sections
MORE

അസ്ഹറുദ്ദീൻ ശ്രീലങ്കക്കാരുമായി ബന്ധപ്പെട്ടെന്ന് എൻഐഎ

nia-kochi-office
ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചിയിലെ ഓഫിസ്.
SHARE

കൊച്ചി ∙ ശ്രീലങ്കൻ ഭീകരാക്രമണവുമായി മലയാളി യുവാക്കൾക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിൽ കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ ചോദ്യം ചെയ്യൽ നിർണായകമാകുന്നു. ഏപ്രിൽ 21ലെ സ്ഫോടനത്തിന്റെ ആസൂത്രണ ഘട്ടത്തിൽ അസ്ഹറുദ്ദീൻ ശ്രീലങ്കയിലെ ചില യുവാക്കളുമായി ഓൺലൈൻ വഴി ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശേഖരിച്ചു.

സ്ഫോടനത്തിന്റെ സൂത്രധാരനെന്നു ശ്രീലങ്കൻ അന്വേഷണ ഏജൻസികൾ കരുതുന്ന സഹ്രാൻ ഹാഷിമിന്റെ ഓൺലൈൻ അനുയായിയാണ് അസ്ഹറുദ്ദീൻ. കോയമ്പത്തൂർ കേന്ദ്രീകരിച്ചു രഹസ്യമായി പ്രവർത്തിക്കുന്ന ഐഎസ് അനുഭാവമുള്ള സംഘത്തിലെ അംഗമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ 7 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന അപേക്ഷ എൻഐഎ പ്രത്യേക കോടതി മുൻപാകെ ഇന്നലെ സമർപ്പിച്ചു. ഇതേത്തുടർന്ന്, തിങ്കളാഴ്ച അസ്ഹറുദ്ദീനെ കോടതിയിൽ നേരിട്ടു ഹാജരാക്കാനുള്ള വാറന്റ് പ്രത്യേക കോടതി പുറപ്പെടുവിച്ചു.

ഖിലാഫ ജിഎഫ്എക്സ് എന്ന ഓൺലൈൻ കൂട്ടായ്മയിലൂടെ തമിഴ്നാട്ടിലെയും കേരളത്തിലെയും യുവാക്കൾക്കിടയിൽ തീവ്രആശയങ്ങൾ പ്രചരിപ്പിക്കാൻ ഇയാൾ ശ്രമിച്ചതായി അന്വേഷണ സംഘം ആരോപിക്കുന്നു. ഇയാളോട് അടുപ്പം പുലർത്തിയിരുന്ന കോയമ്പത്തൂർ സ്വദേശികളായ അക്രം സിൻദാ, ഷെയ്ക്ക് ഹിദായത്തുല്ല, എം.അബൂബക്കർ, സദ്ദാം ഹുസൈൻ, ഷഹിൻഷാ (ഇബ്രാഹിം) എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. നേരത്തേ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിലൂടെയാണ് അന്വേഷണ സംഘം കോയമ്പത്തൂർ സംഘത്തിലേക്ക് എത്തിയത്.

മൂന്നു പേർ കൂടി അറസ്റ്റിൽ

കോയമ്പത്തൂർ ∙ നഗരത്തിൽ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള കേസുകളിൽ സിറ്റി പൊലീസ് 3 പേരെ കൂടി അറസ്റ്റ് ചെയ്തു. കോട്ടമേട് വിൻസന്റ് റോഡിൽ മുഹമ്മദ് ഹുസൈൻ(25), ആത്തുപ്പാലം കരുമ്പുക്കടയിൽ ഷെയ്ക്ക് ഷഫിയുല്ല(27) ഉക്കടം അൻപു നഗറിൽ ഷാജഹാൻ(25) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ആറു മണിക്കൂറോളം ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ പൊലീസ് മൂന്നു പേർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

എെഎസ് അനുഭാവികളായ മൂന്നു പേരും സമൂഹ മാധ്യമങ്ങളിലൂടെ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും ശ്രീലങ്കൻ ചാവേർ സഹ്രാൻ ഹാഷിമിനെ പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. ഇവരുടെ വീടുകളിൽ നിന്നു പിടിച്ചെടുത്ത സെൽഫോണുകൾ, സിം കാർഡുകൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്ക്, പെൻ ഡ്രൈവുകൾ, രേഖകൾ, മെമ്മറി കാർഡുകൾ തുടങ്ങിയവ പരിശോധിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

കോയമ്പത്തൂരിൽ നിരോധനാജ്ഞ ഇല്ല

കോയമ്പത്തൂർ∙ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടില്ലെന്നു സിറ്റി പൊലീസ് അറിയിച്ചു. പ്രകടനങ്ങൾ, സമരങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിനും പോസ്റ്റുകൾ പതിക്കുന്നതിനും ചുമരെഴുത്തുകൾക്കും ലഘുലേഖകൾക്കും 26 അർധരാത്രി വരെ നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. മുൻകൂട്ടി അനുമതി നേടിയ ശേഷം യോഗങ്ങളും സമരങ്ങളും നടത്താം. അതേ സമയം, മതപരമായ ചടങ്ങുകൾ, വിവാഹ ഘോഷ യാത്രകൾ, വിലാപയാത്രകൾ, ആചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകൾ, കായിക ഘോഷയാത്രകൾ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ലെന്നു സിറ്റി പൊലീസ് കമ്മിഷണർ സുമിത് ശരൺ അറിയിപ്പിൽ പറയുന്നു.

1998 ലെ സ്ഫോടന പരമ്പരയ്ക്കു ശേഷം തമിഴ്നാട് സിറ്റി പൊലീസ് ആക്ടനുസരിച്ച് നഗരത്തിൽ നിയന്ത്രണ നിയമം ബാധകമാക്കിയിട്ടുണ്ട്. 15 ദിവസം കൂടുമ്പോൾ ഇതു പുതുക്കി ഉത്തരവിറക്കും. ഇപ്പോഴത്തെ നിയന്ത്രണം 12ന് അർധരാത്രി മുതലാണ് ഏർപ്പെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA