ADVERTISEMENT

നെടുങ്കണ്ടം ∙ കസ്റ്റഡിമരണക്കേസിൽ ആരോപണവിധേയരായ ഇടുക്കി മുൻ എസ്പി കെ.ബി.വേണുഗോപാൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി.   

അന്വേഷണപുരോഗതി വിലയിരുത്താൻ ഇന്നലെ നെടുങ്കണ്ടത്തെ ക്യാംപ് ഹൗസിലെത്തിയ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ അന്വേഷണ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായാണു വിവരം. 

നെടുങ്കണ്ടം മുൻ ഡിവൈഎസ്പി, സ്പെഷൽ ബ്രാഞ്ച് മുൻ ഡിവൈഎസ്പി, നെടുങ്കണ്ടം മുൻ സിഐ എന്നിവരെയും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പിന്റെ അനുമതി തേടുന്നതിനും ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയ കേസിലെ ഒന്നാം പ്രതി നെടുങ്കണ്ടം മുൻ എസ്ഐ കെ.എ.സാബുവിനെ ഐജി ഗോപേഷ് അഗർവാൾ ചോദ്യം ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഐജി നെടുങ്കണ്ടം റെസ്റ്റ് ഹൗസിലെ ക്രൈംബ്രാഞ്ച് ക്യാംപ് ഓഫിസിൽ എത്തുന്നത്. 

കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കേസിലെ ഒന്നാം പ്രതി എസ്ഐ കെ.എ.സാബുവിനെ ഇന്നലെ പീരുമേട് കോടതിയിൽ ഹാജരാക്കി ദേവികുളം സബ് ജയിലിലേക്കു റിമാൻഡ് ചെയ്തു. 

എസ്ഐ കെ.എ.സാബുവിൽ നിന്ന് ഐജി വിവരങ്ങൾ ശേഖരിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണു കോലാഹലമേട് സ്വദേശി കുമാറിനെ (രാജ് കുമാർ) കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നാണു എസ്ഐ ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. കെ.എ.സാബു ആദ്യം നൽകിയ മൊഴി ആവർത്തിക്കുകയും ഉറച്ചുനിൽക്കുകയും ചെയ്ത സാഹചര്യത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുമെന്നതും ഉറപ്പായി. 

ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ ഐജി തൃപ്തി രേഖപ്പെടുത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മാസം 12 മുതൽ 16 വരെ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ മൊഴികൾ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചു. ചില മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നു കണ്ടെത്തിയതോടെ ഇവ വീണ്ടും പരിശോധിക്കാനും പൊലീസുദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാനുമാണു തീരുമാനം. 

കഴിഞ്ഞ ദിവസം അറസ്റ്റിലായ നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ സി.ബി.റെജിമോൻ, ഡ്രൈവർ എസ്.നിയാസ് എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഇരുവരും ദേവികുളം സബ് ജയിലിൽ റിമാൻഡിലാണ്. കേസിൽ ഇതുവരെ 4 പേരാണ് അറസ്റ്റിലായത്. 

കുമാറിന്റെ മരണം: പൊലീസിനു പുറമേ ഉള്ളവരുടെ പങ്കും അന്വേഷിക്കും

തിരുവനന്തപുരം ∙ നെടുങ്കണ്ടത്തെ കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു മറ്റു സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കോ മറ്റാർക്കെങ്കിലുമോ ഉത്തരവാദിത്തമോ വീഴ്ചയോ സംഭവിച്ചിട്ടുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

റിട്ട. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്് കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾക്കു മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ കമ്മിഷനു വൈകാതെ അന്വേഷണം തുടങ്ങാനാകും. പൊലീസുകാർക്കു പുറമേ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്കും കമ്മിഷന് അന്വേഷിക്കാനാകും. കുമാറിന്റെ അറസ്റ്റിന് ഇടയാക്കിയ സംഭവങ്ങളും പരിഗണനാ വിഷയങ്ങളിലുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും അന്വേഷിക്കും.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചും ശുപാർശ സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ടു സാന്ദർഭികമായി ഉയർന്നുവരുന്ന മറ്റു കാര്യങ്ങൾ പരിശോധിക്കാനും കമ്മിഷന് അധികാരം ഉണ്ടെന്നും പരിഗണനാ വിഷയങ്ങളിൽ പറയുന്നു. 

English summary: Nedumkandam custody death: Crime branch inquiry

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com