sections
MORE

വിമാനം റൺവേ തൊട്ടപ്പോൾ കണ്ണുനിറഞ്ഞു; കൊച്ചിയുടെ ആകാശാഭിമാനത്തിന് 20 വർഷം

Kochi-Airport
കൊച്ചി വിമാനത്താവളം. ചിത്രം: മനോരമ
SHARE

കൊച്ചി ∙ ചരിത്രമെഴുതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആദ്യ യാത്രാവിമാനമിറങ്ങി ഇന്ന് 20 വർഷം. 1999 ജൂൺ 10നു രാവിലെ 11നായിരുന്നു സൗദി അറേബ്യയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം നെടുമ്പാശേരിയിൽ ഇറങ്ങിയത്. വിമാനത്തിലെ 12 അംഗ കാബിൻ ക്രൂവിൽ 9 പേരും മലയാളികളായിരുന്നു. ക്രൂവിനു നേതൃത്വം നൽകുന്ന ഇൻഫ്ലൈറ്റ് സൂപ്പർവൈസറായിരുന്നത് ഇടപ്പള്ളി സ്വദേശിയും എയർ ഇന്ത്യയിൽ സീനിയർ മാനേജരുമായിരുന്ന സി. ജയറാമും. 20 വർഷം മുൻപത്തെ ആ ചരിത്ര മുഹൂർത്തം ഇപ്പോഴും ജയറാമിന്റെ മനസ്സിൽ മായാതെയുണ്ട്. പി.എൻ. ശശിധരൻ, രാജീവ് മേനോൻ, സി.ഡി. തോമസ്, ഷീല തോമസ്, പി. മുരളി, ടി.വി. ഗോപിനാഥ് തുടങ്ങിയവർ അന്ന് ക്രൂ അംഗങ്ങളായി തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് ജയറാം ഓർക്കുന്നു.

c-jayaram
സി.ജയറാം

‘വിമാനം നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ നിലം തൊടുമ്പോൾ ശരിക്കും കണ്ണിൽ വെള്ളം നിറഞ്ഞു.’– ജയറാം പറഞ്ഞു.അന്ന് മന്ത്രിയായിരുന്ന എസ്. ശർമ, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്തിലെത്തിയവർക്കും ക്രൂ അംഗങ്ങൾക്കുമെല്ലാം സ്വീകരണം നൽകി. എയർ ഇന്ത്യയിലെ 37 വർഷത്തെ സേവന കാലയളവിൽ ഒരിക്കലും മറക്കാൻ പറ്റാത്ത യാത്രയായിരുന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള കന്നിയാത്രയെന്ന് ജയറാം പറഞ്ഞു.

‘എല്ലാവരും ആ വിമാനം ഇറങ്ങുന്നതിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മുംബൈ– ദെഹ്റാൻ– കൊച്ചി വിമാനമായിരുന്നു അത്. കൊച്ചി എന്റെ നാടു കൂടിയാണ്. അതുകൊണ്ടു തന്നെ കൊച്ചിയിൽ ഇറങ്ങുന്ന ആദ്യ വിമാനത്തിന്റെ കാബിൻ ക്രൂവിനു നേതൃത്വം നൽകുകയെന്നത് എനിക്കു കിട്ടിയ അപൂർവ ഭാഗ്യമാണ്’– ഇപ്പോൾ അയ്യപ്പൻകാവിൽ സ്ഥിരതാമസമാക്കിയ ജയറാം പറഞ്ഞു.

1970ൽ എയർ ഇന്ത്യയിൽ ഫ്ളൈറ്റ് പഴ്സർ ആയി ജോലിയിൽ പ്രവേശിച്ച ജയറാം 37 വർഷത്തെ സേവനത്തിനു ശേഷം 2007ലാണു വിരമിച്ചത്. ലക്ഷ്മിയാണു ഭാര്യ. കവിത, എയർ ഏഷ്യ സീനിയർ പൈലറ്റ് ഇൻസ്ട്രക്റ്റർ ക്യാപ്റ്റൻ നിശാന്ത് നായർ എന്നിവർ മക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA