ADVERTISEMENT

തിരുവനന്തപുരം ∙ ബാലഭാസ്കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐ ഓഫിസിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തിലെ പ്രതികളും ബാലഭാസ്കറുമായി ബന്ധമുള്ളവരുമായ പ്രകാശൻ തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങളാണു ശേഖരിച്ചത്. ബാലഭാസ്കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസുകൾ ഡിആർഐക്കു കൈമാറാനും ക്രൈംബ്രാഞ്ച് സംഘം ആലോചിക്കുന്നുണ്ട്. ഇതിനായി ഡിആർഐക്കു കത്തു നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അപകടത്തെ സംബന്ധിച്ച ഫൊറൻസിക് ഫലം ഒരാഴ്ചയ്ക്കകം ലഭ്യമാകും. സാക്ഷികളുടെയും മറ്റുള്ളവരുടെയും ഫോൺ കോൾ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ബാലഭാസ്കർ ഉൾപ്പെടെ 5 പേരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നത് അന്തിമഘട്ടത്തിലാണ്. ബാലഭാസ്കറാണു വാഹനം ഓടിച്ചതെന്ന കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി ക്രൈംബ്രാഞ്ച് മുഖവിലയ്ക്ക് എടുത്തിട്ടില്ല.എന്നാൽ ഈ വാഹനത്തെ ഒരു  ഇന്നോവ പിൻതുടർന്നതായുള്ള ഇയാളുടെ മൊഴി പരിശോധിക്കും. ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ച സാക്ഷികളുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും. പള്ളിപ്പുറത്തെ രക്ഷാപ്രവർത്തകർ, പള്ളിമുക്കിലെ ജ്യൂസ് സ്റ്റാൾ നടത്തിപ്പുകാരൻ  തുടങ്ങിയവരുടെ മൊഴിയാകും മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഉദ്യോഗസ്ഥർ മർദിച്ച് മൊഴിയെടുത്തെന്ന് പ്രകാശ് തമ്പി

കൊച്ചി∙ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതി പ്രകാശ് തമ്പി സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ അന്വേഷണ സംഘത്തിനെതിരെ മൊഴി നൽകി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ മർദിച്ചു മൊഴി പറയിപ്പിച്ചതായാണ് ആരോപണം. റിമാൻഡ് കാലാവധി ഈ മാസം 26 വരെ നീട്ടി പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു.

∙ 'ബാലഭാസ്കറിന്റേത് അപകടമരണം തന്നെയാണ്. കാർ ഓടിച്ചത് അർജുനാണ്. ‘ബാലഭാസ്കറിന്റെ അപകട മരണത്തിനു സ്വർണക്കടത്തുമായി ബന്ധമില്ല. അപകടത്തിൽ ദുരൂഹതയില്ല. അപകടം ഉണ്ടായപ്പോൾ സഹോദരനെപ്പോലെ കൂടെ നിന്നതു െതറ്റാണോ? എല്ലാം അനാവശ്യ വിവാദങ്ങളാണ്.’ - പ്രകാശൻ തമ്പി (ബാലഭാസ്കറിന്റെ മുൻ പ്രോഗ്രാം കോ ഓർഡിനേറ്ററും സുഹൃത്തും)

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് 25 കിലോ സ്വർണം പിടികൂടിയ കേസിൽ കാക്കനാട് ജില്ലാ ജയിലി‌ൽ കഴിയുന്ന പ്രകാശൻ തമ്പിയെ റിമാൻഡ് കാലാവധി നീട്ടുന്നതിന് കോടതിയിലെത്തിച്ചപ്പോഴായിരുന്നു ഇൗ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com