ADVERTISEMENT

തിരുവനന്തപുരം∙ പ്രളയാനന്തര കേരള പുനർനിർമാണത്തിനായി പ്രകൃതിസൗഹൃദ അടിസ്ഥാന വികസന രൂപരേഖ മന്ത്രിസഭ അംഗീകരിച്ചിട്ടു മാസം രണ്ടായിട്ടും പദ്ധതികൾ ഇപ്പോഴും കാര്യനിർവഹണത്തിലേക്കു കടന്നിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച നഷ്ടം മിക്കവാറും പേർക്കു നൽകിയെന്ന് അവകാശപ്പെടുമ്പോഴും എത്ര പേർക്ക് എവിടെയൊക്കെ നൽകിയെന്ന കണക്കു പുറത്തുവിട്ടിട്ടില്ല. എല്ലാം സുതാര്യമാകുമെന്നു പറഞ്ഞ സർക്കാർ കേരള പുനർനിർമാണ കാര്യത്തിൽ പുകമറയ്ക്കുള്ളിൽ തന്നെ.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ ലോകബാങ്ക് ഉൾപ്പെടെ ഏജൻസികളുടെ സഹായത്തോടെ രൂപരേഖ നടപ്പാക്കുമെന്നാണു സർക്കാർ പറഞ്ഞത്. ലോക ബാങ്കിന്റെ 1,750 കോടി രൂപ ഒരാഴ്ചയ്ക്കകം എത്തും. ആ പണം എന്തിനൊക്കെ വേണ്ടി ചെലവിടുമെന്നു ജനം അറിയേണ്ടതുണ്ട്. സെക്രട്ടേറിയറ്റിൽ ഉന്നതതല ചർച്ചകൾ ദിവസവുമുണ്ട്. പക്ഷേ സാധാരണക്കാരന്റെ ആവശ്യങ്ങൾ മനസ്സിലാക്കാൻ താഴേത്തട്ടിൽ ചർച്ചകളില്ലെന്നാണ് ആക്ഷേപം.

ആസൂത്രണ ബോർഡിനെയും പൂർണമായി സഹകരിപ്പിച്ചിട്ടില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്താൻ ജിയോളജിക്കൽ സർവേ വിഭാഗം നടത്തിയ പരിശോധനകളുടെ ഫലവും പുറത്തുവിട്ടിട്ടില്ല. പദ്ധതികളും പണവും കൊണ്ടുമാത്രം പുനർനിർമാണം നടക്കില്ല. നയപരിഷ്കരണവും വേണം. ഭൂവിനിയോഗം, മാസ്റ്റർ പ്ലാൻ, ദുരന്തനിവാരണ പദ്ധതികൾ, സമഗ്ര നദീജല മാനേജ്മെന്റ് തുടങ്ങിയവയൊക്കെ ഉൾക്കൊള്ളുന്നതാണു നയരൂപീകരണം.

നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കാനും 2.25 ഹെക്ടറിൽ കൂടുതലുള്ള തണ്ണീർത്തടങ്ങൾ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കാനും രൂപരേഖയിൽ ശുപാർശയുണ്ട്. എന്നാൽ ഇത് ഏതൊക്കെയെന്നു കണ്ടെത്തേണ്ടതുണ്ട്. അതിവേഗ റോഡ് ഇടനാഴി നടപ്പാക്കുമെന്നു പറയുന്നു. എവിടെ, എങ്ങനെ എന്നൊന്നും വ്യക്തതയില്ല. 

രൂപരേഖയിലെ മറ്റു നിർദേശങ്ങളുടെ കാര്യത്തിലും ഇതേ അവ്യക്തതയാണ്:

∙ നദീതട, തണ്ണീർത്തട സംരക്ഷണത്തിന് അതോറിറ്റി 

∙ പരിസ്ഥിതി മേഖലയ്ക്കു പ്രത്യേക നയം

∙ മത്സ്യത്തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കും നൽകുന്ന സഹായത്തിന് ഏകീകരണം 

∙ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭം നേരിടാൻ പ്രത്യേക ഇൻഷുറൻസ്

∙ ഭൂവിനിയോഗ മാപ്പിങ് 

∙ മണ്ണിടിച്ചിൽ സാധ്യതയുള്ള താലൂക്കുകളിലെ നിർമാണ പ്രവർത്തനങ്ങൾ‌ക്കു മാർഗരേഖ

∙അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഡാം ബ്രേക്ക് അനാലിസിസ്

∙ മാലിന്യ സംസ്കരണത്തിനു ശാസ്ത്രീയ പഠനം, പദ്ധതി 

∙ ഉപയോഗം ഒറ്റത്തവണയാക്കി പരിമിതപ്പെടുത്തി പ്ലാസ്റ്റിക്കിനു സമ്പൂർണ നിരോധനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com