ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തി വീഴ്ത്തിയ കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾക്കു സംരക്ഷണം നൽകിയതു സിപിഎം ജില്ലാ നേതൃത്വമെന്നു സൂചന. കേസിലെ പ്രധാന പ്രതികളുടെയും 2 ജില്ലാ നേതാക്കളുടെയും ഫോൺ വിളിയുടെ വിശദാംശം പരിശോധിച്ചാൽ  ഇതു വ്യക്തമാകുമെന്നു പൊലീസ് കരുതുന്നു. 

എന്നാൽ ഉന്നതതല ഇടപെടൽ കാരണം പ്രതികളുടെ ഒളിവു സങ്കേതങ്ങളിൽ തിരച്ചിൽ നടത്താൻ പോലും കഴിയാത്ത ദയനീയ അവസ്ഥയിലാണു പൊലീസ്. ‘കീഴടങ്ങുമ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയാൽ മതി’ എന്നാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനു നൽകിയിരിക്കുന്ന നിർദേശം. 

അതിനാലാണു പ്രതികൾക്കു വേണ്ടി തിരച്ചിൽ പോലും നടത്താതെ മുഖം രക്ഷിക്കാൻ  പൊലീസ് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.  എസ്എഫ്ഐ നേതാവായ അഖിൽ ചന്ദ്രനെ കുത്തിയതിന്റെ തലേദിവസം പോലും കേസിൽ പ്രധാന പ്രതികളായ എ.എൻ.നസീം, പ്രസിഡന്റ് ശിവരഞ്ജിത് എന്നിവരടക്കം ചിലർ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലുണ്ടായിരുന്നു. മാത്രമല്ല, പല ദിവസങ്ങളിലും രാത്രികാലങ്ങളിൽ ഇവർ ഓഫിസിലെ നിത്യ സന്ദർശകരാണെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. 

സംഘട്ടനം നടക്കുമ്പോൾ കോളജ് വിദ്യാർഥിയല്ലാത്ത എസ്എഫ്ഐയുടെ മുൻ ജില്ലാ നേതാവും ഇപ്പോൾ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ വ്യക്തി ക്യാംപസിലുണ്ടായിരുന്നു. ഇയാളുടെ പങ്കും അന്വേഷിക്കണമെന്നു വിദ്യാർഥികൾ ആവശ്യപ്പെട്ടു.

കോളജിലെ അക്രമത്തിനു ശേഷം പ്രതികൾ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പോയതായി സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു.  എന്നാൽ അവിടെ പരിശോധന നടത്താൻ ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല. അതിനാൽ അന്വേഷണ സംഘം മൂന്നാം ദിവസവും പരിശോധനയ്ക്കു ധൈര്യപ്പെട്ടില്ല.

യൂണിവേഴ്സിറ്റി കോളജിൽ സംയുക്ത മുന്നണിക്ക് വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ ഏകാധിപത്യത്തിനു തടയിടാൻ ഇതരവിദ്യാർഥി സംഘടനകളുടെ സംയുക്ത മുന്നണിക്കു ധാരണ.  വരുന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു, എഐഎസ്എഫ്, എഐഡിഎസ്ഒ സംഘടനകൾ ഒരു മുന്നണിയായി മത്സരിച്ചേക്കും. എബിവിപിക്കു പ്രവർത്തകരുണ്ടെങ്കിലും ഇവരുമായി സഹകരിക്കില്ല. സംഘടനകളുടെ ഭാരവാഹികൾ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. മൂന്നു സംഘടനകൾക്കും കോളജിൽ പ്രവർത്തകരുണ്ട്. എസ്എഫ്ഐയിലെ വിമത പക്ഷവും ഇവർക്കൊപ്പം ചേരും. ഭിന്നിച്ചു നിന്നാൽ എസ്എഫ്ഐയെ നേരിടാ നാകില്ലെന്ന ചിന്തയാണ് സംയുക്ത ഫ്ലാറ്റ് ഫോം എന്ന ആശയത്തിനു പിന്നിൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com