ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിനു മജിസ്റ്റീരിയിൽ അധികാരം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ വിയോജിച്ച് സിപിഐ നിയമസഭാകക്ഷി നേതാവും റവന്യൂമന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ അദ്ദേഹത്തിനു കത്തു നൽകി. ഇതോടെ ഇക്കാര്യത്തിലുള്ള എതിർപ്പ് സിപിഐ പരസ്യമാക്കിത്തുടങ്ങി. രാഷ്ട്രീയതലത്തിലും മുന്നണിയിലും ചർച്ച ചെയ്തുമാത്രമെ അന്തിമതീരുമാനമെടുക്കാവൂവെന്നു മുഖ്യമന്ത്രിക്കുള്ള കത്തിൽ റവന്യൂമന്ത്രി ആവശ്യപ്പെട്ടു.

പുതുതായി രൂപീകരിച്ച തിരുവനന്തപുരം, കൊച്ചി കമ്മിഷണറേറ്റുകൾക്കു മജിസ്റ്റീരയിൽ അധികാരം നൽകുമെന്നു നിയമസഭയിൽ തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെയാണു രാത്രി തന്നെ റവന്യൂമന്ത്രി  വിയോജിപ്പു രേഖപ്പെടുത്തി കത്തു നൽകിയത്. നേരത്തെ സിപിഐ നേതൃത്വം സിപിഎമ്മിനെ ആശങ്ക അറിയിച്ചിരുന്നു. ഇതെത്തുടർന്നു കമ്മിഷണറേറ്റ് രൂപീകരിച്ചുള്ള ഉത്തരവിൽ മജിസ്റ്റീരിയൽ അധികാരം പ്രതിപാദിച്ചില്ല. എന്നാൽ ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെയാണു സിപിഐ ഉടക്കിയത്. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ചന്ദ്രശേഖരന്റെ നീക്കം. നീതിയും നിയമവും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതാണു നടപടിയെന്ന ശങ്കയുണ്ടെന്നു ചന്ദ്രശേഖരന്റെ കത്തിൽ ചൂണ്ടിക്കാട്ടി.

കത്തിന്റെ ചരുക്കം ഇങ്ങനെ: ‘ക്രമസമാധാനപാലനം ജനാധിപത്യപരമായിരിക്കണമെന്നു കൂടി ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് നിയമം നടപ്പാക്കുന്ന പൊലീസിനെ തന്നെ അക്കാര്യത്തിൽ നീതിയുടെ പരിപാലനത്തിനു നിയോഗിക്കാത്തത്. പൊലീസെടുക്കുന്ന തീരുമാനത്തിന്റെ ന്യായാന്യായങ്ങൾ നിശ്ചയിക്കുന്നതും അവർക്കു തന്നെ വിട്ടുകൊടുക്കരുത്. സിവിൽ അതോറിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടാണ് കലക്ടർമാർക്കു മജിസ്റ്റീരിയൽ അധികാരം നൽകിയത്. ഐഎഎസ്– ഐപിഎസ് തലത്തിലും ഇക്കാര്യത്തിലുള്ള തർക്കം അഭിലഷണീയമല്ല. കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും നാടായി കേരളത്തെ പെരുപ്പിച്ചു കാണേണ്ടതില്ല. മറ്റു സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി കേരളത്തിൽ പുനക്രമീകരണത്തിന്റെ ആവശ്യമുണ്ടോയെന്നു ചിന്തിക്കണം. ഇതെല്ലാം കണക്കിലെടുത്തു കൂടുതൽ ചർച്ച ചെയ്തു തീരുമാനമെടുക്കുകയാണു വേണ്ടത്’ – ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com