ADVERTISEMENT

തൊടുപുഴ ∙ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ക്രൂരമർദനത്തിനിരയായി മരിച്ച കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ 4 ദിവസം കസ്റ്റഡിയിൽ വച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി (എസ്പി) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്ഐ കെ.എം. സാബു ക്രൈംബ്രാഞ്ചിനു മൊഴി നൽകി.

സാബുവിന്റെ മൊഴിയിൽ പറയുന്നത് ഇങ്ങനെ: ‘ 2 ദിവസം കൂടി കുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എസ്പി കെ.ബി. വേണുഗോപാൽ നിർദേശം നൽകി, കുമാർ (രാജ് കുമാർ) കസ്റ്റഡിയിലുള്ള വിവരം റേഞ്ച് ഡിഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ്പി പറഞ്ഞു, പരാതിക്കാരുടെ പണം കണ്ടെത്തുന്നതിനാണ് കുമാറിനെ കസ്റ്റഡിയിൽ വച്ചത്, കുമാറിന്റെ ഫോട്ടോ എസ്പി ഉൾപ്പെടെയുള്ളവരുടെ വാട്സാപ്പിൽ കൊടുത്തിരുന്നു.’

കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം തന്നിൽ നിന്നു മറച്ചുവച്ചതായി കഴി‍ഞ്ഞ ദിവസം എസ്പി വേണുഗോപാൽ പറഞ്ഞിരുന്നു.

കസ്റ്റഡി മരണ കേസിൽ ഒരു എഎസ്ഐയും പൊലീസ് ഡ്രൈവറും കൂടി ഉടൻ അറസ്റ്റിലാകും. ഇവർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഒന്നാം പ്രതി എസ്ഐ കെ.എം. സാബു, നാലാം പ്രതി ഡ്രൈവർ സജീവ് ആന്റണി എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഈ 4 പേർ ചേർന്ന് കുമാറിനെ ക്രൂരമായി മർദിച്ചെന്ന് ക്രൈം ബ്രാഞ്ച് പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാബുവിനെയും സജീവിനെയും ദേവികുളം സബ് ജയിലിലേക്കു റിമാൻഡ് ചെയ്തിരിക്കുന്നത്. സജീവിന്റെ ജാമ്യാപേക്ഷ പീരുമേട് മജിസ്ട്രേട്ട് തള്ളി.

2 പൊലീസുകാർക്ക് എതിരെ കേസ്

നെടുങ്കണ്ടം ∙ കുടുംബ പ്രശ്നത്തിന്റെ പേരിൽ കസ്റ്റഡിയിലായ യുവാവിനു നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിൽ കണ്ടാലറിയാവുന്ന 2 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. മർദിച്ച പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടില്ല.

ജൂൺ 15 നാണു മുണ്ടിയെരുമ സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹക്കിമിനു മർദനമേറ്റത്. ഹരിത തട്ടിപ്പു കേസിൽ റിമാൻ‌ഡിൽ ഇരിക്കെ മരിച്ച പ്രതി കുമാർ (രാജ് കുമാർ), ഇതേ സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉള്ളപ്പോഴാണ് ഹക്കിമിനു മർദനമേറ്റത്.

ഹക്കിമിനെ സ്റ്റേഷനിൽ എത്തിച്ചു തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷമാണു തുടർ നടപടികൾ സ്വീകരിക്കുക എന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. മർദിച്ച പൊലീസുകാരുടെ പേര് അറിയില്ലെന്നും കണ്ടാൽ അറിയാമെന്നും ഹക്കീം പറയുന്നു.

English summary: Custody death: Everything reported to SP says SI

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com