ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം ജില്ലാ നേതൃത്വത്തിന്റെ തിരക്കഥയ്ക്കനുസരിച്ചു സിറ്റി പൊലീസ് നാടകം കളിച്ചപ്പോൾ, വിദ്യാർഥിയെ കുത്തി വീഴ്ത്തിയ പ്രതികൾ പാർട്ടി പറഞ്ഞ സമയത്തു തന്നെ കീഴടങ്ങി. പിന്നീടു പ്രഹസനമായി സ്റ്റുഡന്റ്സ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും അർധരാത്രി റെയ്ഡും. വിവരം മുൻകൂട്ടി അറിഞ്ഞ, വാറന്റ് പ്രതികളായ 8 പേർ ഹോസ്റ്റലിൽ നിന്നു മുങ്ങിയതായും പൊലീസിനു വിവരം ലഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണു യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ അഖിൽ ചന്ദ്രനെ എസ്എഫ്ഐ നേതാക്കൾ നെഞ്ചിൽ കുത്തി വീഴ്ത്തിയത്. അന്നു കോളജിനു പുറത്തു ഡിസിപി: ആർ.ആദിത്യയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമുണ്ടായിരുന്നു. എന്നാൽ കോളജിൽ കയറി പ്രതികളെ കസ്റ്റ‍ഡിയിലെടുക്കാനോ യൂണിയൻ ഓഫിസ് പരിശോധിക്കാനോ പൊലീസ് തയാറായില്ല. പുറത്തു പ്രതിഷേധം നടക്കുമ്പോൾ അകത്തു പ്രതികൾ സുരക്ഷിതരായിരുന്നു. 

പ്രതികൾ സിപിഎം ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടതോടെ സിറ്റി പൊലീസിന്റെ കൈകളിൽ വിലങ്ങു വീണു.  പ്രതികൾ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും തമ്പടിക്കുന്നതായി വിവരം ലഭിച്ചിട്ടും നടപടിയെടുക്കാൻ ക‌ഴിയാത്ത അവസ്ഥയിലായി പൊലീസ്.

അടുത്ത ദിവസവും പ്രതികളുടെ വീട്ടിൽ തിരച്ചിലിനു പൊലീസ് തയാറായില്ല. പ്രതികൾ മൊബൈൽ ഫോണിൽ പാർട്ടി നേതാക്കളുമായി ബന്ധപ്പെടുകയും മാധ്യമങ്ങളിൽ ഇവർക്കെതിരെ പ്രതികരിച്ചവരെ ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ല. പ്രതികളിൽ ഒരാൾ സെക്രട്ടേറിയറ്റിനു മുന്നിലൂടെ ബൈക്കിൽ പോയ കാര്യം വിളിച്ചറിയിച്ചപ്പോൾ കേട്ടതായി നടിച്ചില്ല. ഇതെല്ലാം വിവാദമായതോടെ ഞായറാഴ്ച്ച രാവിലെ എഫ്ഐആറിൽ പ്രതി ചേർക്കാത്ത വ്യക്തിയെ റോഡിൽ നിന്നു പിടികൂടുകയായിരുന്നു. 

പാർട്ടി നിർദേശ പ്രകാരം 3 പേർ കീഴടങ്ങി. പ്രതികൾക്കായി ഒരു തിരച്ചിലും നടത്താതെ 8 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഞായറാഴ്ചയായതിനാൽ കീഴടങ്ങാൻ പറ്റില്ലെന്നും തിങ്കളാഴ്ച കീഴടങ്ങാമെന്നുമാണു മുഖ്യ പ്രതികൾ പറഞ്ഞത്. അതനുസരിച്ചു 2 പേർ ഇന്നലെ പുലർച്ചെ കേശവദാസപുരത്തു പൊലീസിനെ കാത്തു നിന്നു.

അതിനിടെ, നാണക്കേട് ഒഴിവാക്കാൻ മുഖ്യ പ്രതികളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. രാത്രി റെയ്ഡ് നടക്കുന്ന കാര്യം എസ്എഫ്ഐക്കാരായ പ്രതികളെ കന്റോൺമെന്റ് സ്റ്റേഷനിലെ ചിലർ ഫോണിലൂടെ അറിയിച്ചതോടെ സ്റ്റുഡന്റ്സ് സെന്ററും ഹോസ്റ്റലും വൃത്തിയാക്കി വിദ്യാർഥികൾ പൊലീസിനെ കാത്തുനിന്നു. റെയ്ഡിനു മുൻപേ ഹോസ്റ്റലിൽ മാസങ്ങളായി തമ്പടിച്ചിരുന്ന വാറന്റുള്ള 8 പ്രതികൾ മുങ്ങി. ഇതെല്ലാം വാർത്തയാകുന്നത് ഒഴിവാക്കാൻ മാധ്യമ പ്രവർത്തകരെ ഡിസിപി ഗേറ്റിൽ തടയുകയായിരുന്നു. 

ഈ കേസ് അന്വേഷണത്തോടെ ഒന്നു വ്യക്തമായി. നഗരത്തിൽ ക്രമസമാധാന ചുമതലയുള്ള ഐപിഎസുകാരും കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരും അടുത്ത രണ്ടു വർഷത്തേക്ക് സ്വന്തം കസേര ഉറപ്പിച്ചു. പാർട്ടിക്കു വിധേയരായാൽ എസ്പി ചൈത്ര തെരേസ ജോണിന്റെ ഗതി ഉണ്ടാകില്ലെന്ന സന്ദേശവും ലഭിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഡിവൈഎഫ്ഐ നേതാവിനെ പിടിക്കാൻ പോയി കസേര പോയ ഉദ്യോഗസ്ഥയാണ് ചൈത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com