അപകടത്തിൽ പരുക്കേറ്റു മരിച്ച യുവതിയുടെ അവയവങ്ങൾ 7 പേർക്ക്

Nibiya
SHARE

കൊച്ചി ∙ പിതാവിനു കൂട്ടായി വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങുമ്പോഴും 7 പേർക്ക് നിബിയ പുതുജീവൻ നൽകി. പെരുമ്പാവൂർ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന ഇടുക്കി വണ്ടൻമേട് ചേറ്റുകുഴി കരിമ്പനയ്ക്കൽ നിബിയ മേരി ജോസഫാണ് (25) ഇന്നലെ മരണത്തിനു കീഴടങ്ങിയത്.

രാവിലെ 7ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണു ബന്ധുക്കൾ അവയവദാനത്തിനു തയാറായത്. ഈ മാസം 10ന് ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നിബിയയുടെ പിതാവ് ജോസഫ് ചാക്കോ സംഭവദിവസംതന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സഹോദരൻ നിധിൻ ചികിത്സയിൽ തുടരുന്നു. ആസ്റ്റർ മെഡ്സിറ്റിയിൽ രാവിലെ 11ന് അവയവദാന ശസ്ത്രക്രിയ ആരംഭിച്ചു.

ഡോ. മാത്യു ജേക്കബ്, ഡോ. ഷെജോയ് പി. ജോഷ്വ, ഡോ. എസ്. റോമൽ, കോട്ടയം മെഡിക്കൽ കോളജിലെ ഡോ. ടി.കെ. ജയകുമാർ എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് 1.45 നു മരണം സ്ഥിരീകരിച്ചു. ജോസഫ് ചാക്കോയെ അടക്കിയ പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളിയിലെ കല്ലറയിൽ ഇന്നു വൈകിട്ട് 4.30ന് നിബിയയുടെയും സംസ്കാരം നടത്തും. നിർമലയാണു നിബിയയുടെ മാതാവ്. നിലീന സഹോദരി.

ചേറ്റുകുഴിയിലെ എവർഗ്രീൻ എന്റർപ്രൈസസ് എന്ന സ്ഥാപന ഉടമയായിരുന്നു ജോസഫ്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ 2 വർഷം നഴ്‌സായി ജോലി ചെയ്ത നിബിയ ഒന്നരവർഷമായി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നു ഷോപ്പിങ്ങിനായി കൊച്ചിയിലേക്കു വരുമ്പോഴായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ടു നിബിയയും പിതാവും സഹോദരനും യാത്ര ചെയ്ത കാറിലും തുടർന്നു സ്കൂൾ ബസിലും ഇടിക്കുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA