ADVERTISEMENT

മലപ്പുറം ∙ യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതി ആർ. ശിവരഞ്ജിത്തിനു ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ കേരള സർവകലാശാലയുടെ കൈവിട്ട സഹായം. അന്തർസർവകലാശാലാ ആർച്ചറി മത്സരത്തിൽ പങ്കെടുക്കാൻ നിശ്ചിത യോഗ്യതാ മാർക്ക് (ക്വാളിഫയിങ് പോയിന്റ്) പിന്നിടണമെന്ന നിബന്ധനയിൽനിന്നു കഴിഞ്ഞ 2 വർഷവും ശിവരഞ്ജിത്തിന് കേരള സർവകലാശാല ഇളവു നൽകി. 2017ൽ യോഗ്യതാ നിബന്ധനകൾ പൂർണമായി ഒഴിവാക്കി; കഴിഞ്ഞവർഷം യോഗ്യതാ മാർക്ക് പകുതിയായി വെട്ടിക്കുറച്ചു.

കഴിഞ്ഞവർഷം 161 പേർ പങ്കെടുത്ത അന്തർസർവകലാശാലാ ആർച്ചറി കോംപൗണ്ട് ഇനത്തിൽ ശിവരഞ്ജിത്തിനു ലഭിച്ചത് 158 ാം സ്ഥാനം മാത്രം. എന്നാൽ ഈ മത്സര പങ്കാളിത്തത്തിന്റെ ബലത്തിൽ പിഎസ്‌സിയുടെ പൊലീസ് റാങ്ക് പട്ടികയിൽ ഗ്രേസ് മാർക്ക് ലഭിച്ചു.

കേരളത്തിലെ സർവകലാശാലകൾ  ഓരോ ഇനത്തിനും അന്തർസർവകലാശാലാ യോഗ്യതാ മാർക്ക് നിശ്ചയിക്കാറുണ്ട്. ഇന്റർ കൊളീജിയറ്റ് തല വിജയികൾക്ക് ഈ യോഗ്യത നേടിയാലേ അന്തർ സർവകലാശാലാതലത്തിൽ പങ്കെടുക്കാനാകൂ. ആർച്ചറി കോംപൗണ്ട് ഇനത്തിൽ 600 പോയിന്റിനു മുകളിൽ നേടുന്നവരെയാണു കാലിക്കറ്റ്, എംജി സർവകലാശാലകൾ മുൻ വർ‌ഷങ്ങളിൽ മത്സരത്തിനയച്ചത്. എന്നാൽ 2017ൽ കേരള സർവകലാശാല യോഗ്യതാ മാർക്ക് വേണ്ടെന്നുവച്ചു. ആകെ 4 പേർ പങ്കെടുത്ത മത്സരത്തിൽ രണ്ടാമനായ ശിവരഞ്ജിത്തിന് അനായാസം യോഗ്യതയും ലഭിച്ചു. 

കഴിഞ്ഞവർഷം യോഗ്യതാ മാർക്ക് 400 പോയിന്റ് ആയി നിശ്ചയിച്ചെങ്കിലും പിന്നീട് 200 ആക്കി ചുരുക്കി. 203 പോയിന്റ് മാത്രം നേടിയ ശിവരഞ്ജിത്ത് അങ്ങനെ വീണ്ടും അന്തർസർവകലാശാലാ മത്സരത്തിനു യോഗ്യത നേടി.

ഇതേതു താരം: ആർച്ചറി  അസോസിയേഷൻ

ശിവരഞ്ജിത്ത് അംഗീകൃത ആർച്ചറി താരമല്ലെന്നും ഇതുവരെ ഒരു ജില്ലാ മത്സരത്തിൽ പോലും പങ്കെടുത്തിട്ടില്ലെന്നും സംസ്ഥാന ആർച്ചറി അസോസിയേഷൻ. പിഎസ്‍സി പരീക്ഷയിൽ സ്പോർട്സ് ക്വോട്ട ഗ്രേസ് മാർക്ക് ലക്ഷ്യമിട്ടാണ് പ്രചാരം കുറഞ്ഞ ആർച്ചറി മത്സരയിനമാക്കിയതെന്നും ആക്ഷേപമുണ്ട്. അതിൽ തന്നെ മത്സരാർഥികൾ ഏറ്റവും കുറവുള്ള ഇനമാണു കോംപൗണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com