ADVERTISEMENT

മൂന്നാർ ∙ രാഷ്ട്രീയ അന്ധതയുടെ കൊലക്കത്തിക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ട അഭിമന്യുവിന്റെ കുഴിമാടം പ്രളയത്തിൽ ഒലിച്ചു പോയെങ്കിലും മനസ്സിൽ നിത്യവസന്തമായ മകന്റെ ഒന്നാം ചരമ വാർഷിക ദിനം പ്രാർഥനയും പൂജകളുമായി ആചരിക്കുകയാണ് കുടുംബം.

ഇടുക്കി ജില്ലയിലെ ഏറ്റവും പിന്നാക്ക ഗ്രാമത്തിൽ നിന്ന് പഠനവും വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനവുമായി കൊച്ചിയിൽ എത്തിയ അഭിമന്യുവിന്റെ മരണത്തിന് ശേഷം കുടുംബത്തെ സിപിഎം ദത്തെടുത്തെങ്കിലും മകന്റെ കൊലയാളി ഇന്നും നിയമത്തിന്റെ കാണാപ്പുറത്ത് തന്നെയാണ് എന്നത് ബന്ധുക്കളെ കുറച്ചൊന്നുമല്ല അലട്ടുന്നത്. മകന്റെ കൊലയാളികളെ കണ്ടെത്തുന്ന കാര്യത്തിൽ പാർട്ടിയിലും സർക്കാരിലും വിശ്വാസം അർപ്പിച്ച് സംഭവം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും കാത്തിരിപ്പിലാണ് അച്ഛൻ മനോഹരനും അമ്മ ഭൂപതിയും സഹോദരങ്ങളും.

എന്നാലും ആ വിഷമം ഇടയ്ക്കിടെ ഇവരുടെ വാക്കുകളിൽ പ്രകടമാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിക്കു മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് രണ്ടാഴ്ച മുൻപ് മനോഹരൻ പറഞ്ഞതും ആ നിരാശയിൽ നിന്നാണ്.

കൊട്ടാക്കമ്പൂരിൽ പാർട്ടി നിർമിച്ചു നൽകിയ വീടിന് അര കിലോമീറ്റർ ദൂരെ പഞ്ചായത്ത് വക പൊതു ശ്മശാനത്തിൽ ആണ് അഭിമന്യുവിന്റെ കുഴിമാടം. മൺകൂനയ്ക്ക് മുകളിൽ സ്ഥാപിച്ച പാർട്ടി കൊടിയും ഫ്ലെക്സും ആയിരുന്നു അഭിമന്യുവിന്റെ കുഴിമാടം തിരിച്ചറിയാനുള്ള അടയാളം. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഉരുൾ പൊട്ടലിലും ഈ കുഴിമാടവും മൺകൂനയും ഒലിച്ച് പോയി. 

ബന്ധുക്കൾ എത്തി വീണ്ടും കൂന കൂട്ടിയ മണ്ണും അവിടെ നാട്ടിയ ചുവന്ന കൊടിയും ആണ് ഈ കുഴിമാടത്തെ ഇപ്പോൾ വേറിട്ടു നിർത്തുന്നത്.

അഭിമന്യുവിന്റെ ഘാതകരെ പിടികൂടാത്തതിൽ രോഷം പ്രകടിപ്പിച്ച് അച്ഛനും അമ്മയും ഈയിടെ പറഞ്ഞ വാക്കുകൾ പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒന്നാം വാർഷികത്തിലും അതെക്കുറിച്ച് സംസാരിക്കുന്നതിന് പാർട്ടിയുടെ വിലക്കും ഇവർക്കുണ്ട്.

English summary: Commemoration of SFI leader Abhimanyu

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com