ADVERTISEMENT

കോട്ടയം ∙ താഴ്ന്ന ജാതിക്കാരനായ കെവിൻ പി. ജോസഫ് നീനുവിനെ വിവാഹം ചെയ്തതു വഴി കുടുംബത്തിന് ‘അപമാനം’ വന്നതിലെ വിരോധം മൂലമാണു സാനു ചാക്കോയുടെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നു പ്രോസിക്യൂഷൻ. 

സാനു ചാക്കോയുടെ ബന്ധു കൂടിയായ രണ്ടാം പ്രതി നിയാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നു സംഭവദിവസം കെവിൻ ഫോണിൽ നീനുവിനോടു പറഞ്ഞതു മരണ മൊഴിയായി കണക്കാക്കണമെന്നും പ്രോസിക്യൂഷൻ അന്തിമവാദത്തിൽ ആവശ്യപ്പെട്ടു. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിനായി പുനലൂരിൽ നിന്നു പുറപ്പെടുമ്പോഴാണു നിയാസ് കെവിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. 

അന്നു രാത്രി ഒരുമണി വരെ പരസ്പരം ഫോണിൽ സംസാരിച്ച കെവിൻ നീനുവിനോട് ഇക്കാര്യം പറഞ്ഞു. അതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ കെവിൻ കൊല്ലപ്പെട്ടു. അതിനാൽ ഇതു കെവിന്റെ മരണമൊഴിയായി കണക്കാക്കണം.

അതേ സമയം, നീനുവിന്റെ പിതാവ് ചാക്കോ ജോണിനു ഗൂഢാലോചനയിൽ പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി സംശയം പ്രകടിപ്പിച്ചു. കൃത്യം നടന്ന സ്ഥലത്തും ഗൂഢാലോചന നടത്തിയ സ്ഥലത്തും ചാക്കോ ജോണിന്റെ സാന്നിധ്യം ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വീട്ടിലിരുന്നു ചാക്കോ കൃത്യത്തിനു നേതൃത്വം നൽകിയെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു.

ഗൾഫിൽ നിന്നു വരുന്നതിനു മുൻപ് സാനു ചാക്കോ മൊബൈലിൽ ‘അവൻ (കെവിൻ) തീർന്നു’ എന്ന സന്ദേശം അയച്ചിട്ടുണ്ട്. മാത്രമല്ല സാനുവും ചാക്കോയും 21 വട്ടം പരസ്പരം വിളിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ കാറിലുള്ള 12–ാം പ്രതി ഷാനു ഷാജഹാന്റെ മൊബൈലിലേക്കു ചാക്കോ വിളിച്ചതും പങ്കു വ്യക്തമാക്കുന്നു. 

കെവിന്റെ വാസം സംബന്ധിച്ച് റിപ്പോർട്ടുകളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി. മാസങ്ങളായി കെവിൻ ബന്ധു അനീഷിന്റെ വീട്ടിലാണു താമസിക്കുന്നതെന്നാണു പ്രോസിക്യൂഷൻ വാദം.

എന്നാൽ ഗാന്ധി നഗർ എസ്ഐ തയാറാക്കിയ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടിൽ 2 ദിവസം മുൻപാണു കെവിൻ അനീഷിന്റെ വീട്ടിലെത്തിയതെന്നു പറയുന്നു. ഇതേ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിലെ വീഴ്ചയുടെ അച്ചടക്കനടപടി എടുത്തുവെന്നു പ്രോസിക്യൂഷൻ വാദിച്ചു.

സാനു ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ ആസൂത്രണം, ഗൂഢാലോചന, കൃത്യനിർവഹണം എന്നിവ സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു പ്രോസിക്യൂഷൻ വാദം. 

ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളാണു പ്രധാനമെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ സാഹചര്യത്തെത്തെളിവുകൾ ഇവയാണ്:

∙ സാനു ചാക്കോ ഗൾഫിൽ ഇരുന്നു ആസൂത്രണം ചെയ്തു.

∙ തട്ടിക്കൊണ്ടുപോയി വില പേശൽ നടത്തി നീനുവിനെ വീണ്ടെടുക്കാനാണു തെന്മലയിലേക്കു പോയത്.

‌∙ 3 കാറുകൾക്കു സാനുവിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് ഇന്ധനം നിറച്ചു.

∙ സാനുവും 12 പേരും കോട്ടയം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ വന്നതിന്റെ തെളിവുകളുണ്ട്. ലോഡ്ജ് മാനേജർ, തട്ടുകടക്കാരൻ എന്നിവർ ഇവരെ തിരിച്ചറിഞ്ഞു.

∙ പ്രതികൾ തെന്മല കല്ലാറിൽ ഒരുമിച്ചതിനും 3 കാറുകൾ മടങ്ങുന്നതിനും തെളിവുകളുണ്ട്.

‌∙ ഗാന്ധിനഗർ എഎസ്ഐ ടി.എം.ബിജുവിനോടു നീനുവിനെ തന്നാൽ അനീഷിനെ വിടാമെന്നു സാനു പറഞ്ഞതിനു രേഖകളുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com