ADVERTISEMENT

കാളപൂട്ടും കാളയോട്ടവും മരമടിയും നിയമവിധേയമാക്കണം എന്നായിരുന്നു അനൂപ് ജേക്കബിന്റെ അനൗദ്യോഗിക ബില്ലിന്റെ രത്നച്ചുരുക്കം. കാക്കൂർ കാളവയലിന്റെ നാട്ടിൽ നിന്നു വരുന്ന അദ്ദേഹം ഈ വിഷയത്തിൽ താൽപര്യമെടുത്തതു ന്യായം. എന്നാൽ മന്ത്രി വി.എസ്.സുനിൽകുമാർ അടക്കം എല്ലാവരും ഇതിനായി വാശിപിടിക്കുന്നതിന്റെ പൊരുൾ പിടികിട്ടുന്നില്ല.

കേരളത്തിൽ കാളകളുടെ സൗന്ദര്യമത്സരം പോലും നടത്താൻ കഴിയുന്നില്ലെന്നാണു കെ.ബാബുവിന്റെ പരാതി. ഇതിലൊന്നും മൃഗങ്ങളോട് ഒരു ക്രൂരതയും ഇല്ലെന്നാണു സഭയുടെ ഏകകണ്ഠമായ അഭിപ്രായം. സഭയിൽ കാളകൾക്കു പ്രാതിനിധ്യം ഇല്ലാത്തതു ഭാഗ്യം! അനൂപ് ജേക്കബിന്റെ ബില്ലിന്റെ ഉള്ളടക്കത്തെ വി.എസ്.സുനിൽകുമാർ സർവാത്മനാ സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗിക ബിൽ കൊണ്ടുവരാൻ തീരുമാനിച്ചതു കൊണ്ടു മാത്രമാണ് അദ്ദേഹം ബില്ലിനെ എതിർത്തത്.

ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ വിവാദം സഭയിലുമെത്തി. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മന്ത്രി എ.കെ.ബാലനും ഒരേ വികാരമായതിനാൽ സംഗതി കത്തിക്കയറിയില്ലെന്നു മാത്രം. വിശ്വാസത്തിന്റെ കാര്യത്തിൽ ആരുമായും ഏറ്റുമുട്ടാനില്ലെന്നു ബാലൻ വ്യക്തമാക്കി. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുന്നതു സ്വാഭാവികം.

കെഎസ്ആർടിസി പന്തളം ഓപ്പറേറ്റിങ് സ്റ്റേഷനിൽ പുതിയ കെട്ടിടം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നു മൂന്നു ഘട്ടമായി പണം നൽകിയിട്ടും പണി തുടങ്ങുന്നതിനു ചില ഉദ്യോഗസ്ഥർ പാര വയ്ക്കുന്നുവെന്നാണു ചിറ്റയം ഗോപകുമാർ ആരോപിച്ചത്. അതു പ്രതിപക്ഷത്തിന് ‘ക്ഷ’ ബോധിച്ചു. ഇക്കാര്യത്തിൽ സ്പീക്കർ റൂളിങ് നൽകണമെന്നായി വി.പി.സജീന്ദ്രൻ. മന്ത്രി എ.കെ.ശശീന്ദ്രൻ ഇതോടെ ക്ഷുഭിതനായി. ഉപക്ഷേപത്തിൽ റൂളിങ് നൽകുന്ന കാര്യം താൻ കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചർച്ചയായാലും അനൗദ്യോഗിക ബിൽ ആയാലും ഉദ്ധരണികൾ വിട്ടൊരു കളിയും സജീന്ദ്രനില്ല. ഉച്ചഭാഷിണി വെളിച്ച സംവിധാന തൊഴിലാളി ബിൽ അവതരിപ്പിക്കുമ്പോൾ ഉപനിഷദ് വാക്യം മുതൽ അക്കിത്തത്തിന്റെ കവിത വരെ അദ്ദേഹം ഉദ്ധരിച്ചു. സത്യത്തിൽ സജീന്ദ്രന്റെ ശരീരത്തിന്റെ ഇരുവശത്തും ഉദ്ധരണി ചിഹ്നങ്ങൾ ഫിറ്റ് ചെയ്താൽ ആരും കുറ്റം പറയില്ല.

ഇന്നത്തെ വാചകം

∙ 'തമിഴ്നാട്ടിൽ ജെല്ലിക്കെട്ടു നടത്താം, കോഴിപ്പോരു നടത്താം. കേരളത്തിൽ അതു പറ്റില്ല. തമിഴ്നാട്ടിൽ ഒരു നിയമം, കേരളത്തിൽ മറ്റൊന്ന്.' - ചിറ്റയം ഗോപകുമാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com