sections
MORE

ഇടവപ്പാതി തുടങ്ങി ഒരാഴ്ച, ശക്തമാകാതെ മഴ; കടൽക്ഷോഭം രൂക്ഷം

Rain | Monsoon
വലിയതുറയിൽ രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന വീടുകൾ
SHARE

തിരുവനന്തപുരം ∙ വായു ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും കേരളത്തിൽ കടൽക്ഷോഭം തുടരുന്നു. ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്ത് 3.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

വേലിയേറ്റ സമയമായ രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 7 മുതൽ 8 ‍വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 35 – 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഇടവപ്പാതി തുടങ്ങി ഒരാഴ്ചയോളമായിട്ടും മഴ ശക്തമായിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ ജൂൺ 12 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ ലഭിച്ച മഴ ശരാശരിയിൽ നിന്ന് 30% കുറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത്. ഇന്നുമുതൽ 15 വരെ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കടൽഭോക്ഷത്തെ തുടർന്ന് 15 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ 6 പേർ മരിച്ചു. 21 വീടുകൾ പൂർണമായും 279 വീടുകൾ ഭാഗികമായും തകർന്നു.

തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ചെറിയതുറ, കൊച്ചുതോപ്പ്, പനത്തുറ പ്രദേശങ്ങളിൽ കടൽക്ഷോഭം മൂലം കൂടുതൽ വീടുകൾ തകർച്ച ഭീഷണിയിലാണ്. 2 വീടുകൾ പൂർണമായും 33 എണ്ണം ഭാഗികമായും തകർന്നു. 4 ദുരിതാശ്വാസ ക്യാംപുകളിലായി 93 കുടുംബങ്ങളിലെ 345 പേർ കഴിയുന്നുണ്ട്. കടൽക്ഷോഭം ആരംഭിച്ച് 5 ദിവസമായിട്ടും ക്യാംപുകളിൽ ആഹാരമോ അവശ്യസാധനങ്ങളോ എത്തിക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

ആലപ്പുഴ ജില്ലയിൽ കാറ്റിലും മഴയിലും മരം വീണും ഇന്നലെ 10 വീടുകൾ ഭാഗികമായി തകർന്നു. കടലാക്രമണം രൂക്ഷമായി തുടരുന്നുണ്ടെങ്കിലും കാര്യമായ നഷ്ടം റിപ്പോർട്ട് ചെയ്തില്ല. പലയിടത്തും മരം വീണ് വൈദ്യുതി തടസ്സപ്പെട്ടു.

തൃശൂർ ജില്ലയിൽ കടലാക്രമണവും മഴക്കെടുതിയും രൂക്ഷമായ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ 3 ദുരിതാശ്വാസ ക്യാംപുകളിലായി 734 പേരുണ്ട്. കൊടുങ്ങല്ലൂർ താലൂക്കിലെ 2 ക്യാംപുകളിൽ 196 കുടുംബങ്ങളിലായി 676 പേരും ചാവക്കാട് താലൂക്കിലെ ഏക ക്യാംപിൽ 23 കുടുംബങ്ങളിലായി 58 പേരുമാണ് കഴിയുന്നത്. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം തുടരുന്നു. കനത്ത മഴയിൽ മലപ്പുറത്തിന്റെ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി.

ജിയോ ബാഗുകൾ സ്ഥാപിക്കാൻ 21.5 കോടി 

സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കാൻ ‍നിർദേശം നൽകിയതായി മന്ത്രി കെ.കൃഷ്ണൻകുട്ടി. കടലാക്രമണം രൂക്ഷമായ 9 ജില്ലകളിലാണ് ഇവ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു. താൽക്കാലിക പരിഹാരം എന്ന നിലയിലാണിത്. തിരുവനന്തപുരം ജില്ലയിലെ തീരമേഖലയ്ക്കായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരത്ത് അടുക്കുന്നതിനു പാറ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA