ADVERTISEMENT

തലശ്ശേരി ∙ പൊന്ന്യം കുണ്ടുചിറയിലെ പൊട്ടിയൻ സന്തോഷാണു തങ്ങളെ ‘പണി’ ഏൽപിച്ചതെന്ന് സിപിഎം മുൻ നേതാവ് സി.ഒ.ടി.നസീർ വധശ്രമക്കേസിലെ പ്രതികളുടെ മൊഴി. ഒരാൾക്ക് ഒരു പണി കൊടുക്കാനുണ്ടെന്നും കൈകാലുകൾ തല്ലിയൊടിക്കണമെന്നും ഏൽപിച്ചതായാണു മൊഴി.

കഴിഞ്ഞ ദിവസം പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയ കതിരൂർ വേറ്റുമ്മൽ ആണിക്കാംപൊയിൽ കൊയിറ്റി വീട്ടിൽ സി.ശ്രീജിൻ (26), കാവുംഭാഗം ശ്രീലക്ഷ്‌മി ക്വാർട്ടേഴ്‌സിൽ റോഷൻ ആർ.ബാബു (26) എന്നിവരാണ് ചോദ്യംചെയ്യലിൽ ഇക്കാര്യം പൊലീസിനോടു വെളിപ്പെടുത്തിയത്. ഇതുപ്രകാരമാണ് തങ്ങൾ കൊളശ്ശേരിയിൽ എത്തുന്നതെന്നും അവിടെയുള്ള രണ്ടു പേർ തങ്ങളെ കൂട്ടി കടലോര പാർക്ക് ആയ ഓവർബറീസ് ഫോളിയിൽ എത്തി നസീറിനെ ചൂണ്ടിക്കാണിച്ചു തന്നുവെന്നുമാണു മൊഴി. മേയ് 17ന് ആയിരുന്നു അത്. അന്നു കൃത്യം നിർവഹിക്കാൻ സാധിച്ചില്ല. പിറ്റേ ദിവസമാണ് ഒത്തുകിട്ടിയത്. തനിക്കു നസീറിനെ നേരത്തെ അറിയാമെന്ന് റോഷൻ ആർ.ബാബു പൊലീസിനോട് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പും തുടരുകയാണ്.

രണ്ടാം പ്രതി റോഷൻ ആർ.ബാബുവിനെ തെളിവെടുപ്പിനായി എസ്‌ഐ. പി.എസ്. ഹരീഷിന്റെ നേതൃത്വത്തിൽ കർണാടക തമിഴ്‌നാട് അതിർത്തിയിലെ ഹൊസൂരിലേക്കു കൊണ്ടുപോയി. അവിടെയായിരുന്നു ഒളിവിൽ താമസിച്ചിരുന്നത്. അതിനിടെ, നസീറിനെ ആക്രമിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. നസീറും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ ബൈക്ക് കൊണ്ടു തട്ടി വീഴ്‌ത്തുന്നതും എഴുന്നേറ്റ് ഓടിയ നസീറിനെ അക്രമികൾ പിന്തുടർന്ന് അടിച്ചു വീഴ്‌ത്തുന്നതും കാണാം. വീണ്ടും എഴുന്നേറ്റ നസീറിനെ അടിച്ചു വീഴ്‌ത്തി പലതവണയായി ദേഹത്ത് ബൈക്ക് കയറ്റി. 

നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

സി.ഒ.ടി.നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറെടുക്കുന്നു. നസീറിന്റെ മൊഴി മൂന്നു തവണ എടുക്കേണ്ടി വന്നതും മൊഴികളിൽ വൈരുധ്യമുള്ളതുമാണു രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. ക്രിമിനൽ നടപടി ക്രമം 164 വകുപ്പ് അനുസരിച്ച് മജിസ്‌ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ പൊലീസ് പ്രത്യേക അപേക്ഷ നൽകും. നസീർ പൊലീസിനു നൽകിയ മൊഴികൾ സംബന്ധിച്ച ആശയക്കുഴപ്പം അവസാനിപ്പിക്കാനാണു പൊലീസ് ആലോചിക്കുന്നത്.

വധശ്രമത്തിൽ എ.എൻ.ഷംസീർ എംഎൽഎയുടെ പങ്കിനെക്കുറിച്ചു താൻ മൊഴി നൽകിയിരുന്നുവെന്നു നസീർ  വ്യക്‌തമാക്കിയിരുന്നു. എന്നാൽ ജനപ്രതിനിധിയുടെ പേര് നസീർ പറഞ്ഞില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് നിലപാട്. വിവാദമായതിനെ തുടർന്ന്  അന്വേഷണ സംഘം മൂന്നാമതും നസീറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com