ADVERTISEMENT

നാസിക് (മഹാരാഷ്ട്ര) ∙ മൂത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റു മലയാളി ജീവനക്കാരൻ സാജു സാമുവൽ (29)  മരിച്ചു. പുനലൂർ സ്വദേശി കൈലാഷ് ജയൻ, ബ്രാഞ്ച് മാനേജർ ദേശ്പാണ്ഡെ എന്നിവർക്കു പരുക്കേറ്റു. ദക്ഷിണ മുംബൈയിൽ നിന്ന് 110 കിലോമീറ്റർ അകലെ നാസിക് ഉൺഡ്‌വാഡി ശാഖയിലാണു സംഭവം.

മാവേലിക്കര അറുന്നൂറ്റിമംഗലം മുറിവായിക്കര ബ്ലസ‌് വില്ലയിൽ പരേതനായ സാമുവലിന്റെ മകനായ സാജു, മുത്തൂറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു. മുംബൈയിൽ നിന്നു വ്യാഴാഴ്ചയാണ് നാസിക് ശാഖയിൽ കംപ്യൂട്ടർ തകരാർ പരിഹരിക്കാനെത്തിയത്. അപായസൈറൻ മുഴക്കിയ സാജുവിനെ വെടിവച്ചശേഷം ബൈക്കിൽ കടന്ന അക്രമികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിവരം.

മുംബൈയിൽ നിന്നു നാസിക് ശാഖയിൽ ഓഡിറ്റിങ്ങിനെത്തിയതാണു കൈലാഷ്. തലയ്ക്ക് അടിയേറ്റാണു പരുക്ക്. ഏഴു ജീവനക്കാരും ഇടപാടുകാരും അടക്കം പതിനഞ്ചോളം പേർ ശാഖയിൽ ഉണ്ടായിരിക്കെ,  രാവിലെ പതിനൊന്നോടെയാണ് കൊള്ളസംഘം തോക്കുചൂണ്ടി എത്തിയത്. 2 പേർ മുഖം മൂടി ധരിച്ചും മറ്റു രണ്ടു പേർ കൈകൊണ്ടു മുഖം മറച്ച നിലയിലുമായിരുന്നു. സ്വർണവും പണവും എടുക്കുകയാണെന്നും സഹകരിച്ചാൽ ഉപദ്രവിക്കില്ലെന്നും അക്രമികൾ പറഞ്ഞു. ലോക്കറിന്റെ താക്കോൽ ചോദിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ജീവനക്കാർ തടഞ്ഞു. സാജു ഓഫിസിലെ അപായ സൈറൻ മുഴക്കിയതോടെ പുറത്തേക്കോടുന്നതിനിടെയാണ് അക്രമികൾ വെടിവച്ചത്. നെഞ്ചിൽ മൂന്നു വെടിയേറ്റു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള  നടപടി സ്വീകരിക്കുമെന്നും ഉപഭോക്താക്കളുടെ സ്വത്തിനു സംരക്ഷണം ഉറപ്പുവരുത്തുമെന്നും മുത്തൂറ്റ് ഫിനാൻസ് ഹോൾഡിങ് അറിയിച്ചു. മൃതദേഹം ഇന്നു മാവേലിക്കരയിലെ വീട്ടിലെത്തിക്കും. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന സാജു ഒരു വർഷം മുൻപാണ് മുംബൈയിൽ എത്തിയത്. 2017ലായിരുന്നു വിവാഹം. ഭാര്യ മാവേലിക്കര വെട്ടിയാർ സൗത്ത് വലിയപറമ്പിൽ ജെയ്സി. 9 മാസം പ്രായമുള്ള ജെർമി മകനാണ്. പൊന്നമ്മയാണ അമ്മ. സഹോദരൻ: സുജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com