ADVERTISEMENT

തിരുവനന്തപുരം ∙ ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിലപാടു കടുപ്പിച്ച് സിപിഐ. സ്വതന്ത്ര സ്ഥാപനമായ ലളിതകലാ അക്കാദമിയുടെ തീരുമാനത്തിൽ ഇടപെടാൻ ഒരു മന്ത്രിക്കും അവകാശമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു.

മതചിഹ്നങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിനു ലളിതകലാ അക്കാദമി പുരസ്കാരം നൽകിയതു വിവാദമായതോടെ പുരസ്കാരങ്ങൾ പുനഃപരിശോധിക്കാൻ മന്ത്രി എ.കെ. ബാലൻ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണു കാനത്തിന്റെ പ്രതികരണം. ഇക്കണക്കിന് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച ശേഷം ആരെങ്കിലും വിളിച്ചുപറഞ്ഞാൽ അതു മാറ്റുമോയെന്നും കാനം ചോദിച്ചു. സ്വതന്ത്ര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടില്ലന്നതാണ് ഇടതുപക്ഷത്തിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

മാപ്പ് പറയണമെന്ന് ബിഷപ് ചക്കാലയ്ക്കൽ

കോഴിക്കോട് ∙ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതരത്തിലുള്ള കാർട്ടൂണിന് പുരസ്കാരം പ്രഖ്യാപിച്ച കേരള ലളിതകലാ അക്കാദമിയുടെ നടപടി പിൻവലിച്ച് മാപ്പുപറയണമെന്ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പേരിൽ ക്രൈസ്തവ പ്രതീകങ്ങളെ അശ്ലീലമായി ചിത്രീകരിച്ചതും സർക്കാർ നിയന്ത്രണത്തിലുള്ള അക്കാദമി അതിനു പുരസ്കാരം നൽകിയതും പ്രതിഷേധാർഹമാണെന്നും പറഞ്ഞു. 

അക്കാദമി സെക്രട്ടറിക്ക് ഫോണിൽ വധഭീഷണി

തൃശൂർ ∙ കാർട്ടൂൺ അവാർഡിന്റെ പേരിൽ ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഫോണിൽ വധഭീഷണി. കത്തോലിക്ക സഭയുടെ പ്രതിനിധി എന്ന് പറഞ്ഞാണ് ഫോൺ വിളി ആരംഭിച്ചതെന്നും 20 മിനിറ്റോളം തെറിവിളിക്കുകയും പിന്നീട് വധഭീഷണി മുഴക്കുകയും ചെയ്‌തതായി ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നമ്പർ പരിശോധിച്ച് ആളെ കണ്ടെത്താൻ പരാതി സൈബർ സെല്ലിനു കൈമാറിയിരിക്കുകയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com