ADVERTISEMENT

തിരുവനന്തപുരം ∙ മനുഷ്യപക്ഷ കവിതകളിലൂടെയും ഹൃദ്യമായ ചലച്ചിത്ര ഗാനങ്ങളിലൂടെയും മലയാള മനസ്സിൽ ഇടംപിടിച്ച പഴവിള രമേശൻ (83) ഓർമയായി. ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ 6.15നായിരുന്നു. നന്തൻകോട് നളന്ദ പഴവിള വീട്ടിൽ നിന്നു ഭൗതികശരീരം ഇന്നു രാവിലെ ഒൻപതിനു പൊതുദർശനത്തിനു വൈലോപ്പിള്ളി സംസ്കൃതി ഭവനിലെത്തിക്കും. ഉച്ചയ്ക്കു രണ്ടിനു തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

കൊല്ലം പെരിനാട് സ്വദേശിയായ പഴവിള 14–ാം വയസ്സിൽ നാടകങ്ങൾക്കു ഗാനമെഴുതിയാണ് എഴുത്തിന്റെ ലോകത്തെത്തുന്നത്. വിദ്യാഭ്യാസത്തിനു ശേഷം കെ.ബാലകൃഷ്ണന്റെ കൗമുദി വാരികയിൽ സഹപത്രാധിപരായി. 1968ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. ഡയറക്ടറായാണു വിരമിച്ചത്. ഇടത് ആശയങ്ങൾ തോളേറ്റിയ പഴവിള രാഷ്ട്രീയ സാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി’ എന്ന ചിത്രത്തിലെ ‘അഗ്നിയാവണമെനിക്കാളിക്കത്തണം’ എന്ന ഗാനത്തിലൂടെ സിനിമാ ലോകത്തെത്തി. ആശംസകളോടെ, മാളൂട്ടി, അങ്കിൾ ബൺ, വസുധ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ശ്രാദ്ധം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, നേർവര, ഞാനെന്റെ കാടുകളിലേക്ക്, മായാത്ത വരകൾ, ഉയിർത്തെഴുന്നേൽപ്പിന്റെ ഉടൽ, പ്രയാണപുരുഷൻ, ഓർമകളുടെ വർത്തമാനം എന്നിവ പ്രധാന കൃതികൾ. 2001 ൽ കടുത്ത പ്രമേഹബാധയെത്തുടർന്നു പഴവിളയുടെ ഒരു കാൽ മുറിച്ചുനീക്കിയിരുന്നു. ഭാര്യ: സി.രാധ. മക്കൾ: സൂര്യ, സൗമ്യ. മരുമക്കൾ: ഡോ.വി.സന്തോഷ് (ആസൂത്രണ ബോർഡ്), ടി.സുഭാഷ് ബാബു (ബിസിനസ്). മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള മനോരമയ്ക്കും ഭാഷാപോഷിണിക്കും വേണ്ടി സീനിയർ അസോഷ്യേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം റീത്ത് സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com