ADVERTISEMENT

വിവരമറിയണമെങ്കിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്താൽ 30 ദിവസത്തിനകം വിവരമറിഞ്ഞിരിക്കും. അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരമറിയും. എന്നാൽ എംഎൽഎമാർ സഭയിൽ ചോദ്യം ചോദിച്ചാൽ 30 മാസം കഴിഞ്ഞാലും മറുപടി കിട്ടണമെന്നില്ല. കാലതാമസത്തിനുള്ള ഒരു പ്രസ്താവന മന്ത്രി നൽകിയാൽ എല്ലാം തീർന്നു. ഇക്കണക്കിനാണെങ്കിൽ സ്പീക്കർ മനസ്സുവച്ചാൽ ചോദ്യോത്തര വേള വേണ്ടെന്നു വയ്ക്കാം. പകരം എംഎൽഎമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മതിയെന്നു നിർദേശിച്ചാൽ മതി. സഭയുടെ വിലപ്പെട്ട 1 മണിക്കൂർ ഇതുവഴി ലാഭിക്കാനും കഴിയും. ഉച്ചയ്ക്കു 2നു സഭ പിരിയുകയെന്ന സ്പീക്കറുടെ ചിരകാലാഭിലാഷവും ഇതുവഴി സാധിതപ്രായമാക്കാം.

ഉത്തരങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയതു പി.സി.ജോർജാണ്. 2016ൽ ചോദിച്ച ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലെന്ന് അദ്ദേഹം തെളിവു സഹിതം സമർഥിച്ചു. ഉത്തരങ്ങൾ അനിശ്ചിതമായി വൈകിപ്പിക്കരുതെന്നു താൻ നേരത്തെ റൂളിങ് നൽകിയിട്ടുണ്ടെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. റൂളിങ്ങുകൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ലെന്നു സ്പീക്കർ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു.

ആസിഡ് ആക്രമണത്തിന്റെ ഇരകൾക്കു പ്രതിമാസ പെൻഷൻ നൽകണമെന്ന ആവശ്യം അനൂപ് ജേക്കബ് ഉന്നയിച്ചതു ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ്. അതിൽ അൽപം രാഷ്ട്രീയം കലർത്താൻ അദ്ദേഹം ശ്രമിച്ചതു ബഹളത്തിനു കാരണമായി. ഏതായാലും മന്ത്രി കെ.കെ.ശൈലജ ഈ പ്രശ്നത്തിന്റെ എല്ലാ ഗൗരവവും ഉൾക്കൊണ്ടും ഇരകളോട് അനുതാപം പ്രകടിപ്പിച്ചുമാണു മറുപടി നൽകിയത്.

പൊളിച്ചുനീക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ട മരട് മുനിസിപ്പാലിറ്റിയിലെ അഞ്ചു ഫ്ലാറ്റുകളിലെ 349 താമസക്കാരുടെ ദു:ഖം എം.സ്വരാജ് അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി എ.സി.മൊയ്തീനും അതിൽ പങ്കുചേർന്നു. തങ്ങളുടേതല്ലാത്ത കുറ്റത്തിനു ഫ്ലാറ്റ് ഉടമകൾ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമ്പോൾ നിയമം ലംഘിച്ചു ഫ്ലാറ്റ് നിർമിച്ചവരും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരും പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുന്ന സാഹചര്യമാണെന്നു സ്വരാജ് പറഞ്ഞു.

ഗതാഗതം, വാഹനനികുതി, മൽസ്യബന്ധനം എന്നീ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്ത വി.ആർ.സുനിൽകുമാർ മൽസ്യത്തൊഴിലാളികൾ എന്ന് 5 വട്ടം പറഞ്ഞതല്ലാതെ മൽസ്യബന്ധനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ ഗിരീഷ് കർണാഡ്, ഗൗരി ലങ്കേഷ്, ധബോൽകർ, കൽബുറഗി, പ്രജ്ഞ്യാ സിങ് എന്നിവരെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിച്ചു. പ്രളയകാലത്ത് 65,000 പേരെ രക്ഷിച്ച മൽസ്യത്തൊഴിലാളികൾക്കു നൽകിയതു 2000 കോടി രൂപയുടെ വഞ്ചനയാണെന്ന് എം.വിൻസെന്റ് അഭിപ്രായപ്പെട്ടതു 2000 കോടി രൂപയുടെ പാക്കേജിനെക്കുറിച്ച് ഓർമിപ്പിച്ചാണ്. 

ഇന്നത്തെ വാചകം

∙ 'എല്ലാ എൽഡിഎഫ് സർക്കാരിന്റെ കാലത്തും കെഎസ്ആർടിസിയെ നന്നാക്കാൻ വേണ്ടി സുശീൽ ഖന്ന എന്നൊരു പ്രതിഭാസത്തെ കൊണ്ടുവരും. അദ്ദേഹം ഇപ്പോൾ പറയുന്നത് ആസ്തികൾ വിറ്റു കടം വീട്ടണമെന്നാണ്. ഇതു പറയാൻ വേണ്ടി ലക്ഷങ്ങൾ ചെലവിട്ടു സുശീൽ ഖന്നയെ കൊണ്ടുവരേണ്ടതുണ്ടോ?' - എം. വിൻസെന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com