ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രിക്കു നരേന്ദ്ര മോദിക്കു ശേഷം ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ആദ്യ അവസരം ലഭിച്ചത് കൊടിക്കുന്നിൽ സുരേഷിന്. പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള മൂന്നംഗ പാനലിൽ കൊടിക്കുന്നിൽ ഉൾപ്പെട്ടതു കൊണ്ടാണ് ഈ അവസരം ലഭിച്ചത്. ബ്രിജ്ഭൂഷൺ ശരൺ സിങ് (ബിജെപി), കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്), ഭർതൃഹരി മഹ്‌താബ് (ബിജെഡി) എന്നിവരാണു പാനലിലുള്ളത്. ഇതിൽ ബ്രിജ്ഭൂഷണെയാണ് ആദ്യം ക്ഷണിച്ചത്. എന്നാൽ അപ്പോൾ അദ്ദേഹം സഭയിൽ എത്തിയിരുന്നില്ല. തുടർന്നാണു കൊടിക്കുന്നിലിന് അവസരം ലഭിച്ചത്. 

കൊടിക്കുന്നിൽ ഹിന്ദിയിൽ; മലയാളം മറക്കരുതെന്ന് സോണിയ

ഹിന്ദിയിൽ കൊടിക്കുന്നിൽ സത്യവാചകം ചൊല്ലിയപ്പോൾ ബിജെപി ബെഞ്ചുകളിൽ നിന്നു വലിയ കയ്യടിയുയർന്നു. സത്യപ്രതിജ്ഞ ചെയ്ത് സോണിയ ഗാന്ധിയുടെ അടുത്തിരുന്ന കൊടിക്കുന്നിലിനോട് എന്തിനാണു മലയാളത്തിൽ പ്രതിജ്ഞ ചൊല്ലാതെ ഹിന്ദിയിൽ ചൊല്ലിയതെന്ന് സോണിയ ചോദിച്ചു. പിന്നീടു തിരിഞ്ഞ് പുറകിലിരുന്ന കേരള എംപിമാരോട് നിങ്ങൾ മലയാളത്തിൽ പ്രതിജ്ഞ എടുക്കണമെന്നും കേരളത്തിന്റെ തനിമ കാത്തു സൂക്ഷിക്കണമെന്നും സോണിയ പറഞ്ഞു. ഹിന്ദിയിൽ പ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിനെ സോണിയ ശാസിച്ചു എന്ന മട്ടിൽ ചാനലുകളിൽ വാർത്ത വരികയും ചെയ്തു. ഏഴാം തവണ എംപിയായ കൊടിക്കുന്നിൽ 5 തവണയും മലയാളത്തിലായിരുന്നു പ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ തവണ ഹിന്ദിയിൽ. 

മലയാളത്തിൽ 4 പേർ; തരൂർ എത്തിയില്ല

രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, വി. കെ. ശ്രീകണ്ഠൻ, എ.എം. ആരിഫ് എന്നിവർ മാത്രമാണു മലയാളത്തിൽ സത്യപ്രതിജ്ഞ എടുത്തത്. കൊടിക്കുന്നിൽ ഒഴിച്ച് ബാക്കിയെല്ലാവരും ഇംഗ്ലിഷിൽ പ്രതിജ്ഞയെടുത്തു. ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണാൻ ഇംഗ്ലണ്ടിലേക്കു പോയ ശശി തരൂർ ആദ്യദിനം പ്രതിജ്ഞയെടുത്തതുമില്ല. രാഹുൽ ഗാന്ധി, ആരിഫ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ദൃഢപ്രതിജ്ഞയെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com