sections
MORE

നവാസ് എവിടെ? കാണാതായ പൊലീസുദ്യോഗസ്ഥനായി തിരച്ചിൽ ശക്തം

ci-vs-navas-1
വി.എസ്. നവാസ്
SHARE

കൊച്ചി / കണ്ണൂർ ∙ മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസിക പീഡനത്തെത്തുടർന്ന് കാണാതായ എറണാകുളം സെൻ‍ട്രൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ് നവാസിനെ 2 ദിവസമായിട്ടും കണ്ടെത്താനാകാതെ പൊലീസ്. 20 അംഗ പൊലീസ് സംഘം സൈബർ ഡോമിന്റെയും മറ്റു വിഭാഗങ്ങളുടെയും സഹായത്തോടെ അന്വേഷണം തുടരുന്നു. കൊല്ലം വരെ എത്തിയതായി തെളിവുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ അതിനു ശേഷം എവിടേക്കു പോയെന്നു വിവരമില്ല.

കഠിനമായ മാനസിക പീഡനമാണു നവാസിനു മേലുദ്യോഗസ്ഥനിൽനിന്നുണ്ടായതെന്ന് ആരോപിച്ച ഭാര്യ ആരിഫ, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ആരോപണവിധേയനായ എസിപിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പീഡനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് പൊലീസ് അസോസിയേഷനു നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള മാനസിക പീഡനമാണു നേരിടുന്നതെന്നും പൊലീസ് ജോലി ഉപേക്ഷിക്കാൻ അനുവദിക്കണമെന്നും പറഞ്ഞ് കണ്ണൂർ എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ കെ. രതീഷ് മേലുദ്യോഗസ്ഥനു കത്തു നൽകി.

കാക്കിയോട് കാക്കിയുടെ ക്രൂരത

‘എറണാകുളം എസിപി കഠിനമായി പീഡിപ്പിച്ചു’

police-ci-navas
വി.എസ്. നവാസ്

വി.എസ്. നവാസിന്റെ ഭാര്യ ആരിഫ നൽകിയ പരാതിയിൽ പറയുന്നത്

എന്റെ ഭർത്താവ് വി.എസ്. നവാസിനെ കാണാതായിരിക്കുകയാണ്. ഇതുസംബന്ധിച്ച പരാതി ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ കൊടുത്തിട്ടുണ്ട്. വ്യാഴാഴ്ച വെളുപ്പിന് 4 മണിക്കു ശേഷം അദ്ദേഹം വീട്ടിൽ വരികയും, എറണാകുളം എസിപി പി.എസ്. സുരേഷ് അദ്ദേഹത്തെ വളരെയധികം വ്യക്തിപരമായും മാനസികമായും വയർലസ് സെറ്റിലൂടെ കഠിനമായി പീഡിപ്പിച്ചിട്ടുള്ള കാര്യം എന്നോടു പറയുകയും ചെയ്തു. അതിന്റെ മാനസിക സമ്മർദം മൂലമാണ് അദ്ദേഹം പോയിട്ടുള്ളത്.

ഇൗ ഉദ്യോഗസ്ഥൻ മുൻപും പലതവണ മാനസികമായി പീഡിപ്പിച്ചിട്ടുള്ളതായി അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ അദ്ദേഹം പോകുന്നതിനു മറ്റൊരു കാരണവും ഉള്ളതായി ഞാൻ കരുതുന്നില്ല. ഇൗ സാഹചര്യം അന്വേഷിച്ച്, എനിക്കും 3 പെൺകുട്ടികൾക്കും പ്രായമായ അമ്മയ്ക്കും നീതി ലഭ്യമാക്കണമെന്നും എന്റെ ഭർത്താവിനെ എത്രയും വേഗം കണ്ടെത്തണമെന്നും വയർലസ് സെറ്റ് രേഖകൾ പരിശോധിച്ച് എസിപിക്കെതിരെ അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.’

‘അസഭ്യം ചേർത്ത് ജാതിപ്പേര് വിളിച്ചു’

Kannur-Police-Rathish
കെ. രതീഷ്

കണ്ണൂർ എആർ ക്യാംപിലെ കെ. രതീഷ് പറഞ്ഞത്

ഒരു വർഷമായി എആർ ക്യാംപിലാണു ജോലി. ജാതിപ്പേരിനൊപ്പം അസഭ്യവും ചേർത്താണു പലപ്പോഴും അഭിസംബോധന ചെയ്തിരുന്നത്. നിസ്സാര കാര്യത്തിനു പോലും ആത്മാഭിമാനം തകർക്കുന്ന വിധത്തിൽ പെരുമാറും. പലപ്പോഴും അവധിയും ഓഫും നിഷേധിച്ചു. മാനസിക പീഡനം സഹിക്കാൻ വയ്യാതെ 3 മാസത്തോളം മെഡിക്കൽ അവധിയിൽ പോയി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊലീസ് അസോസിയേഷനു പോസ്റ്റൽ ബാലറ്റ് കൈമാറാൻ വിസമ്മതിച്ചതോടെ പീഡനം കൂടി. എആർ ക്യാംപിൽ ഡ്യൂട്ടി വീതം വയ്ക്കുമ്പോൾ എളുപ്പമുള്ള ഡ്യൂട്ടി നൽകാമെന്നായിരുന്നു വാഗ്ദാനമെങ്കിലും കടുപ്പമുള്ള ഡ്യൂട്ടികൾക്കു സ്ഥിരമായി നിയോഗിച്ചു.

എആർ ക്യാംപിലെ എസ്ഐ അടക്കമുള്ള 4 പേരാണു നിരന്തരം പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പരാതി നൽകാൻ ചെന്നപ്പോൾ റിസർവ് ഇൻസ്പെക്ടർ ഗംഗാധരൻ പരാതി പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തി.  പൊലീസ് ജോലി ഉപേക്ഷിച്ചു പോയാൽ മറ്റൊരിടത്തും ജോലി ചെയ്തു ജീവിക്കാൻ കഴിയില്ലെന്നു ഭീഷണിപ്പെടുത്തി. രാഷ്ട്രീയം നോക്കിയാണ് എആർ ക്യാംപിൽ പൊലീസുകാരോട് ഇടപെടുന്നത്. പൊലീസ് അസോസിയേഷനെ പരസ്യമായി എതിർക്കുന്ന പല പൊലീസുകാരുടെയും സ്ഥിതി ഇതു തന്നെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA