ADVERTISEMENT

കൊച്ചി / കോയമ്പത്തൂർ ∙ കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങൾക്കു പദ്ധതിയിട്ടതായുള്ള കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദീനെ (32) ദേശീയ അന്വേഷണ ഏജൻസി പ്രത്യേക കോടതി 27 വരെ റിമാൻഡ് ചെയ്തു. ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്ത അസ്ഹറുദീനെ വൈകിട്ട് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി.

അസ്ഹറുദീനൊപ്പം കോയമ്പത്തൂരിൽനിന്നു കസ്റ്റഡിയിലെടുത്ത പോത്തനൂരിലെ സദ്ദാം ഹുസൈൻ, അക്രം സിൻദ, അൽ അമീൻ കോളനിയിൽ ഷെയ്ഖ് ഹിദായത്തുല്ല, ഇബ്രാഹിം ഷാഹിൻ ഷാ, കുനിയമുത്തൂരിൽ അബൂബക്കർ സിദ്ദിഖ് എന്നിവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ സൂത്രധാരനെന്നു കരുതുന്ന സഹ്രാൻ ഹാഷിമിന്റെ ഓൺലൈൻ അനുയായിയാണ് അസ്ഹറുദീൻ.

അതേസമയം, ഇന്നലെ കോയമ്പത്തുരിൽ 3 വീടുകളിൽക്കൂടി സിറ്റി പൊലീസും സ്പെഷൽ ഇന്റലിജൻസ് സെല്ലും പരിശോധന നടത്തി. ഉക്കടം വിൻസന്റ് റോഡിൽ മുഹമ്മദ് ഹുസൈൻ, കരുമ്പുക്കടയിൽ ഷെയ്ഖ് ഷഫിയുല്ല, അൻപു നഗറിൽ ഷാജഹാൻ എന്നിവരുടെ വീടുകളിൽ പുലർച്ചെ 4.30നു തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, പെൻഡ്രൈവുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ, മെമ്മറി കാർഡുകൾ എന്നിവ കണ്ടെടുത്തു. സഹ്രാൻ ഹാഷിമിനെ പിന്തുണച്ചിരുന്ന മൂവരും കോയമ്പത്തൂരിൽ ആക്രമണത്തിനു ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറഞ്ഞു. ഇവർക്കെതിരെ പോത്തനൂർ സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. 3 പേരെയും ചോദ്യം ചെയ്യുകയാണ്.

നേരത്തേ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ ചോദ്യം ചെയ്തപ്പോഴാണു കോയമ്പത്തൂർ കേന്ദ്രീകരിച്ചു നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കോയമ്പത്തൂർ ഘടകമെന്ന പേരിലാണ് ഇവർ സംഘടിതമായി ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ ഇവരുടെ വിദേശ ബന്ധങ്ങളെക്കുറിച്ചു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. ഖിലാഫ ജിഎഫ്എക്സ് എന്ന പേരിലുള്ള ഓൺലൈൻ കൂട്ടായ്മയുടെ മറവിലാണ് ഇവർ തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള പണപ്പിരിവും നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com