ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൊതുമരാമത്തു വകുപ്പിലെ അടിമുടി അഴിമതി സംബന്ധിച്ചു വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ട് അവഗണിച്ചതിന്റെ ദുരന്തഫലമാണു പാലാരിവട്ടം മേൽപാലത്തിന്റെ കാര്യത്തിലുണ്ടായതെന്നു  നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ . 2015 മേയ് 28നാണു വിജിലൻസ് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ ഒരു നടപടിയുമുണ്ടായില്ല. മേൽത്തട്ടിലേക്കെന്ന പേരിൽ  വ്യാപകമായി പണപ്പിരിവ് വരെ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

മന്ത്രിയുടേയും വകുപ്പ് സെക്രട്ടറിയുടേയും പേരിൽ പിരിക്കുന്ന പണം പിരിക്കുന്നവർ തന്നെ കൈകാര്യം ചെയ്യുകയായിരുന്നോ അതോ മുകളിലേക്കു കൈമാറിയിരുന്നോ എന്നു വ്യക്തമല്ല. അഴിമതിക്കാർ ആരായാലും രക്ഷപ്പെടാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‌

2015ലെ വിജിലൻസ് റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ:

∙ മരാമത്തു പണിയുടെ ബിൽ തയാറാക്കുമ്പോൾ ഉദ്യോഗസ്ഥർക്കു നിശ്ചിത ശതമാനം കൈക്കൂലി

∙ പണി പൂർ‌ത്തിയാകാത ബിൽ പാസാക്കി കൈക്കൂലി വാങ്ങുന്നു

∙ ടാർ ഉൾപ്പെടെ നിർമാണ സാമഗ്രികൾ മറിച്ചുവിൽക്കുന്നു

∙ ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനു കൈക്കൂലി

∙ മന്ത്രി/സെക്രട്ടറി തലത്തിലുള്ളവർക്കു നൽകുന്നതിനു വേണ്ടിയെന്നു പറഞ്ഞു വിവിധ ഡിവിഷനുകളിൽ ചീഫ് എ‍ൻജിനീയർമാർ ഉൾപ്പടെയുള്ളവരുടെ പണപ്പിരിവ്

∙ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിലെ അഴിമതിയും പൊതുമരാമത്ത് വകുപ്പിനു കോർപറേഷനുമേൽ നിയന്ത്രണമില്ലാത്ത അവസ്ഥയും

∙ ടെലികോം ആവശ്യങ്ങൾക്കായി കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി

കിറ്റ്കോ ഇടപെട്ട എല്ലാ നിർമാണത്തിലും അന്വേഷണം

∙ പാലാരിവട്ടം മേൽപാലത്തിന്റെ നിർമാണത്തിൽ ഏജൻസിയായ പ്രവർത്തിച്ച പൊതുമേഖലാ കൺസൽറ്റൻസി സ്‌ഥാപനമായ കിറ്റ്കോ ഇടപെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളിലും അന്വേഷണം നടത്തുമെന്നു മന്ത്രി ജി സുധാകരൻ നിയമസഭയിൽ. ഇതു സംബന്ധിച്ചു വ്യവസായ മന്ത്രിക്കു കത്തു നൽകും. കിറ്റ്കോ അവരുടെ ജോലിയൊന്നും ചെയ്തില്ലെന്നും മന്ത്രി ആരോപിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തു പാലം നിർമാണവുമായി ബന്ധപ്പെട്ടു 13 തവണ ഡയറക്ടർ ബോർഡ് യോഗം ചേർന്നെങ്കിലും നിർമാണം സംബന്ധിച്ചു യാതൊന്നും അന്വേഷിച്ചില്ല. ഭരണപരമായ വീഴ്ച വ്യക്തമാണ്.

കേന്ദ്ര സർക്കാർ ചെയ്യേണ്ട പണികൾ സംസ്ഥാനം ഏറ്റെടുത്തു നടത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പണിത പാലങ്ങളെയോ റോഡുകളെയോ കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com