ADVERTISEMENT

കാസർകോട് ∙ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ പരാജയം‌ അന്വേഷിക്കാൻ കെ.വി.തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ എന്നിവർ സമിതി അംഗങ്ങളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായും സമിതി ഇന്ന് ആലപ്പുഴയിലെത്തി അന്വേഷണം തുടങ്ങുമെന്നും റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ യോഗം ചേർന്ന് ആവശ്യമായ തിരുത്തൽ നടപടി എടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

എഐസിസി പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് ഐടി സെൽ ചെയർമാൻ കൂടിയായ ശശി തരൂറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമാണെങ്കിൽ സ്വകാര്യ ഏജൻസികളുടെ സഹായം തേടും. കൃത്യമായ അജണ്ടകളോടെ ശിഖണ്ഡികളെ മുൻനിർത്തി നവമാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണു നടക്കുന്നത്. ഇതു ഗൗരവമായി കാണും.

സിപിഎം അക്രമത്തിനു വിധേയനായ തലശ്ശേരിയിലെ സി.ഒ.ടി.നസീറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുമെന്നു പറഞ്ഞ മുല്ലപ്പള്ളി എ.പി.അബ്ദുല്ലക്കുട്ടിയെയും നസീറിനെയും താരമത്യം ചെയ്യരുതെന്നും പറഞ്ഞു. പരിശീലനം ലഭിച്ച ഗുണ്ടകളാണു നസീറിനെ വധിക്കാൻ ശ്രമിച്ചത്. എംഎൽഎയുടെ നേതൃത്വത്തിൽ മൂന്നു തവണ ഗൂഢാലോചന നടന്നതായി മൊഴി നൽകിയിട്ടും അന്വേഷിക്കാൻ പൊലീസ് തയാറാവുന്നില്ല.

കാസർകോടും വടകരയിലും യുഡിഎഫ് സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താണ്. ഉപതിരഞ്ഞെടുപ്പിൽ ആറു സീറ്റുകളിലും യുഡിഎഫ് വിജയം സുനിശ്ചിതമാണെന്നും കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമെങ്കിൽ ഇടപെടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com