ADVERTISEMENT

തൃശൂർ ∙ എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വർണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വർണ ബിസ്കറ്റ് വിൽപന... സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണത്തിൽ സംശയനിഴലിലുള്ള ‍ഡ്രൈവർ അർജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനൽ കേസുകൾ. 3 വർഷം മുൻപ് പാലക്കാട്, തൃശൂർ ജില്ലകളിലെ 2 എടിഎം കൗണ്ടറുകൾ തകർത്ത് പണം കവരാൻ ശ്രമിച്ച കേസിൽ നിഴൽ പൊലീസിന്റെ പിടിയിലായപ്പോഴാണ് അർജുന്റെ ക്രിമിനൽ പശ്ചാത്തലം ആദ്യം വെളിപ്പെട്ടത്. പിടിക്കപ്പെടാൻ ഏറെ സാധ്യത ഉണ്ടെന്നിരിക്കെ എന്തിന് എടിഎം മോഷണത്തിനു ശ്രമിച്ചെന്നു പൊലീസ് ചോദിച്ചപ്പോൾ അർജുൻ നൽകിയ മറുപടി ഇങ്ങനെ: ‘ഒറ്റത്തവണ ശ്രമം വിജയിച്ചാൽ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ..’

തൃശൂർ പാട്ടുരായ്ക്കൽ കുറിയേടത്തുമനയിൽ അർജുൻ എൻജിനീയറിങ് പഠനകാലത്താണ് എടിഎം കവർച്ചാ കേസിൽ പൊലീസിന്റെ പിടിയിലാകുന്നത്. ഒട്ടേറെ സംഗീത വിഡിയോ ആൽബങ്ങളിൽ നായകനായി അഭിനയിച്ച ആറ്റൂർ സ്വദേശി ഫസിലിനൊപ്പം പ‌ാഞ്ഞാളിലും ലക്കിടിയിലുമാണ് അർജുൻ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയിൽ ആയിരുന്നു ആദ്യ കവർച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാഞ്ഞാളിലെ എസ്ബിഐ എടിഎം തകർക്കാൻ ശ്രമിച്ചത് ഫെബ്രുവരി 25ന്. ഇരു സംഭവങ്ങളിലെയും സമാനതകൾ അർജുനെ പൊലീസ് പിടിയിലാക്കി.

ഗൾഫിൽ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വർണം വിപണി വിലയേക്കാൾ കുറവിൽ വിൽക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതിൽ നിന്നാണ് അർജുൻ ഉൾപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളർച്ചയുടെ തുടക്കം. തട്ടിക്കപ്പെട്ട വ്യവസായികൾ പരാതി നൽകാൻ വിമുഖത കാട്ടിയതു മൂലം ഇവർ കേസുകളിൽപ്പെട്ടില്ല. ഒടുവിൽ സ്വർണം വാങ്ങാൻ താൽപര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് സമീപിച്ചാണ് പൊലീസ് അർജുനെ കുടുക്കുന്നത്.

കുറുക്കു വഴികളിലൂടെ പണമുണ്ടാക്കുന്നതായിരുന്നു അർജുന്റെയും സംഘത്തിന്റെയും രീതി. നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നൽകാൻ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അർജുനും സംഘവും പലരിൽ നിന്നും പണം തട്ടാൻ ശ്രമിച്ചു. കോടികൾ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്.

ഡോക്ടർമാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം ∙ ബാലഭാസ്കർ അപകടത്തിൽപ്പെട്ട് ചികിൽസയിൽ കഴിഞ്ഞപ്പോഴുള്ള വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കാൻ‌ ക്രൈംബ്രാഞ്ച് തീരുമാനം. അപകടത്തിനു ശേഷം ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിൽ സഹായങ്ങൾ ചെയ്തിരുന്നതു പ്രകാശ് തമ്പിയുടെ നേതൃത്വത്തിലായിരുന്നു. അപ്പോൾ എത്തിയ സന്ദർശകരെക്കുറിച്ചും മറ്റും അന്വേഷിക്കും. ഇതുവരെയുള്ള അന്വേഷണത്തിൽ അപകടത്തെ പ്രകാശ് തമ്പിയുമായി ബന്ധിപ്പിക്കുന്നതും ദുരൂഹത ഉറപ്പാക്കുന്നതുമായ തെളിവുകളൊന്നും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com