ADVERTISEMENT

തിരുവനനന്തപുരം∙ പിളർപ്പൊഴിവാക്കി കേരളകോൺഗ്രസ്(എം) ഒരുമിച്ചു നീങ്ങിയേ തീരൂവെന്നു യുഡിഎഫ് നേതൃത്വം പി.ജെ.ജോസഫിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. മറുവിഭാഗത്തെ നയിക്കുന്ന ജോസ് കെ. മാണിയോടും മുന്നണി നേതൃത്വം സംസാരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധിക്കു ചേരാത്ത സമീപനമാണ് കേരള കോൺഗ്രസിലെ ഇരുവിഭാഗവും സ്വീകരിക്കുന്നതെന്ന വിമർശനത്തിലാണു യുഡിഎഫ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.കെ. മുനീർ എന്നിവരാണു ജോസഫുമായി സംസാരിച്ചത്.

രണ്ടു പാർട്ടിയായി പിളരാനുളള ഗൗരവതരമായതൊന്നും കേരള കോൺഗ്രസിൽ സംഭവിച്ചിട്ടില്ലെന്ന വികാരം അവർ പങ്കുവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ജനങ്ങൾ നൽകിയ പിന്തുണയെ മാനിക്കേണ്ടതുണ്ട്. കേരള കോൺഗ്രസിന്റ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന സമീപനമാണ് ഇതുവരെ എടുത്തത്. പ്രശ്നം എങ്ങനെ തീർക്കണമെന്നു നിർദേശിക്കുന്നില്ല. എന്നാൽ വിട്ടുവീഴ്ചകളിലൂടെ യോജിച്ചു പോയേ പറ്റൂ. മുതിർന്ന നേതാവെന്ന നിലയിൽ ജോസഫ് അതിനു മുൻകൈയെടുക്കണം.

പാലായിലടക്കം ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാർട്ടി രണ്ടായി പിളരുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ലെന്നു മൂന്നു നേതാക്കളും വ്യക്തമാക്കി. മറുവിഭാഗത്തെക്കുറിച്ചുള്ള പരാതികളാണു ചർച്ചയിൽ ജോസഫ് പ്രധാനമായും ഉന്നയിച്ചത്. ചെയർമാനായ കെ.എം.മാണിക്കു തുല്യമായ അധികാരം വർക്കിങ് ചെയർമാനായ തനിക്കുണ്ടെങ്കിലും അതംഗീകരിക്കാൻ മറുവിഭാഗം ഒരിക്കലും തയാറായിട്ടില്ല. ആ വിഭാഗത്തിൽനിന്നു പലരും തനിക്കൊപ്പം ചേരുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചു പാർട്ടിയെ പിളർത്തിയതു ജോസ് കെ. മാണിയാണ്. അദ്ദേഹത്തെ ചെയർമാനാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ജോസഫ് പറഞ്ഞു.

പ്രകോപനങ്ങൾ ഒഴിവാക്കണമെന്ന യുഡിഎഫിന്റെ ആവശ്യം അദ്ദേഹം തള്ളിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെയും സ്പീക്കറുടെയും മുന്നിലേക്കു തർക്കം നീണ്ടാലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതു ഗൗരവത്തിലെടുത്തു. സഭാനേതൃത്വത്തിലെ ചില ഉന്നതരുമായും യുഡിഎഫ് നേതാക്കൾ സംസാരിച്ചിരുന്നു. പ്രശ്നത്തിൽ തുടർന്നും ഇടപെടാൻ സന്നദ്ധമാണെന്നാണ് അവർ അറിയിച്ചിട്ടുള്ളത്. കെ.എം. മാണി യോജിപ്പിച്ച പാർട്ടിയെ രണ്ടാക്കാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി ഇക്കാര്യത്തിൽ നിലപാട് കർശനമാക്കാനാണു യുഡിഎഫ് ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com