ADVERTISEMENT

പത്തനംതിട്ട ∙ ലൈൻ പൊട്ടി വീഴുന്നതടക്കം വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ കെഎസ്ഇബി. ഇന്ത്യൻ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവൻ സുരക്ഷാ നടപടികളും 6 മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയിൽ കെഎസ്ഇബി ഉറപ്പു നൽകിയിട്ടു 13 വർഷം കഴിഞ്ഞു. അപകട മരണങ്ങൾ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കൽ എങ്ങുമെത്തിയില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റ് 2 പേർ മരിച്ചതിനെ ത്തുടർന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  ഇതേ വിഷയത്തിൽ ഹൈക്കോടതിയുടെ തന്നെ ഉത്തരവ് നിലനിൽക്കെയാണ് കേസ്.

4 വർഷത്തെ വാദം കേട്ട ശേഷമാണ് 2006 ജൂൺ 2ന് അന്നത്തെ ചീഫ് ജസ്റ്റിസ് വി.കെ.ബാലി അധ്യക്ഷനായ ബെഞ്ച് സുരക്ഷ ഒരുക്കാൻ നിർദേശിച്ച് അന്തിമ ഉത്തരവ് ഇറക്കിയത്. വൈദ്യുത ലൈനുകൾ പൊട്ടി വീണ് ജനങ്ങളുടെ സ്വത്തിനോ ജീവനോ അപകടം ഉണ്ടാകരുതെന്ന് 1956ൽ ലോക്സഭ പാസാക്കിയ നിയമത്തിൽ  വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇൻസുലേറ്റ് ചെയ്തു സുരക്ഷിതമാക്കാത്ത കമ്പിയാണെങ്കിൽ പൊട്ടി വീഴുന്ന സമയത്തു തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാനുള്ള സൗകര്യം വിതരണക്കാർ ഒരുക്കണമെന്നു നിയമം നിഷ്കർഷിക്കുന്നു. ട്രാൻസ്ഫോമറുകളും ഫ്യൂസുകളും  സ്ഥാപിക്കുന്നതിലും കൃത്യമായ മാർഗ നിർദേശം നിയമത്തിലുണ്ട്.

പത്തനംതിട്ട പ്രക്കാനം സ്വദേശി ബിജി കെ.മാത്യു നൽകിയ പൊതു താൽപര്യ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹർജിക്കാരന്റെ വാദങ്ങളെ എതിർക്കാതിരുന്ന കെഎസ്ഇബി, സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സുരക്ഷ ഒരുക്കുന്നതിനു തടസ്സമെന്നു ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിക്കളഞ്ഞ ഹൈക്കോടതി വേഗം നിയമ പ്രകാരമുള്ള സുരക്ഷ ഒരുക്കാൻ ഉത്തരവിട്ടു. നടപ്പാക്കാൻ 6 മാസത്തെ സാവകാശമാണ് അന്ന് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ നടപ്പായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com