ADVERTISEMENT

തൊടുപുഴ ∙ എല്ലാറ്റിനും സാക്ഷിയാണ് ഇവിടത്തെ നിറം മങ്ങിയ 4 ചുമരുകൾ.  ഈ ചുമരുകൾക്കു നാവുണ്ടായിരുന്നെങ്കിൽ ഇവിടെ അരങ്ങേറിയെ മൂന്നാംമുറകൾ അക്കമിട്ടു നിരത്തുമായിരുന്നു. നിലത്തു വീണ കണ്ണീർത്തുള്ളികൾ എത്രയെന്ന് എണ്ണിയെണ്ണി പറയുമായിരുന്നു. 

2 സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. 6 പ്ലാസ്റ്റിക് കസേരകൾ. ഇരുമ്പിൽ തീർത്ത കസേര. ഇതിനു പിന്നിൽ തടിയിൽ നിർമിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാർക്കു മാത്രം അറിയാവുന്ന രഹസ്യം. മുറിയുടെ വാതിൽ അടച്ചാൽ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാൽ പോലും ആരും കേൾക്കില്ല. 

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ ക്രൂരമായി മർദിക്കാൻ ഉപയോഗിക്കുന്ന ‘ഇടിമുറി’ ആണിത്. സ്റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. 

ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു. കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മർദിച്ചതും ഇവിടെത്തന്നെ. കഴിഞ്ഞ മാസം 12നാണു കുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഈ മുറിയിലെത്തിച്ച് 14 വരെ തുടർച്ചയായി മർദിച്ചു. 

കുമാറിന്റെ ശരീരത്തിൽ കാന്താരി പ്രയോഗം നടത്തിയും ഈ മുറിയിലാണ്. വേദന കൊണ്ടു കുമാർ മുറിക്കുള്ളിൽ ഛർദിച്ചപ്പോൾ, പൊലീസ് രോഷം തീർത്തതു തൊഴിയിലൂടെയായിരുന്നു. ഛർദിച്ചതു കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും മർദനം തുടർന്നു. കുമാറിന്റെ തുടകളിൽ പൊലീസുകാർ കയറി നിന്നു ചവിട്ടിയതും ലാത്തി ഉപയോഗിച്ചു പൊതിരെ തല്ലിയതും ഇവിടെ വച്ചായിരുന്നു. 

അവശനായി കുഴഞ്ഞുവീണതോടെ കുമാറിനെ ഇടിമുറിയിൽ നിന്നു മാറ്റി രണ്ടാം നിലയിലെ വിശ്രമമുറിയിലെത്തിച്ചു തിരുമ്മുകാരനെ വരുത്തി തിരുമ്മിച്ചു. ഇതിനു ശേഷവും മർദനം തുടർന്നു. ഇരുനില മന്ദിരമാണു നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്. കുമാർ കസ്റ്റഡിമരണക്കേസിൽ അറസ്റ്റിലായ ഒന്നാം പ്രതിയും  നെടുങ്കണ്ടം മുൻ എസ്ഐയുമായ കെ.എ.സാബുവിനെയും മറ്റും തെളിവെടുപ്പിനായി എത്തിച്ചതും ഇതേ മുറിയിലായിരുന്നു. ഏറെ നേരമാണു ക്രൈംബ്രാഞ്ച് സംഘം ഈ മുറിക്കുള്ളിൽ ചെലവഴിച്ചത്.  

English summary: Nedumkandam custody death  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com