ADVERTISEMENT

തിരുവനന്തപുരം∙ മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതിനോടു യോജിക്കാനാകാത്ത സാഹചര്യത്തിൽ കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കാൻ നിർദേശിച്ചതായി മന്ത്രി എ.കെ.ബാലൻ നിയമസഭയിൽ അറിയിച്ചു.

ആ കാർട്ടൂണിന്റെ പ്രമേയത്തോടു വിയോജിപ്പില്ല. പക്ഷേ മതത്തെയും വിശ്വാസത്തെയും അധിക്ഷേപിക്കുന്നുവെന്ന വിമർശനം സർക്കാർ ഗൗരവത്തിലെടുക്കുന്നു– മന്ത്രി വ്യക്തമാക്കി. ആവിഷ്കാരസ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്നതിനോടു യോജിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.

ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ച കെ.കെ.സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാർട്ടൂൺ ക്രൈസ്തവ മതപ്രതീകങ്ങളെ അവഹേളിക്കുന്നതും പ്രകോപനപരവുമാണെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നതെന്നു മന്ത്രി വിശദീകരിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട പ്രമേയത്തെ അധികരിച്ചു രചന നിർവഹിക്കാം. പക്ഷേ ഒരു മതചിഹ്നത്തെ അതിൽ അധിക്ഷേപിച്ചതിനോടു യോജിപ്പില്ല. വ്യത്യസ്ത മതവിഭാഗങ്ങൾ ഒത്തൊരുമയോടെ സമാധാനപരമായി ജിവിക്കുന്ന നാടാണിത്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കാനോ അപകീർത്തിപ്പെടുത്താനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. അത്തരം നീക്കം ഏതു ഭാഗത്തു നിന്നുണ്ടായാലും സർക്കാർ ഒപ്പമുണ്ടാവില്ല. ഈ നിലപാടിനെ സ്വാഗതം ചെയ്ത് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം നൽകിയ കത്ത് മന്ത്രി ബാലൻ സഭയിൽ വായിച്ചു.

ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ അധിക്ഷേപിക്കുന്ന കാർട്ടൂണിനു പുരസ്കാരം നൽകുമ്പോൾ അതിനെ സർക്കാർ അംഗീകരിക്കുന്നു എന്നുകൂടിയുള്ളതു കൊണ്ടാണു പുനഃപരിശോധന ആവശ്യമെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com