം നാലേകാലോടെ ലോക്‌കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ‘മെംബർ ഓഫ് പാർലമെന്റ്’ എന്നെഴുതിയ നീലക്കാറിൽ മുരളീധരൻ പുറപ്പെട്ടു. മന്ത്രിയായി തിരിച്ചു വരാൻ.

∙ 'ഏതു വകുപ്പു ലഭിച്ചാലും കേരളത്തിനു നേട്ടമാണ്. സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾ കാരണം കേരളത്തിന് ലഭിക്കാതെ പോകുന്ന വികസന പദ്ധതികൾ നടത്തിയെടുക്കാനുതകുന്ന അവസരമാണിത്' - വി. മുരളീധരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com