ADVERTISEMENT

കണ്ണൂർ∙ കൺവൻഷൻ സെന്ററിന് ആന്തൂർ നഗരസഭയിൽ നിന്ന് അനുമതി വൈകിയതിലെ വിഷമമാണു പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്. ആരെയെങ്കിലും പ്രതിചേർക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

മറ്റു പല കാരണങ്ങളുമുള്ളതായി അന്വേഷണ സംഘത്തെ ഉദ്ധരിച്ചു സിപിഎം മുഖപത്രത്തിൽ വന്ന വാർത്ത ഡിവൈഎസ്പി നിഷേധിച്ചു. ആ വാർത്തയെക്കുറിച്ച് അറിയില്ല. അത് അന്വേഷണവുമായി ബന്ധമുള്ള വാർത്തയല്ല. മറ്റാരെങ്കിലും നൽകിയതായിരിക്കാമെന്നും ഡിവൈഎസ്പി പറഞ്ഞു. കുടുംബപ്രശ്നമാണു സാജന്റെ മരണത്തിനു കാരണമെന്ന തരത്തിൽ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണു ഡിവൈഎസ്പിയുടെ പ്രതികരണം.

വെളിപ്പെടുത്തലിനു പിന്നിൽ പൊലീസിലെ ഭിന്നതയും സിബിഐ പേടിയും

കണ്ണൂർ∙ ആന്തൂർ വിഷയത്തിൽ പൊലീസിനെ കൂട്ടുപിടിച്ച് ഇതുവരെ നടന്ന പ്രചാരണങ്ങളെ അന്വേഷണോദ്യോഗസ്ഥൻ പരസ്യമായി തള്ളിപ്പറഞ്ഞതു പൊലീസിലെ തന്നെ സമാന്തര അന്വേഷണത്തോടുള്ള എതിർപ്പു മൂലമെന്നു സൂചന. അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് ജില്ലാ പൊലീസ് മേധാവിയെ നേരിട്ടു കണ്ട് അതൃപ്തി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ്, ആന്തൂരിലെ കൺവൻഷൻ സെന്ററിന് അനുമതി വൈകിയതിലെ മനോവിഷമമാണു  പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണം എന്ന് അന്വേഷണോദ്യോഗസ്ഥൻ പരസ്യമായി പ്രഖ്യാപിച്ചത്. 

ആന്തൂർ വിഷയത്തിൽ കണ്ണൂരിലെ സിപിഎമ്മിൽ രൂപപ്പെട്ട ഭിന്നത പൊലീസിലേക്കും പടരുന്നുവെന്നും സൂചനയുണ്ട്. കേസന്വേഷിക്കുന്നതു നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണെങ്കിലും സിപിഎമ്മിന്റെ ഇഷ്ടക്കാരനായ മറ്റൊരു ഡിവൈഎസ്പി അന്വേഷണത്തെ തുടക്കം മുതൽ ഹൈജാക്ക് ചെയ്തിരുന്നതായി ആക്ഷേപമുണ്ട്. അന്വേഷണ റിപ്പോർട്ട് എങ്ങനെയായിരിക്കുമെന്ന തരത്തിൽ മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു.

സാജന്റെ ആത്മഹത്യയ്ക്കു പിന്നിൽ കുടുംബപ്രശ്നമാണെന്നു  സിപിഎം മുഖപത്രം വാ‍ർത്ത നൽകിയതു പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിന്റെ അറിവോടെയാണ്. സമാന്തര അന്വേഷണത്തിന്റെ ചുവടുപിടിച്ചായിരുന്നു ഈ പ്രചാരണം. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ എന്ന നിലയ്ക്ക് ഈ ഘട്ടത്തിൽ പ്രചാരണങ്ങളുണ്ടാകുന്നതു കോടതിയിൽ നിന്നു വിമർശനത്തിനിടയാക്കുമെന്ന ആശങ്കയും പ്രചാരണങ്ങളെ തള്ളിപ്പറയാൻ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. സാജന്റെ ആത്മഹത്യയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതു കൺവൻഷൻ സെന്റർ അനുമതിയുമായി ബന്ധപ്പെട്ട വിഷയം ആധാരമാക്കിയാണ്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com