ADVERTISEMENT

തിരുവനന്തപുരം ∙ ‘ചങ്ങമ്പുഴക്കവിത വായിച്ചാൽ ഭ്രാന്തനാകും,  കമ്യൂണിസ്റ്റായാൽ വീടു തുലയും..’ ഇങ്ങനെയൊരു വിശ്വാസം വേരുപിടിച്ച കാലത്താണ് എൻ. രമേശൻ കവിയും കമ്യൂണിസ്റ്റുമാകാൻ തീരുമാനിച്ചത്. പേരിലെ ‘എൻ’ മുത്തച്ഛൻ പഴവിള നീലകണ്ഠൻ എന്നതിന്റെ ചുരുക്കം. ഗർഭസ്ഥ ശിശുവായിരിക്കെ അമ്മയും അച്ഛനും വേർപിരിഞ്ഞതിനാൽ  മുത്തച്ഛനായിരുന്നു ജീവിതത്തിന്റെ വെളിച്ചം. കവിയ്ക്കു മധുരവും കലഹവും കിനിയുന്ന ഭാഷ മാത്രം പോരാ, ചരിത്രബോധവും കൂടി വേണമെന്നും പഴവിള നിഷ്കർഷിച്ചു. വാക്കിന്റെ തീവ്രതയും കമ്യൂണിസ്റ്റിന്റെ ദൃഢതയും ചേർന്ന കാവ്യജീവിതം.

കനലുകൾ ചവിട്ടി വളർന്നയാൾക്കു കമ്യൂണിസം ആദർശമായി. ശ്രീനാരായണ ദർശനങ്ങൾ ചിന്തകളെ ബലപ്പെടുത്തി. പക്ഷേ സമുദായ സംഘടനാ പ്രവർത്തനങ്ങളോട് എതിരുനിന്നു. കുട്ടിക്കാലത്തു ചന്ദനം കൈവള്ളയിലേയ്ക്ക് എറിഞ്ഞു തരുന്ന പൂജാരിമാരോടു പ്രതിഷേധിച്ചു. അവസരം വരുമ്പോൾ ഒരു ബ്രാഹ്മണനെയെങ്കിലും തൊട്ടു നെഞ്ചുവിരിച്ചു നിൽക്കണമെന്ന് ആശിച്ചു. മുതിർന്നപ്പോൾ മനുഷ്യർക്കിടയിലെ അതിർവരമ്പുകൾ എങ്ങനെ നീക്കാമെന്നായി ചിന്ത.

സി. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീട്ടിൽ വന്നു താമസിച്ചിരുന്നു. കൃഷ്ണപിള്ളയുടെ സംസാരം കേട്ടാണു കമ്യൂണിസത്തെക്കുറിച്ച്  മനസ്സിലാക്കുന്നത്. 15–ാം വയസ്സിൽ പാർട്ടി ഒരു നിയോഗമേൽപ്പിച്ചു. മന്നവും ആർ.ശങ്കറും ചേർന്നു നടത്തിയ ഹിന്ദു മഹാമണ്ഡല സമ്മേളനം കലക്കണം. നാടൻ ബോംബുമായി മറ്റൊരു സഖാവിനൊപ്പം പോയി. പൊട്ടിക്കാനുള്ള അടയാളം മാത്രം കിട്ടിയില്ല. പാർട്ടിയോടുള്ള സ്നേഹവും കൂറും കൊണ്ടാണ് അതു ചെയ്തതെന്നു പഴവിള എഴുതിയിട്ടുണ്ട്.

പാർട്ടി രണ്ടായപ്പോൾ ആത്മഹത്യ ചെയ്താലോ എന്നായി. ‘ചോരപുരണ്ട ദുഃഖം’ എന്ന പേരിലൊരു കവിതയുമെഴുതി. പാർട്ടിക്ക് വേണ്ടത്ര തീവ്രത പോരാ എന്നു പിന്നീടു വിമർശിച്ചു. പാർട്ടിക്കാർക്കു കോൺഗ്രസ് മനോഭാവമാണെന്നു തോന്നിയതുകൊണ്ടാണു ‘ജനയുഗം’ വിട്ടു ‘കൗമുദി’യിൽ ചേർന്നതെന്നെഴുതി. ഒരു പുസ്തകം ഇഷ്ടപ്പെട്ടാൽ രചയിതാവിനെ നേരിട്ടുചെന്നു കാണുന്നതായിരുന്നു ശീലം. വൈലോപ്പള്ളിക്കവിതയ്ക്കു എം.എൻ.വിജയന്റെ അവതാരിക കണ്ട് കൊടുങ്ങല്ലൂരിലേക്കു പോയി വിജയനെ കണ്ടു. ആദ്യമായി ബഷീറിനെ കാണുമ്പോൾ ബഷീറും മത്തായി മാഞ്ഞൂരാനും എണ്ണയിട്ടു ഗുസ്തി പിടിക്കുകയാണ്. ബഷീർ പഴവിളയെ ഗുസ്തിക്കു ക്ഷണിച്ചു. 5 വയസ്സു മുതൽ ഗുസ്തി പരിശീലിച്ചിരുന്നതുകൊണ്ട് ബഷീറിനോട് ഏറ്റുമുട്ടാനായി.

‘അയാൾ സിനിമാ മുതലാളിത്തത്തിന്റെ കുരുക്കിലായി. ഇനി രക്ഷയില്ല’–ഉറ്റ സുഹൃത്തായിരുന്ന വയലാറിനെപ്പറ്റിയുള്ള പഴവിളയുടെ വിമർശനം ചർച്ചയായി. പരുക്കനാണു പഴവിളയുടെ കവിതയെന്നു തോന്നും. ഒട്ടും കാൽപനികമല്ല. അംഗീകാരങ്ങൾക്കു വേണ്ടി ശ്രമിക്കാത്തതുകൊണ്ട് സ്വീകരണമുറിയിൽ ശിൽപങ്ങൾ നിറഞ്ഞില്ല.

കാലുമുറിച്ച അവസ്ഥയിൽ കാണാനെത്തുന്നവരോട് ഏറെ നേരം സംസാരിക്കുമായിരുന്നു. അതിനിടയിൽ ‘രാധേ’ എന്നുനീട്ടി വിളിക്കും. ഈയവസ്ഥയിൽ ഈശ്വരൻ സമ്മാനിച്ച ഭാഗ്യമല്ലേ പത്നിയെന്ന ചോദ്യത്തിനു മുന്നിൽ കവിയുടെ കണ്ണുകൾ നിറഞ്ഞു. നനഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു, രാധ ഭാഗ്യമാണ്. പക്ഷേ എന്റേതോ? ആരുടെയും സഹായമില്ലാതെ ആത്മഹത്യ പോലും സാധിക്കാത്ത നിർഭാഗ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com