ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐക്കാരുടെ കത്തിക്കുത്തിൽ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിൽ ചന്ദ്രന്റെ ഹൃദയത്തിനും പരുക്ക്. വാർഡിലേക്കു മാറ്റിയാൽ അണുബാധയ്ക്കു സാധ്യതയുള്ളതിനാൽ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. 

നേരത്തേ ഇസിജിയിൽ വ്യതിയാനം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നില തൃപ്തികരമാണ്. വിദഗ്ധ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാർഡിലേക്കു മാറ്റുന്ന കാര്യം പരിഗണിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമദ് പറഞ്ഞു. 

കുത്തിയത് ഒന്നാം പ്രതിയും കോളജിലെ പിരിച്ചുവിട്ട എസ്എഫ്ഐ യൂണിറ്റിന്റെ പ്രസിഡന്റുമായ ആർ. ശിവരഞ്ജിത് ആണെന്നതിന് ഇയാളുടെ കയ്യിലെ മുറിവും തെളിവാകുന്നു. അഖിലിനെ ആക്രമിച്ചതായി എ.എൻ. നസീം ഉൾപ്പെടെ മറ്റു പ്രതികൾ സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിനു ശേഷം ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കൈകളിൽ രക്തക്കറ കണ്ടതായി ആദിൽ, ആരോമൽ എന്നീ പ്രതികൾ മൊഴി നൽകി. നസീം പിടിച്ചുനിർത്തിയെന്നും ശിവരഞ്ജിത് കുത്തിയെന്നും അഖിൽ ഡോക്ടർമാർക്കു നൽകിയ മൊഴി സ്ഥിരീകരിക്കുന്ന തെളിവുകളാണു ലഭിച്ചിരിക്കുന്നത്. 

ശിവരഞ്ജിത്, നസീം, അദ്വൈത്, ആദിൽ, ആരോമൽ, ഇജാബ് എന്നിവരെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന കോളജിൽ ഇന്നും നാളെയും കൂടി ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 

ഇടിമുറി ഇനി ക്ലാസ്മുറി

എസ്എഫ്ഐ യൂണിറ്റ് ഓഫിസായി പ്രവർത്തിച്ചിരുന്ന മുറി ഒഴിപ്പിച്ച് ക്ലാസ് നടത്താനായി വിട്ടുകൊടുക്കാൻ കോളജ് കൗൺസിൽ തീരുമാനിച്ചു. കോളജ് യൂണിയനു നൽകിയ മുറിയാണ് എസ്എഫ്ഐ ഓഫിസാക്കി മാറ്റിയിരുന്നത്. ഇവിടെ ആയുധശേഖരമുണ്ടെന്നും ‘ഇടിമുറി’യായി ഉപയോഗിക്കുകയാണെന്നും പരാതി ഉയർന്നിരുന്നു. പൊലീസ് പരിശോധനയിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും കത്തികളും കണ്ടെടുത്തിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com