ADVERTISEMENT

കണ്ണൂർ∙ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ വളർന്നു വരുന്ന ക്വട്ടേഷൻ സംഘങ്ങളെ നിലയ്‌ക്കു നിർത്താൻ സിപിഎം തീരുമാനം. നേരത്തേ പാർട്ടി കേസുകളിൽ പ്രതികളാവുകയും പിന്നീട് ക്വട്ടേഷൻ സംഘങ്ങളായി അക്രമങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും പാർട്ടിയെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവർക്കു നേരെയാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. ഇത്തരം സംഘങ്ങൾക്ക് ഒരുതരത്തിലുമുള്ള പാർട്ടി സംരക്ഷണവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം നിർദേശം നൽകി.

കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ഒരു സംഘത്തെ കുറിച്ച് പാർട്ടി സംസ്‌ഥാന നേതൃത്വത്തിനു ലഭിച്ച കത്തിനെ തുടർന്നാണു പ്രശ്‌നം ഗൗരവത്തിലെടുക്കാൻ സിപിഎം തീരുമാനിച്ചത്. കത്തിന്റെ ഉള്ളടക്കം ചർച്ച ചെയ്യാൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ സാന്നിധ്യത്തിലാണു കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി യോഗം ചേർന്നത്.

പാർട്ടിയുടെ തണൽ പറ്റി ഭൂമിക്കച്ചവടത്തിലും ബ്ലേഡ് ഇടപാടുകളിലും ഇടപെട്ട് കമ്മിഷൻ പറ്റുകയും അതിനു വേണ്ടി അക്രമങ്ങൾ നടത്തുകയും ചെയ്യുന്ന സംഘങ്ങളാണ് സിപിഎമ്മിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇവരുടെ ഇടപെടലുകൾ പാർട്ടിയോട് അനുഭാവമുള്ളവരെ അകറ്റുന്നുവെന്നു മാത്രമല്ല കുറ്റം പാർട്ടിയുടെ തലയിലാവുകയും ചെയ്യുന്നു. ഇത്തരം സ്‌ഥിതി വിശേഷം ഇനി ഉണ്ടായിക്കൂടെന്ന കർശന നിർദേശമാണ് ജില്ലാ കമ്മിറ്റി മുന്നോട്ടു വച്ചത്.

ഇത്തരത്തിൽ ആരോപണ വിധേയരായവരെ അംഗത്വ  പരിശോധന വേളയിൽ ഒഴിവാക്കണമെന്ന പാർട്ടി നിർദേശം നിലവിലുണ്ട്. സംസ്‌ഥാന നേതൃത്വത്തിനു കിട്ടിയ പരാതിയിൽ പരാമർശിക്കപ്പെട്ട ആൾ കഴിഞ്ഞ തവണ അംഗത്വം പുതുക്കിയിട്ടില്ല. ഈ വിവരം പാർട്ടിയിൽ അധികമാർക്കും അറിയില്ല. ഈ സംഘത്തിൽപ്പെട്ടവർക്കു പാർട്ടിയുമായി ബന്ധമില്ലെന്ന് 4 ഏരിയാ കമ്മിറ്റികൾക്കു കീഴിൽ റിപ്പോർട്ട് ചെയ്യാനാണു തീരുമാനം. സംഘത്തിനു പിൻബലമുള്ള പ്രദേശങ്ങൾ ഉൾപ്പെട്ട ഏരിയാ കമ്മിറ്റികളാണ് ഇതിൽ ഉൾപ്പെടുന്നത്.

അക്രമ രാഷ്‌ട്രീയം തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി സിപിഎം വിലയിരുത്തിയ സാഹചര്യത്തിൽ ക്വട്ടേഷൻ സംഘങ്ങൾക്കു കടിഞ്ഞാണിടാനുള്ള തീരുമാനത്തിന് ഏറെ പ്രസക്‌തിയുണ്ട്. പാർട്ടിക്കാർ പ്രതികളായി വരുന്ന കേസുകൾ കൂടി വരികയാണ്. സംഭവങ്ങൾ നടന്നു കഴിഞ്ഞാണ് പലപ്പോഴും പാർട്ടി അറിയുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്തം പൂർണമായി പാർട്ടിയുടെ തലയിലാവുകയും ചെയ്യുന്നു. ഇക്കാര്യം പാർട്ടി കമ്മിറ്റികളെ ബോധ്യപ്പെടുത്തണമെന്നും ഇത്തരം അക്രമങ്ങളുടെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കേണ്ടെന്നുമാണു തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com