ADVERTISEMENT

സിപിഎമ്മിനകത്തു വിമത സ്വരമുയർത്തി പാർട്ടിയുമായി അകന്നു കഴിയുകയായിരുന്ന തലശ്ശേരിയിലെ സി.ഒ.ടി. നസീറിനെ നടുറോഡിലിട്ടു വെട്ടുന്നതിന്റെ ദൃശ്യം കേരളത്തിന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. വടകരയിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ച നസീറിനു വെട്ടേൽക്കുന്നതു മേയ് 18നു രാത്രിയാണ്. ആക്രമണത്തിനു പിന്നിൽ തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറിനു പങ്കുള്ളതായി നസീർ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചു കുറിച്ച് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. താൻ ആക്രമിക്കപ്പെടാൻ ഇടയായതിന്റെ കാരണങ്ങൾ തുറന്നു പറയുകയാണ് നസീർ. 

? നസീർ ആക്രമിക്കപ്പെടാൻ എന്താണു കാരണം

∙ എതിരഭിപ്രായങ്ങൾ അക്രമത്തിലൂടെ പരിഹരിക്കാമെന്ന ചിന്ത ചിലർക്കു വളർന്നു വരുന്നു. ചില നേതാക്കൾക്ക് അവരുടേതായ ഒരു സംഘമുണ്ട്. നേതാക്കൾ എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുന്ന ക്വട്ടേഷൻ സംഘമാണത്. വികസനമായാലും മറ്റു കാര്യങ്ങളായാലും കുറച്ച് ആളുകൾ ചേർന്ന് ആലോചിച്ചാണു നടപ്പിലാക്കുക. എതിരഭിപ്രായം വന്നാൽ അവിടെ വച്ചു തന്നെ അതൃപ്‌തി പറയും. വീണ്ടും ആ  അഭിപ്രായം ആവർത്തിച്ചാൽ ഭീഷണിപ്പെടുത്തും. എന്നിട്ടും അനുസരിക്കാത്തവരെ കായികമായി നേരിടും. എന്റെ കാര്യത്തിൽ സംഭവിച്ചതും അതാണ്.  

? സംഭവത്തിൽ പങ്കില്ലെന്നാണ് സിപിഎം പറഞ്ഞത്

∙ പാർട്ടിക്കാർക്കു വ്യക്‌തമായ പങ്കുണ്ട്. അത് ഉണ്ടെന്നു തോന്നിയതു കൊണ്ടായിരിക്കുമല്ലോ പാർട്ടി അന്വേഷണത്തിനു കമ്മിഷനെ വച്ചത്. പ്രതികളുടെ ബന്ധങ്ങൾ പരിശോധിക്കണം. ഏരിയാ കമ്മിറ്റി ഓഫിസ് മുൻ സെക്രട്ടറിയുടെ ഫോൺ പരിശോധിച്ചാൽ ഈ ബന്ധങ്ങൾ കിട്ടും. പങ്കില്ലെന്നു പറഞ്ഞിട്ടും പിടിക്കപ്പെടുന്നതും കേസിൽ ഉൾപ്പെടുന്നതുമെല്ലാം പാർട്ടിക്കാരാണ്.

? നസീർ ആരുടെയും പേരു പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്

∙ ഞാൻ മൊഴിയിൽ ഷംസീർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറഞ്ഞിട്ടുണ്ട്. എംഎൽഎയുടെ പേര് വെറുതേ പറഞ്ഞതല്ല. അക്രമിക്കാനുണ്ടായ സാഹചര്യം, പ്രതികളുമായുള്ള ബന്ധം ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസാണ്. 

? ഷംസീറുമായുള്ള ബന്ധം എങ്ങനെയായിരുന്നു

ഷംസീർ എനിക്ക് അടുത്തറിയാവുന്ന ആളാണ്. ഒരു നിയന്ത്രണവുമില്ലാതെ എന്റെ വീട്ടിൽ ഇടപഴകിയിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ മാതാവിനു സുഖമില്ലാതെ വരുമ്പോൾ ഞാനാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ ശത്രുവാകുന്നതാണ് എനിക്കു മനസ്സിലാകാത്തത്. 

? അത്രയും അടുപ്പമുള്ള ഒരാൾ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാവും

∙ തലശ്ശേരിയിലെ വികസന പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ഞാൻ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തലശ്ശേരി സ്‌റ്റേഡിയം നവീകരണത്തിന്റെ കരാർ എടുത്തത് ഊരാളുങ്കൽ സഹകരണ സംഘമാണെങ്കിലും ജോലി അവർ മറിച്ചു കൊടുക്കുകയായിരുന്നു. അവിടെ പുല്ല് പിടിപ്പിക്കാൻ 2 കോടി രൂപയ്‌ക്കു മുകളിലാണു ചെലവ് കാണിച്ചിരിക്കുന്നത്. ഒരു പ്രാദേശിക ടൂർണമെന്റ് നടത്തിയപ്പോഴേക്കും പുല്ല് ഉണങ്ങിപ്പോയി. ബാസ്‌കറ്റ് ബോൾ കോർട്ട് ഉണ്ടാക്കി. മഴ പെയ്‌താൽ ചോർച്ചയാണ്. 

? ഇതിൽ എംഎൽഎയുടെ പങ്ക് എന്താണ്

∙എംഎൽഎയുടെ നേതൃത്വത്തിലാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കേണ്ടത്. പണിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ടിട്ടുണ്ടാവില്ല. എന്നെ അദ്ദേഹത്തിന്റെ ഓഫിസിൽ വിളിച്ചു വരുത്തി അടിച്ചു കാലുമുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ക്രമക്കേടുകളെ കുറിച്ച് ഒരു യോഗത്തിൽ ആദ്യം ഉന്നയിച്ചത് ഞാനാണ്. രണ്ടാമതും മൂന്നാമതും എഴുന്നേറ്റവരെ സംസാരിക്കാൻ വിടാതെ ഇരുത്തി. എന്നോടും ഇരിക്കൂ, അങ്ങനെ സംസാരിക്കാൻ പാടില്ലെന്നു പറഞ്ഞിരുന്നു. 

? ഏതു തരത്തിലുള്ള ഗൂഢാലോചനയാണു സംശയിക്കുന്നത്

∙ ആരു പറഞ്ഞിട്ടാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് കുണ്ടുചിറയിലെ പൊട്ടി സന്തോഷിനെ ചോദ്യം ചെയ്‌താൽ മനസ്സിലാകും. ഇയാൾ പറഞ്ഞിട്ടാണ് അക്രമം നടത്തിയതെന്ന് കേസിൽ അറസ്‌റ്റിലായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. 

? പാർട്ടിയുമായി അകലാനുള്ള കാരണം

∙ പാർട്ടി അംഗത്വം പുതുക്കാതിരുന്നതിനു വ്യക്‌തമായ കാരണമുണ്ട്. മതം ഏതെന്നു ചോദിക്കുന്ന കോളം പൂരിപ്പിക്കാതെയാണു നൽകിയത്. മത ജാതി വേർതിരിവ് പാർട്ടിയിലുമുണ്ടെന്നു ബോധ്യപ്പെട്ടു. ഞാൻ പൂരിപ്പിക്കാതെ വിട്ട കോളം ലോക്കൽ സെക്രട്ടറി പൂരിപ്പിച്ചു. മതമില്ല മാനവികരാണെന്നു പുറത്തു മാത്രം പറഞ്ഞതുകൊണ്ടു കാര്യമില്ലല്ലോ.

? മുൻപു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്‌ബുക് പോസ്‌റ്റിട്ടത് എന്തിന്റെ പേരിലായിരുന്നു.

∙ എന്റെ പാസ്‌പോർട്ട് പൊലീസ് വെരിഫിക്കേഷന്റെ പേരിൽ ഒരു വർഷത്തിലേറെ വച്ചു താമസിപ്പിച്ചു. പാർട്ടി ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഒരു സഹായവും കിട്ടിയില്ല. പാർട്ടി സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിലുള്ള 2 കേസുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് പൊലീസ് അത് 5 ആക്കി. അതിലെല്ലാമുള്ള നിരാശയിൽ നിന്നാണ് മുഖ്യമന്ത്രിക്കെതിരെ പോസ്‌റ്റിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com