ADVERTISEMENT

വള്ളികുന്നം (ആലപ്പുഴ) ∙ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് അജാസ് സൗമ്യയെത്തേടി വള്ളികുന്നത്ത് എത്തിയതെന്നാണു പൊലീസ് നിഗമനം. പ്രധാന റോഡിൽനിന്ന് ഉള്ളിലുള്ള സൗമ്യയുടെ വീടു നേരത്തേതന്നെ പ്രതി കണ്ടുവച്ചിരുന്നു. സൗമ്യ ഇന്നലെ പരീക്ഷയ്ക്കു പോകുമെന്നും തിരിച്ചെത്തിയശേഷം ജോലിക്കു പോകുമെന്നും മനസ്സിലാക്കിയാണു പ്രതി കാത്തുനിന്നതെന്നാണു പൊലീസ് കരുതുന്നത്.

പിഎസ്‍സി നടത്തിയ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കു തഴവ എവിഎച്ച്എസിൽ പോയ ശേഷം 4 മണിയോടെയാണു സൗമ്യ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കു പോകാനായി ഇറങ്ങുകയും ചെയ്തു. വീടിനു മുന്നിലെ ടാറിട്ട റോഡിൽ സൗമ്യയെ കാത്ത് അജാസ് കാറിലിരുന്നു. സൗമ്യ സ്കൂട്ടറിൽ ചെറിയ മൺറോഡിലൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയെന്ന‍ു മനസ്സിലാക്കിയ അജാസ് കാർ ഇരപ്പിച്ചു മുന്നോട്ടു മൺ‍റോഡിലൂടെ കയറ്റി സ്കൂട്ടറിൽ ഇടിച്ചു വീഴ്ത്തി.

അജാസ് ആണു കാറിലുള്ളതെന്നു തിരിച്ചറിഞ്ഞ സൗമ്യ രക്ഷപ്പെടാനായി വീടിനോടു ചേർന്നുള്ള കനാലിനു കുറുകെയുള്ള സ്ലാബിലൂടെ, അയൽക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയും കൊടുവാളുമെടുത്തു പിന്തുടർന്ന അജാസ് അയൽവീടിന്റെ മുറ്റത്തുവച്ചു കൊടുവാൾ കൊണ്ടു സൗമ്യയെ വെട്ടി. രക്ഷപ്പെടാൻ മുന്നോട്ടോടിയപ്പോൾ പിന്തുടർന്നു വീണ്ടും കഴുത്തിൽ വെട്ടിവീഴ്ത്തുകയും കത്തി കൊണ്ടു കുത്തുകയും ചെയ്തു.

സൗമ്യ നിലത്തു വീണശേഷം പ്രതി കാറിനടുത്തെത്തി പെട്രോൾ കുപ്പിയും ലൈറ്ററുമെടുത്തു. സൗമ്യയെ ദേഹത്തു പെട്രോൾ ഒഴിച്ചു കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്ന് അജാസിനും പൊള്ളലേറ്റു. പ്രാണവേദനയോടെ ഓടിയ അജാസ് അടുത്തുള്ള പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന്റെ ചുവട്ടിലിരുന്നു. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും തീ പടർന്നുകഴിഞ്ഞിരുന്നു. പൊള്ളലേറ്റ അജാസ‍ിനെ നാട്ടുകാർ തടഞ്ഞുവച്ച്, പൊലീസിൽ വിവരമറിയിച്ചു.

Soumya-Ajas-Death-new
അജാസ്, സൗമ്യ

അജാസിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയ‍ിലെത്തിച്ചു. മൊഴിയെടുക്കാൻ ആശുപത്രിയിൽ മജിസ്ട്രേട്ട് എത്തിയെങ്കിലും അജാസ് സംസാരിച്ചിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം സൗമ്യയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

അച്ചടക്കമില്ല, സൗഹൃദങ്ങളും

ആലുവ∙ മാവേലിക്കര വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാക്കനാട് സൗത്ത് വാഴക്കാല മൂലേപ്പാടം റോഡ് നെയ്തേലിൽ എൻ.എ.അജാസ് ജോലിസ്ഥലത്തും അൽപം ‘തലതിരിഞ്ഞ’ പ്രകൃതക്കാരനെന്ന് പരിചയക്കാർ. 2018 ജൂലൈ ഒന്നിനാണ് ടൗൺ ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. കളമശേരി എആർ ക്യാംപിൽ നിന്നു ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുൻപു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു. ഇവിടെ എത്തിയിട്ട് ഒരു വർഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവർത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചർച്ചകളിലോ പങ്കുചേരാറില്ല.

സേനയിൽ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലന‌കാലത്തു ഗ്രൗണ്ടിൽ ഡ്രിൽ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു. വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനർ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com