ADVERTISEMENT

തിരുവനന്തപുരം ∙ പ്രമേഹ രോഗികൾക്കു സർക്കാർ ആശുപത്രികൾ വഴിയുള്ള സൗജന്യ ഇൻസുലിൻ വിതരണം ഭൂരിഭാഗം ആശുപത്രികളിലും മുടങ്ങി. കാരുണ്യയിൽ നിന്ന് ഒന്നര ലക്ഷം യൂണിറ്റ് ഇൻസുലിൻ സംഭരിക്കാൻ കേരള മെ‍ഡിക്കൽ സർവീസസ് കോർപറേഷൻ ശ്രമം ആരംഭിച്ചു. ഈ മാസത്തെ വിതരണത്തിന് ഇത് ഉപയോഗിക്കാനാകുമെന്നാണു പ്രതീക്ഷ. രോഗികൾ പുറത്തുനിന്ന് വാങ്ങിയാൽ ഈ മരുന്നിന് 125 രൂപ കൊടുക്കണം.

കോർപറേഷനിൽ നിന്നു കരാർ നേടിയ മുംബൈയിലെ ശ്രേയ ലൈഫ് സയൻസ് കമ്പനി ഇനിയും ഇൻസുലിൻ എത്തിച്ചിട്ടില്ല. അസംസ്കൃത വസ്തുക്കളുടെ ക്ഷാമംമൂലം ഉൽപാദനം വൈകുന്നുവെന്നാണ് കമ്പനി അറിയിച്ചത്. കരാർ പ്രകാരം ഈ വർഷം 22 ലക്ഷം യൂണിറ്റ് ഇൻസുലിൻ 30/70 കമ്പനി എത്തിക്കണം. പ്രമേഹരോഗികളിൽ ഭൂരിഭാഗവും ഇൻസുലിൻ 30/70 ആണ് ഉപയോഗിക്കുന്നത്. ശ്രേയയെ ഒഴിവാക്കി ദർഘാസിൽ രണ്ടാമതെത്തിയ കമ്പനിയിൽ നിന്ന് ഇൻസുലിൻ വാങ്ങാൻ ആലോചിക്കുന്നുണ്ട്. കരാർ വ്യവസ്ഥ അനുസരിച്ച് ഓർഡർ നൽകുന്നതു മുതൽ 60 ദിവസത്തെ സമയം കമ്പനിക്കു നൽകണം. ഇത്രയും നാൾ കാത്തിരുന്നാൽ വിതരണം പൂർണമായി നിലയ്ക്കും.

കൊല്ലം ജില്ലയിൽ നാലായിരത്തോളം രോഗികളാണ് സൗജന്യ പദ്ധതിയിലുള്ളത്. സൗജന്യ മരുന്ന് കിട്ടാതായതോടെ രോഗികളിൽ പലരും ഉപയോഗം നിർത്തി. ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇൻസുലിൻ വാങ്ങാൻ നിർദേശം നൽകിയതായി ഡിഎംഒ അറിയിച്ചു. 

പത്തനംതിട്ട ജില്ലയിൽ ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകളുടെ വിതരണം മുടങ്ങുന്നുണ്ട്. 

ആലപ്പുഴയിൽ ഇപ്പോൾ ആവശ്യത്തിന് ഇൻസുലിൻ ഉണ്ട്. .

കോട്ടയം ജില്ലയിൽ മേയിൽ വേണ്ടത്ര ഇൻസുലിൻ ലഭിച്ചിരുന്നില്ല. തുടർന്ന് വാർത്തകൾ വരികയും ആരോഗ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും ചെയ്തു. 

ഇടുക്കിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും ഇൻസുലിൻ ലഭ്യമാണ്.  

എറണാകുളത്ത് ജനറൽ ആശുപത്രിയുൾപ്പെടെ ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഇൻസുലിൻ ലഭ്യമാണ്. പറവൂർ താലൂക്ക് ആശുപത്രിയിൽ ക്ഷാമമുണ്ട്. ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പലയിടത്തും ഇൻസുലിൻ ലഭ്യമല്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇൻസുലിൻ വാങ്ങാനായി മിക്കയിടങ്ങളിലും പഞ്ചായത്തുകൾ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ ഇൻസുലിന്റെ കുറവുണ്ടെങ്കിലും പ്രതിസന്ധി ഇല്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും (എച്ച്എംസി) വിവിധ ഫണ്ട് ഉപയോഗിച്ച് ഇൻസുലിൻ വാങ്ങാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.ജെ. റീന പറ‍ഞ്ഞു.

പാലക്കാട് ജില്ലയിൽ അട്ടപ്പാടി, മണ്ണാർക്കാട്, നന്ദിയോട്, കൊല്ലങ്കോട് മേഖലകളിലെ സർക്കാർ ആശുപത്രികളിൽ ക്ഷാമം രൂക്ഷമായുണ്ട്. 

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇൻസുലിൻ ക്ഷാമം ഇല്ല. ആവശ്യമായ ഇൻസുലിന്റെ 10% കാരുണ്യ വഴി വാങ്ങി നൽകിയാണ് മുന്നോട്ടുപോകുന്നത്. കണ്ണൂരിൽ മേയിൽ ചില ആശുപത്രികളിൽ മരുന്ന് ഉണ്ടായിരുന്നില്ല. ജൂൺ 1ന് പുതിയ സ്റ്റോക്ക് എത്തി. വയനാട് ജില്ലയിൽ ഇൻസുലിൻ എല്ലായിടത്തും വിതരണം ഉണ്ട്.

English summary: Government free insulin distribution in a fix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com