ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മുമായി വെറുതേ പറഞ്ഞു തെറ്റാനില്ലെന്നു വ്യക്തമാക്കി സിപിഐ നേതൃത്വം. സിപിഐ തിരുത്തൽ ശക്തിയാകണമെന്ന അഭിപ്രായം സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉയർന്നപ്പോഴാണു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതു വ്യക്തമാക്കിയത്. അഭിപ്രായ വ്യത്യാസം അറിയിക്കുമ്പോൾ സിപിഎമ്മിന്റെ നിലപാട് ഉൾക്കൊണ്ടു മാത്രമേ പരസ്യമായി പ്രതികരിക്കൂ– വിമർശനങ്ങൾക്കു കാനം മറുപടി നൽകി.

ഇടതുനയ വ്യതിയാനങ്ങളോടുള്ള വിയോജിപ്പു തുടരും. പൊലീസിനു മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള സർക്കാർ നീക്കത്തിന്റെ കാര്യത്തിലും അതു വ്യക്തമാക്കി. മുഖ്യഭരണകക്ഷിയായ സിപിഎമ്മിനു പല താൽപര്യങ്ങളുണ്ടാകാം. അതു സാമൂഹിക ചൂഷണത്തിനു വിധേയമാകുന്ന ഘട്ടത്തിലേ ഇടപെടൂ. വ്യക്തികേന്ദ്രീകൃത വിലയിരുത്തലിൽ എത്തിച്ചേരാൻ പാർട്ടിക്കു കഴിയില്ല– മുഖ്യമന്ത്രിയുടെ ശൈലിക്കെതിരായുളള വിമർശനത്തിനു കാനം മറുപടി നൽകി.

ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾ കേന്ദ്രീകരിച്ചതു വനിതാ മതിലിനു പിറ്റേന്നു രണ്ടു സ്ത്രീകളെ സന്നിധാനത്തു പ്രവേശിപ്പിച്ച വിവാദത്തിലായിരുന്നു. പടിക്കൽ കൊണ്ടു കലമുടച്ചതു പോലെയായി ആ സംഭവമെന്ന ആക്ഷേപമുണ്ടായി. സമിതി രൂപീകരിച്ചു വിശ്വാസിസമൂഹത്തെക്കൂടി ഉൾക്കൊണ്ടേ നീങ്ങൂവെന്ന് ഇടതുസർക്കാർ തന്നെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയെങ്കിലും വിധി വന്നപ്പോൾ അതുണ്ടായില്ലെന്ന അഭിപ്രായമാണ് ഉയർന്നത്.

പാർട്ടിക്കകത്തെ തിരുത്തൽ നടപടികൾക്കു തുടക്കമിട്ടു 140 നിയോജക മണ്ഡലങ്ങളിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ക്യാംപുകൾ സംഘടിപ്പിക്കാൻ സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. ജനങ്ങളോട് ഇടപഴകുന്നതിലും സാമൂഹിക സേവനരംഗത്തും പാർട്ടി പ്രവർത്തകർക്കു കൂടുതൽ പരിശീലനം നൽകുകയാണ് ഉദ്ദേശ്യം. തോറ്റ 4 ലോക്സഭാ സീറ്റുകളിലും എന്താണു സംഭവിച്ചതെന്നതു ബൂത്തുതലം മുതൽ വിശദമായി പരിശോധിക്കും.

‘മരണവീട്ടിൽ ലോട്ടറിയടിച്ച പോലെ കോൺഗ്രസ്’

മരണവീട്ടിൽ ബംപർ ലോട്ടറിയടിച്ചതു പോലെയാണു കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിതിയെന്നു സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയതലത്തിൽ ആകെ കരഞ്ഞിരിക്കുന്നതു കൊണ്ട് ഇവിടെ സീറ്റു കിട്ടിയതിന്റെ പേരിൽ സന്തോഷിക്കാനും പറ്റില്ല– യോഗത്തിൽ ചിരിക്കു വഴിതുറന്നു കാനം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com