ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാക്കൾ പിഎസ്‌സിയുടെ സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയതിനു പിന്നിൽ പരീക്ഷാ കേന്ദ്രത്തിലെ ക്രമക്കേടെന്നു സംശയം. ഗ്രേസ് മാർക്കിന് ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത് ഹാജരാക്കിയ സ്പോർട്സ് സർട്ടിഫിക്കറ്റുകളിൽ ഒന്നു വ്യാജമാണെന്നും സംശയമുണ്ട്. റാങ്ക് പട്ടികയുടെ കട്ട് ഓഫ് മാർക്ക് 29.67 ആയിരിക്കെ ഒന്നാം റാങ്ക് നേടിയ ആർ.ശിവരഞ്ജിത്തിനു  78.33 മാർക്ക് ലഭിച്ചതും മറ്റ് ഉദ്യോഗാർഥികളെ അത്ഭുതപ്പെടുത്തുന്നു.

പിഎസ്‌സി അധികൃതർ വിശദ പരിശോധന നടത്തിയെങ്കിലും പിഎസ്‌സി ഓഫിസ് കേന്ദ്രീകരിച്ചു ക്രമക്കേട് നടക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. ആരോപണ വിധേയരായ മൂന്നു പേരും ചിറയിൻകീഴ് താലൂക്കിലെ പരീക്ഷാ കേന്ദ്രങ്ങളാണ് ആവശ്യപ്പെട്ടത്. ശിവരഞ്ജിത്തിനും രണ്ടാം റാങ്ക് ലഭിച്ച പി.പി. പ്രണവിനും ആറ്റിങ്ങലിലെ രണ്ടു കേന്ദ്രങ്ങൾ ലഭിച്ചു. മൂന്നാമനായ നസീമിനു  തിരുവനന്തപുരത്താണു കേന്ദ്രം ലഭിച്ചത്. ഇയാളുടെ റാങ്ക് 28.

പരീക്ഷാകേന്ദ്രത്തിൽ ക്രമക്കേട് നടക്കണമെങ്കിൽ പരീക്ഷാ മേൽനോട്ടം വഹിക്കുന്നയാളും കേന്ദ്രത്തിന്റെ മേധാവിയും സഹായിക്കണം. പരീക്ഷ തുടങ്ങുന്നതിനു രണ്ടു മണിക്കൂറെങ്കിലും നേരത്തേ ചോദ്യക്കടലാസ് പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കാറുണ്ട്. ഇത് ഉദ്യോഗാർഥികളുടെ മുന്നിൽ വച്ചാണ് പൊട്ടിക്കേണ്ടതെങ്കിലും അതിനു മുൻപു ചോർന്നോയെന്നു സംശയമുണ്ട്. 

ആൾമാറാട്ടം നടത്തി മറ്റാരെങ്കിലും പരീക്ഷ എഴുതിയതാണോയെന്നും അന്വേഷിച്ചാലേ വ്യക്തമാകൂ. പരീക്ഷാ ക്രമക്കേട് മറ്റ് ഉദ്യോഗാർഥികളുടെ ശ്രദ്ധയിൽപ്പെട്ടാൽ അവർ പ്രതിഷേധിക്കാറുണ്ട്. എന്നാൽ ഇവിടെ അത്തരമൊരു പ്രതിഷേധം ഉണ്ടാകാത്തതു ദുരൂഹമാണ്. ഏഴു ബറ്റാലിയനുകളിലെ ഒന്നാം റാങ്കുകാരുടെ മാർക്കും ശ്രദ്ധിക്കേണ്ടതാണ്.

കാസർകോട് ബറ്റാലിയനിലെ ശിവരഞ്ജിത്തിന് 78.33 മാർക്ക്. തിരുവനന്തപുരം ബറ്റാലിയനിൽ 73.67, പത്തനംതിട്ട 73.67, ഇടുക്കി 72.67, എറണാകുളം 74.33, മലപ്പുറം 75.67, തൃശൂർ 73. പ്രയാസമുള്ള ചോദ്യങ്ങൾ ആയതിനാൽ കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതിനു കട്ട് ഓഫ് മാർക്ക്  29.67 ആയി കുറച്ചെന്ന ആരോപണം പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ നിഷേധിച്ചു. സാധാരണ കട്ട് ഓഫ് മാർക്ക് ഇത്രയും താഴ്ത്താറില്ല. കായിക പരീക്ഷയിൽ ഒട്ടേറെപ്പേർ തോൽക്കുന്ന സാഹചര്യത്തിലാണ് കട്ട് ഓഫ് മാർക്ക് ഇത്രയും താഴ്ത്തിയതെന്നു ചെയർമാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com