കോട്ടയം ∙ ഇൻഷുറൻസ് തട്ടിപ്പുകേസിൽ തടവുകാരൻ എം.ജെ.ജേക്കബിനെ പാർപ്പിക്കുന്നതിനു മുൻപു മാവേലിക്കര സബ് ജയിലിൽ സർക്കിൾ ഇൻസ്പെക്ടർ മറ്റൊരു തടവുകാരനെ സന്ദർശിച്ചത് എന്തിന്?
ജേക്കബിന്റേതു കൊലപാതകമാണെന്നു ഫൊറൻസിക് സർജൻ സൂചന നൽകിയിട്ടും പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ട്? അധികാരികളും കുറ്റവാളികളും കൈകോർത്തു നടത്തിയ അറുംകൊലയാണോ ജേക്കബിന്റേത്? ജയിലിൽ നടത്തിയ ആസൂത്രണം, പൊലീസിന്റെ അവിഹിത ഇടപെടൽ, തെളിവുകൾ നശിപ്പിക്കൽ എന്നിവ സംബന്ധിച്ചു വ്യക്തമായ തെളിവുകളോടെയാണ് എം.ജെ.ജേക്കബിന്റെ കസ്റ്റഡി മരണം സംബന്ധിച്ചു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് റിപ്പോർട്ട് നൽകിയത്.
17 കാര്യങ്ങൾ പൊലീസ് അന്വേഷിച്ചില്ല
∙ ജേക്കബ് സെല്ലിൽ എപ്പോൾ വന്നു, ആരാണു കൊണ്ടുവന്നത്, അപ്പോൾ സെല്ലിൽ ഉണർന്നിരുന്ന തടവുകാർ ആരൊക്കെ, സെല്ലിൽ ജേക്കബ് എവിടെയാണു കിടന്നത്, എവിടെയാണു മരിച്ചുകിടന്നത്, അടുത്തു കിടന്നത് ആര്, മരിച്ചുകിടക്കുന്നതു കണ്ടത് ആര് തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ചില്ല.
സിസിടിവി ഓഫ് ചെയ്തതാണോ?
∙ ജയിലിൽ 5 സിസിടിവി ക്യാമറകളുണ്ട്. ജേക്കബിനെ കൊണ്ടുവന്നതു മാർച്ച് 20നു രാത്രി 9.30നാണ്. അന്നു രാത്രി 11.41 മുതൽ 12.04 വരെയും സിസിടിവി പ്രവർത്തിച്ചില്ല. 21നു പുലർച്ചെ 2.22 മുതൽ വീണ്ടും നിശ്ചലമായി. സിസിടിവി തകരാറാണെന്നു 19നും 21നും കത്തയച്ചിട്ടുണ്ട്. രണ്ടു കത്തിലും ഒരേ കയ്യക്ഷരം കണ്ടതിലും സംശയം. സിസിടിവിക്കു കേടില്ലെന്നു കെൽട്രോൺ കണ്ടെത്തി.
2 തടവുകാരുടെ കയ്യിലെ കടിപ്പാടുകൾ ആരുടെ?
∙ തടവുകാരായ മനു എസ്.നായരുടെയും സുനീഷിന്റെയും കയ്യിലെ വിരലുകളിൽ കടിയുടെ പാട്. തഴമ്പാണെന്നു മനുവും ബീഡി വലിച്ചതു മൂലമാണെന്നു സുനീഷും പറഞ്ഞുവെന്നു റിപ്പോർട്ടിലുണ്ട്. കൂടുതൽ ചോദിച്ചപ്പോൾ ഇരുവരും വിയർത്തു. മെഡിക്കൽ പരിശോധന നടത്തിയപ്പോൾ ആരോ കടിച്ചതാണെന്നു ഡോക്ടർ സ്ഥിരീകരിച്ചു. പിടിവലിയിൽ ജേക്കബ് കടിച്ചതാകാൻ സാധ്യത.
തൂവാല എവിടെ നിന്നു വന്നു?
∙ ജേക്കബിന്റെ പോക്കറ്റിൽ നിന്നു പരിശോധനാ വേളയിൽ തൂവാല താൻ എടുത്തുവെന്നാണ് അസി. പ്രിസൺ ഓഫിസർ സുജിത്തിന്റെ മൊഴി. പ്രവേശനസമയത്ത് ജേക്കബിനെ പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. എന്നാൽ ഇതിൽ തുവാല സുജിത് എടുക്കുന്നതു കാണാനില്ല.
തൂവാല തിരുകിയത് ആര്?
∙ ജേക്കബിന്റെ കീഴ്ത്താടിയിലെ വയ്പുപല്ല് ഇളകിയാണു കിടന്നതെന്നു പൊലീസ് സർജൻ സ്ഥിരീകരിച്ചു. ആരോ തൂവാല ബലമായി തിരുകിയപ്പോൾ പല്ലിളകിയതാകാൻ സാധ്യത.
മനുവിനെ കാണാൻ സിഐ വന്നതെന്തിന്?
∙ ഫെബ്രുവരി ഒന്നിനു ജയിലിൽ എത്തിയ മനുവിനെ 23നു സർക്കിൾ ഇൻസ്പെക്ടർ സന്ദർശിച്ചു. ജേക്കബിന്റെ മരണശേഷവും സന്ദർശിച്ചു. എന്നാൽ രണ്ടാം സന്ദർശനം ജയിൽ റജിസ്റ്ററിൽ ഇല്ല. മനുവും പൊലീസ് ഉദ്യോഗസ്ഥനും നാട്ടുകാരാണ്. അതിനാൽ സന്ദർശിച്ചുവെന്നാണു വിശദീകരണം. പി ന്നീട് മനുവിനെ 11–ാം സെല്ലിലേക്കു മാറ്റി.
English summary: M.J.Jacob custody death in Kottayam